Tuesday, September 1, 2026
Home » അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസ്സി വിരമിച്ചു
മെസി

അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസ്സി വിരമിച്ചു

by Editor

ബ്യൂണസ് അയേഴ്സ്: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 21 വർഷം നീണ്ട പ്രൊഫഷണൽ കരിയറിനൊടുവിലാണ് താരം അർജന്റീനിയൻ ജേഴ്സിയോട് വിടപറയുന്നത്. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വികാരനിർഭരമായ കുറിപ്പിലൂടെയാണ് താരം തന്റെ തീരുമാനം ലോകത്തെ അറിയിച്ചത്.

ദേശീയ ടീമിൽ നിന്നുള്ള തന്റെ വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ട് ലയണൽ മെസ്സി പങ്കുവെച്ച വികാരനിർഭരമായ കുറിപ്പിൽ, ടീമിനായി തനിക്ക് നൽകാൻ കഴിയാവുന്നത് മുഴുവൻ നൽകിക്കഴിഞ്ഞുവെന്നും പടിയിറങ്ങാൻ ഇതാണ് കൃത്യമായ സമയമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. തന്റെ പിതാവ് ഹോർഹേ മെസ്സിയുടെ വിയോഗത്തെത്തുടർന്നുണ്ടായ കടുത്ത മാനസിക വിഷമങ്ങളാണ് അന്താരാഷ്ട്ര കരിയർ അവസാനിപ്പിക്കാൻ മെസ്സിയെ പ്രേരിപ്പിച്ചത്. ഈ തീരുമാനം തന്നെ ഏറെ വേദനിപ്പിക്കുന്നുണ്ടെങ്കിലും പടിയിറങ്ങാൻ ഇതാണ് കൃത്യമായ സമയമെന്ന് കരുതുന്നതായി താരം വികാരനിർഭരമായ കുറിപ്പിൽ വ്യക്തമാക്കി.

എന്റെ ആത്മാവിനെ ഒരുപാട് വേദനിപ്പിച്ച, ഇപ്പോഴും വേദനിപ്പിക്കുന്ന ഒരു തീരുമാനമാണ് ഇത്. പക്ഷേ ഇതാണ് അതിനുള്ള ശരിയായ സമയമെന്ന് ഞാൻ മനസ്സിലാക്കുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ എല്ലാം നേടിയപ്പോൾ മാത്രമല്ല, അതിന് മുൻപും ഞാൻ എൻ്റെ എല്ലാം ടീമിനായി സമർപ്പിച്ചിട്ടുണ്ടെന്ന് ഞാൻ നിങ്ങളോട് സത്യം ചെയ്യുന്നു. ഈ ജഴ്സിക്കായി ഞാൻ എപ്പോഴും പോരാടുകയും എൻ്റെ എല്ലാം നൽകുകയും ചെയ്തിട്ടുണ്ട്; നിങ്ങൾക്ക് സന്തോഷം നൽകാനും ഫുട്ബോളിലൂടെ നിങ്ങളെല്ലാവരും അർജന്റീനക്കാരാണെന്ന് ഓർത്ത് അഭിമാനിക്കാൻ ഇടയാക്കാനും വേണ്ടിയായിരുന്നു അത്.”

ഇനി അധികം സമയമില്ല, ഓരോ ഘട്ടങ്ങളും അവസാനിക്കുകയാണ്. എന്നെ ഏറെ വേദനിപ്പിക്കുന്ന ഒന്നാണ് ഈ വേർപിരിയൽ. ദേശീയ ടീമിന്റെ ഭാഗമാകാൻ ഞാൻ എപ്പോഴും ഇഷ്‌ടപ്പെടുന്നു, ഇഷ്ടപ്പെട്ടിരുന്നു, ഇനിയും എപ്പോഴും ഇഷ്‌ടപ്പെടും. ഞാൻ എന്നെത്തന്നെ പൂർണ്ണമായും ഇതിനായി സമർപ്പിച്ചു കഴിഞ്ഞു, ഇനി എനിക്ക് നൽകാൻ മറ്റൊന്നും ബാക്കിയില്ല. മാത്രമല്ല, ഇതിന് തികച്ചും അർഹരായ ഒട്ടനവധി മികച്ച യുവതാരങ്ങൾ നമുക്ക് പിന്നാലെ വരുന്നുമുണ്ട്.

കഴിഞ്ഞ 20 വർഷമായി നിങ്ങൾ നൽകിയ എല്ലാ സ്നേഹത്തിനും നന്ദി. കളിക്കളത്തിനകത്ത് നിന്ന് നിങ്ങളുടെ ആർപ്പുവിളികൾ കേൾക്കുന്നത് ഞാൻ ഒരുപാട് മിസ്സ് ചെയ്യും. ഇനി മുതൽ ഞാൻ നിങ്ങളിൽ ഒരാളായിരിക്കും, എപ്പോഴും പുറത്തുനിന്ന് ടീമിനെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. എപ്പോഴും കൂടെയുണ്ടായിരുന്നതിനും, മനോഹരവും എന്നാൽ കഠിനവുമായ ഈ യാത്രയിൽ എന്നെ അനുഗമിച്ചതിനും എൻ്റെ കുടുംബത്തിന് നന്ദി. ഞാൻ ഒപ്പം പ്രവർത്തിച്ച ഓരോ പരിശീലകർക്കും, സഹതാരങ്ങൾക്കും, ഭാരവാഹികൾക്കും നന്ദി. ഒരിക്കലും മറക്കാനാകാത്ത ഒട്ടനവധി ഓർമകളും നിമിഷങ്ങളുമായാണ് ഞാൻ മടങ്ങുന്നത്.

എന്റെ സഹതാരങ്ങൾക്കൊപ്പം ചേർന്ന്, നമ്മൾ സ്വ‌പ്നം കണ്ട നിമിഷങ്ങൾ നിങ്ങൾക്ക് സമ്മാനിക്കാൻ കഴിഞ്ഞുവെന്ന സമാധാനത്തോടും അഭിമാനത്തോടും കൂടിയാണ് ഞാൻ പടിയിറങ്ങുന്നത്. നിങ്ങളോടൊപ്പം അത് ജീവിച്ചു തീർക്കുക എന്നത് ഒരു ഭ്രാന്തായ ആവേശമായിരുന്നു. ഐ ലവ് യൂ! എന്നെ ഒരു അർജന്റീനക്കാരനാക്കിയതിന് ദൈവത്തിന് നന്ദി. വാമോസ് അർജന്റീന! ഫൈനലിന് രണ്ട് ദിവസത്തിന് ശേഷം, ജൂലൈ 21-നാണ് ഞാൻ ഈ വാക്കുകൾ എഴുതിയത്. എൻ്റെ പിതാവിൻ്റെ മരണശേഷം, മുൻപത്തേക്കാൾ കൂടുതൽ ഞാൻ ഈ തീരുമാനത്തിൽ ഉറച്ചുനിന്നു.

ലയണൽ മെസ്സിയുടെ ഇതിഹാസതുല്യമായ അന്താരാഷ്ട്ര കരിയർ കിരീടങ്ങളാലും റെക്കോർഡുകളാലും സമ്പന്നമാണ്. അർജന്റീനയ്ക്കായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച (207 മത്സരങ്ങൾ) താരവും ഏറ്റവും കൂടുതൽ ഗോളുകൾ (125 ഗോളുകൾ) നേടിയ കളിക്കാരനുമായാണ് മെസ്സി മടങ്ങുന്നത്.

ഖത്തറിൽ നടന്ന ലോകകപ്പിൽ അർജന്റീനയെ കിരീടത്തിലേക്ക് നയിച്ചു. ടൂർണമെന്റിലെ മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ പുരസ്കാരവും മെസ്സി സ്വന്തമാക്കി. 2021-ൽ ബ്രസീലിനെ തോൽപ്പിച്ച് ആദ്യ കോപ്പ അമേരിക്ക നേടി. തുടർന്ന് 2024-ലും അർജന്റീനയെ കോപ്പ അമേരിക്ക ചാമ്പ്യന്മാരാക്കി. 2022-ൽ യൂറോപ്യൻ ചാമ്പ്യന്മാരായ ഇറ്റലിയെ പരാജയപ്പെടുത്തി ഫിനാലിസിമ കിരീടം സ്വന്തമാക്കി. 2008-ൽ ബീജിംഗ് ഒളിമ്പിക്സിൽ അർജന്റീനയുടെ അണ്ടർ-23 ടീമിനൊപ്പം സ്വർണ്ണ മെഡൽ നേടി. മെസ്സിയുടെ കരിയറിലെ ആദ്യത്തെ പ്രധാന അന്താരാഷ്ട്ര കിരീടം 2005-ലെ ഫിഫ അണ്ടർ-20 ലോകകപ്പ് ആണ്.

 

Send your news and Advertisements

You may also like

error: Content is protected !!