ബിഷ്‌കെക്: ഭീകരവാദത്തിനെതിരെ ശക്തമായ നിലപാട് ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കിർഗിസ്ഥാനിലെ ബിഷ്‌കെക്കിൽ നടന്ന 26-ാമത് ഷാങ്ഹായ് സഹകരണ സംഘടന (SCO) ഉച്ചകോടിയിലാണ് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭീകരവാദത്തിനെതിരെ അതിശക്തമായ നിലപാട് വ്യക്തമാക്കിയത്. ഭീകരവാദത്തെ സ്വന്തം നയങ്ങൾ നടപ്പിലാക്കാനുള്ള ഒരു തന്ത്രപരമായ ആയുധമായി കാണുന്ന രാജ്യങ്ങൾക്ക് അന്താരാഷ്ട്ര സമൂഹം ശക്തമായ മുന്നറിയിപ്പ് നൽകണമെന്ന് മോദി ആവശ്യപ്പെട്ടു. ഭീകരവാദത്തിന്റെ മുഴുവന്‍ സംവിധാനവും തകര്‍ക്കണമെന്ന് മോദി ആഹ്വാനം ചെയ്തു. ഭീകരവാദത്തിന്റെ കാര്യത്തിൽ ഒരു തരത്തിലുള്ള ഇരട്ടത്താപ്പും അനുവദിക്കില്ലെന്നും, ഇതിനെതിരെ ലോകരാജ്യങ്ങൾ ഒരൊറ്റ ശബ്ദത്തിൽ സംസാരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആഗോളതലത്തിൽ വർധിച്ചുവരുന്ന സുരക്ഷാ വെല്ലുവിളികളിലേക്കും പ്രധാനമന്ത്രി ശ്രദ്ധ ക്ഷണിച്ചു. പരസ്‌പരം കൂടുതൽ ബന്ധപ്പെട്ടുകിടക്കുന്ന ഇന്നത്തെ ലോകത്ത് സുരക്ഷയുടെ പരിധി കൂടുതൽ വിശാലമായിരിക്കുകയാണെന്ന് മോദി പറഞ്ഞു. പശ്ചിമേഷ്യയിലെ സംഘർഷം ഒരു മേഖലയിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും അതിൻ്റെ പ്രത്യാഘാതങ്ങൾ ആഗോള ഊർജസുരക്ഷ, സമുദ്രവ്യാപാരം, വിതരണ ശൃംഖലകൾ എന്നിവയെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഘർഷങ്ങളുടെയും യുദ്ധങ്ങളുടെയും പരിഹാരം യുദ്ധക്കളത്തിലല്ല, സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും ആയിരിക്കണമെന്ന ഇന്ത്യയുടെ നിലപാടും മോദി ആവർത്തിച്ചു.
മയക്കുമരുന്ന് കടത്ത് യുവതലമുറയ്‌ക്കും പ്രാദേശിക സുരക്ഷയ്‌ക്കും ഗുരുതര ഭീഷണിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. മയക്കുമരുന്ന് കടത്തും സംഘടിത കുറ്റകൃത്യങ്ങളും നേരിടാന്‍ SCO രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റോഡുകൾ, റെയിൽവേ, വ്യോമപാതകൾ എന്നിവയ്ക്കൊപ്പം കസ്റ്റംസ് നടപടികൾ ലളിതമാക്കുകയും ഡിജിറ്റൽ രേഖകൾ പ്രോത്സാഹിപ്പിക്കുകയും ലോജിസ്റ്റിക് ശൃംഖലകൾ കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്യേണ്ടതിൻ്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.
വ്യാപാരം സുഗമമാക്കുന്നതിനും വിപണികളെ ബന്ധിപ്പിക്കുന്നതിനും വികസനത്തിന് പുതിയ വഴികൾ തുറക്കുന്നതിനുമുള്ള കണക്ടിവിറ്റി പദ്ധതികൾക്ക് ഇന്ത്യ പിന്തുണ നൽകുമെന്ന് മോദി വ്യക്തമാക്കി. എന്നാൽ ഇത്തരം പദ്ധതികൾ എല്ലാ രാജ്യങ്ങളുടെയും പരമാധികാരവും ഭൂപ്രദേശിക അഖണ്ഡതയും മാനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചൈന-പാക് സാമ്പത്തിക ഇടനാഴിയെ ലക്ഷ്യം വെച്ചായിരുന്നു മോദിയുടെ ഈ പരോക്ഷ വിമർശനം.
SCO നേതാക്കളുടെ റൗണ്ട് ടേബിള്‍ ചര്‍ച്ചയില്‍ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനും ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്തിരുന്നു. ഭീകരവാദത്തെ നയതന്ത്രത്തിന്റെ ഉപകരണമായി ഉപയോഗിക്കുകയും ഭീകരര്‍ക്ക് അഭയവും പിന്തുണയും നല്‍കുകയും ചെയ്യുന്ന രാജ്യങ്ങള്‍ക്ക് ശക്തമായ സന്ദേശം നല്‍കണം എന്നായിരുന്നു മോദിയുടെ നിലപാട്.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി

