Tuesday, September 1, 2026
Home » നരേന്ദ്ര മോദി മസൂദ് പെസെഷ്കിയനുമായി കൂടിക്കാഴ്ച നടത്തി; ബ്രിക്സ് ഉച്ചകോടിയിലേക്ക് ഇറാന് ക്ഷണം.
നരേന്ദ്ര മോദി മസൂദ് പെസെഷ്കിയനുമായി കൂടിക്കാഴ്ച നടത്തി; ബ്രിക്സ് ഉച്ചകോടിയിലേക്ക് ഇറാന് ക്ഷണം.

നരേന്ദ്ര മോദി മസൂദ് പെസെഷ്കിയനുമായി കൂടിക്കാഴ്ച നടത്തി; ബ്രിക്സ് ഉച്ചകോടിയിലേക്ക് ഇറാന് ക്ഷണം.

by Editor

ബിഷ്കെക്ക്: കിർഗിസ്ഥാനിലെ ബിഷ്കെക്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയനുമായി കൂടിക്കാഴ്ച നടത്തി. പശ്ചിമേഷ്യൻ സംഘർഷം ചർച്ച ചെയ്ത മോദി, ഇന്ത്യയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിലേക്ക് ഇറാൻ പ്രസിഡന്റിനെ ക്ഷണിച്ചു. കിർഗിസ്ഥാനിലെ ബിഷ്കെക്കിൽ നടന്ന ഷാങ്ഹായ് സഹകരണ സംഘടന (SCO) ഉച്ചകോടിയുടെ ഇടവേളയിലായിരുന്നു ഇരുനേതാക്കളും തമ്മിലുള്ള ഈ സുപ്രധാന കൂടിക്കാഴ്ച.

പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനുള്ള സമാധാന ശ്രമങ്ങൾക്ക് ഇന്ത്യയുടെ പൂർണ പിന്തുണ പ്രധാനമന്ത്രി മോദി അറിയിച്ചു. പ്രശ്നങ്ങൾ ചർച്ചകളിലൂടെയും നയതന്ത്ര മാർഗങ്ങളിലൂടെയും പരിഹരിക്കണമെന്ന് അദ്ദേഹം ആവർത്തിച്ചു. മേഖലയിലെ സംഘർഷം അവസാനിപ്പിക്കാൻ വിവിധ രാജ്യങ്ങളുമായി നല്ല ബന്ധമുള്ള ഇന്ത്യ ഇടപെടണമെന്ന് ഇറാൻ പ്രസിഡന്റ് അഭ്യർത്ഥിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിനെക്കുറിച്ചും, വ്യാപാര മേഖല കൂടുതൽ വിപുലീകരിക്കുന്നതിനെക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്തു. ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയും ചരക്കുനീക്കത്തിനുള്ള സുരക്ഷിത പാതകളും ചർച്ചകളുടെ ഭാഗമായി.

പശ്ചിമേഷ്യൻ സംഘർഷത്തിന് ശേഷം ആദ്യമായാണ് ഇരുവരും തമ്മിൽ നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത്. ഇറാൻ വിദേശകാര്യ മന്ത്രി സയിദ് അബ്ബാസ് അരാഗ്ച്ചിയും ചർച്ചയിൽ പങ്കെടുത്തു. സാധാരണക്കാർക്കും ചരക്ക് കപ്പലുകൾക്കും നേരെ ആക്രമണം ഉണ്ടാകരുതെന്നും സമുദ്ര ഗതാഗത സ്വാതന്ത്ര്യവും വ്യാപാരവും സുരക്ഷിതമായിരിക്കണമെന്നും മോദി ആവശ്യപ്പെട്ടു. ഇറാനുമായുള്ള ദീർഘകാല സൗഹൃദം കൂടുതൽ ശക്തമായി തുടരുമെന്നും വിവിധ മേഖലകളിലേക്ക് വ്യാപാരം വിപുലീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. എസ് സി ഒ, ബ്രിക്സ് തുടങ്ങിയ ബഹുരാഷ്ട്ര കൂട്ടായ്മകളിൽ ഇറാനുമായി സഹകരിച്ച് പ്രവർത്തിക്കാൻ ഇന്ത്യ തയ്യാറാണ്. വൈകാതെ ഇന്ത്യയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിലേക്ക് ഇറാൻ പ്രസിഡന്റിനെ സ്വാഗതം ചെയ്തതായും മോദി കൂട്ടിച്ചേർത്തു.

Send your news and Advertisements

You may also like

error: Content is protected !!