മുംബൈ: സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട ചെക്ക് കേസിൽ പാലാ എം.എൽ.എ മാണി സി. കാപ്പന് മുംബൈ ബോറിവലി മജിസ്ട്രേറ്റ് കോടതി ഒരു വർഷത്തെ തടവ് ശിക്ഷ വിധിച്ചു. തടവ് ശിക്ഷയ്ക്ക് പുറമെ 5.30 കോടി രൂപ പലിശ സഹിതം പരാതിക്കാരന് നഷ്ടപരിഹാരമായി നൽകാനും കോടതി കർശന ഉത്തരവിട്ടു.
പ്രവാസി മലയാളിയും പ്രമുഖ വ്യവസായിയുമായ ദിനേശ് മേനോൻ നൽകിയ ഹർജിയിലാണ് കോടതിയുടെ നിർണായക നടപടി. ഉത്തരവ് തിയതി മുതൽ ഒരു മാസത്തിനകം വിധിയിലെ തുക പൂർണമായി അടച്ചുതീർക്കണമെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്. നിശ്ചിത കാലാവധിക്കുള്ളിൽ പണം അടയ്ക്കുന്നതിൽ വീഴ്‌ച വരുത്തിയാൽ മൂന്ന് മാസം കൂടി അധികമായി തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും മജിസ്ട്രേറ്റ് കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ (KIAL) ഓഹരികൾ വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാരോപിച്ച് പ്രവാസി മലയാളി വ്യവസായിയായ ദിനേശ് മേനോനാണ് പരാതി നൽകിയത്. ഓഹരി പങ്കാളിത്തം നൽകാത്തതിനെ തുടർന്ന് പണം തിരികെ ആവശ്യപ്പെട്ടപ്പോൾ മാണി സി. കാപ്പൻ നൽകിയ നാല് ചെക്കുകൾ മടങ്ങിയതിനെത്തുടർന്നാണ് കേസ് ഫയൽ ചെയ്തത്. അതേസമയം താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും വിധിക്കെതിരെ നിയമപരമായ തുടർ നടപടികളുമായി മുന്നോട്ടുപോകുമെന്നും മാണി സി. കാപ്പൻ പ്രതികരിച്ചു.
കോടതി വിധിച്ച തടവ് ശിക്ഷ ഒരു വർഷം മാത്രം ആയതിനാൽ മാണി സി. കാപ്പന് നിലവിൽ എം.എൽ.എ സ്ഥാനത്തിന് അയോഗ്യത അടക്കമുള്ള ഭീഷണികളില്ല.

