Wednesday, July 22, 2026
Home » കൂരോപ്പടയിലെ കൂട്ട ആത്മഹത്യാ ശ്രമം: ചികിത്സയിലായിരുന്ന 12 -കാരനും മരണത്തിന് കീഴടങ്ങി
കൂരോപ്പടയിലെ കൂട്ട ആത്മഹത്യാ ശ്രമം: ചികിത്സയിലായിരുന്ന 12 -കാരനും മരണത്തിന് കീഴടങ്ങി

കൂരോപ്പടയിലെ കൂട്ട ആത്മഹത്യാ ശ്രമം: ചികിത്സയിലായിരുന്ന 12 -കാരനും മരണത്തിന് കീഴടങ്ങി

by Editor

കോട്ടയം: മക്കൾക്ക് വിഷം നൽകി ദമ്പതികൾ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ കുടുംബത്തിലെ നാലു പേരും മരണത്തിനു കീഴടങ്ങി. സാമ്പത്തിക ബാധ്യതയെത്തുടർന്ന് കുടുംബം കൂട്ടത്തോടെ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ, ചികിത്സയിലായിരുന്ന ഇളയ മകൻ അലൻ തോമസും (12) ഇന്നലെ മരിച്ചു. കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഇതോടെ ഒരു കുടുംബത്തിലെ നാല് പേരുടെയും ജീവൻ നഷ്ടമായി. ളാക്കാട്ടൂർ മറ്റപ്പള്ളി ചിറപ്പുറത്ത് തോമസ് എബ്രഹാം (ജോബി- 50), ഭാര്യ ജോസ്ന (40), മൂത്തമകൾ മരിയ തെരേസ തോമസ് (16) എന്നിവർ ദിവസങ്ങൾക്ക് മുൻപ് ചികിത്സയിലിരിക്കെ മരണപ്പെട്ടിരുന്നു.

ജൂലൈ 13- നാണ് ഇവരെ വീട്ടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാരും ബന്ധുക്കളും ചേർന്നാണ് എല്ലാവരെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും കുട്ടികളുടെ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചത്. ജോസ്നയും മരിയ തെരേസ തോമസുമാണ് ആദ്യം മരിച്ചത്. പിന്നാലെ ജോബിയും ചൊവ്വാഴ്ച അലനും ചികിത്സയിൽ തുടരവേ മരിച്ചു. വൻ സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. സഹകരണ ബാങ്കുകളിൽ അടക്കമുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചും വായ്‌പകളെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തി വരികയാണ്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക: 1056, 0471-2552056)

Send your news and Advertisements

You may also like

error: Content is protected !!