Tuesday, September 1, 2026
Home » റഷ്യൻ പ്രസി‍ഡന്റ് വ്ലാഡിമിർ പുട്ടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി
റഷ്യൻ പ്രസി‍ഡന്റ് വ്ലാഡിമിർ പുട്ടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി

റഷ്യൻ പ്രസി‍ഡന്റ് വ്ലാഡിമിർ പുട്ടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി

by Editor

ബിഷ്കെക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും തമ്മിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി. കിർഗിസ്താനിലെ ബിഷ്കെക്കിൽ നടക്കുന്ന 26-ാമത് ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ (SCO Summit) ഭാഗമായാണ് ഈ നിർണായക കൂടിക്കാഴ്ച നടന്നത്. മാനവികതയുടെ നന്മയ്ക്കായി ലോകം “അവസാനമില്ലാത്ത യുദ്ധത്തിൽനിന്ന് യുദ്ധത്തിന്റെ അവസാനത്തിലേക്ക്” നീങ്ങേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി മോദി പുട്ടിനോട് വ്യക്തമാക്കി. പ്രശ്നങ്ങൾ ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമേ പരിഹരിക്കാനാകൂ എന്ന് അദ്ദേഹം ആവർത്തിച്ചു.

കരിങ്കടൽ മേഖലയിൽ സമീപമാസങ്ങളിൽ ഇന്ത്യൻ നാവികർക്ക് നേരെയുണ്ടായ ആക്രമണങ്ങളെക്കുറിച്ചും പശ്ചിമേഷ്യയിലെ സംഘർഷങ്ങളെക്കുറിച്ചും ഇരുനേതാക്കളും സംസാരിച്ചു. ഇന്ത്യയും റഷ്യയും തമ്മിലുള്ള സാമ്പത്തികം, വ്യാപാരം, പ്രതിരോധം, ഊർജ്ജം, വളം വിതരണം തുടങ്ങിയ മേഖലകളിലെ തന്ത്രപരമായ പങ്കാളിത്തം ഇരു നേതാക്കളും അവലോകനം ചെയ്തു. സെപ്റ്റംബർ 12-13 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന 18-ാമത് ബ്രിക്സ് (BRICS) ഉച്ചകോടിയിൽ പങ്കെടുക്കാൻ പുട്ടിനെ മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചു.

കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും ഒരുമിച്ച് കാറിലാണ് ബിഷ്കെക്കിൽ നടന്ന ‘വേൾഡ് നൊമാഡ് ഗെയിംസ്’ ഉദ്ഘാടനച്ചടങ്ങിലേക്ക് യാത്ര ചെയ്തത്. യാത്രയ്ക്കിടയിൽ കാറിനുള്ളിൽ വെച്ചുള്ള ഒരു ചിത്രം പ്രധാനമന്ത്രി മോദി തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവെച്ചിരുന്നു. “പ്രസിഡന്റ് പുട്ടിനൊപ്പം വേൾഡ് നൊമാഡ് ഗെയിംസിലേക്ക്” എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ചിത്രം പോസ്റ്റ് ചെയ്തത്.

ഇരു നേതാക്കളും ഒരുമിച്ച് കാറിൽ യാത്ര ചെയ്യുന്നത് ഇത് ആദ്യമായല്ല. കഴിഞ്ഞ വർഷം ചൈനയിലെ ടിയാൻജിനിൽ നടന്ന എസ്‌സിഒ (SCO) ഉച്ചകോടിക്കിടെ പുട്ടിന്റെ ഔദ്യോഗിക ‘ഓറസ് ലിമോസിൻ’ (Aurus Limousine) കാറിലും ഇരുവരും ഒരുമിച്ച് യാത്ര ചെയ്തിരുന്നു. കൂടാതെ, കഴിഞ്ഞ ഡിസംബറിൽ പുട്ടിൻ ഇന്ത്യ സന്ദർശിച്ചപ്പോഴും ഡൽഹി വിമാനത്താവളത്തിൽ നിന്ന് ഇരുവരും ഒരുമിച്ചാണ് സഞ്ചരിച്ചത്. പ്രോട്ടോക്കോളുകൾക്കപ്പുറം ഇരു നേതാക്കളും തമ്മിലുള്ള ശക്തമായ വ്യക്തിബന്ധവും തന്ത്രപരമായ അടുപ്പവുമാണ് ഇത്തരം അനൗപചാരിക യാത്രകൾ വ്യക്തമാക്കുന്നത്.

മധ്യേഷ്യയിലെ പരമ്പരാഗത നാടോടി സംസ്കാരവും കായിക ഇനങ്ങളും സംരക്ഷിക്കുന്നതിനായി 2014 മുതൽ നടത്തുന്ന രാജ്യാന്തര മേളയാണ് വേൾഡ് നൊമാഡ് ഗെയിംസ്. ബിഷ്കെക് അരീനയിൽ നടന്ന ആറാമത് എഡിഷൻ ഉദ്ഘാടന ചടങ്ങിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ ഉൾപ്പെടെയുള്ള മറ്റ് പ്രമുഖ നേതാക്കളും പങ്കെടുത്തു. മേളയിൽ പങ്കെടുക്കുന്ന ഇന്ത്യൻ കായികതാരങ്ങളെ പ്രധാനമന്ത്രി മോദി നേരിട്ട് കണ്ട് ആശംസകൾ അറിയിക്കുകയും ചെയ്തു.

Send your news and Advertisements

You may also like

error: Content is protected !!