Wednesday, July 22, 2026
Home » കാറ്റിലലിഞ്ഞ കനവുകൾ
ചെറുകഥ - കാറ്റിലലിഞ്ഞ കനവുകൾ

കാറ്റിലലിഞ്ഞ കനവുകൾ

by Editor

വീടിന്റെ പടിപ്പുരയിൽ വെച്ച് മകളെ കെട്ടിപ്പുണർന്ന് കരയുന്ന അമ്മ. രാത്രിയിലെ നേർത്ത നിലാവും പശ്ചാത്തലത്തിൽ മഞ്ഞുമൂടിയ മലനിരകളും.
​ജനാലപ്പടികളിലൂടെ മുറിക്കകത്തേക്ക് എത്തിനോക്കിയ നേർത്ത നിലാവിനും മൂടൽമഞ്ഞിന്റെ അവ്യക്തതയായിരുന്നു. അകലെ മലനിരകൾ മഞ്ഞുമറയ്ക്കുള്ളിൽ അദൃശ്യമായ നിഴൽരൂപങ്ങളെപ്പോലെ ഉറങ്ങിക്കിടക്കുന്നു.

​രാത്രിയുടെ തണുത്തുറഞ്ഞ നിശബ്ദതയിൽ പുറത്തെ പ്രകൃതി നിശ്ചലമായിരുന്നു. പക്ഷേ തനുവിന്റെ മനസ്സ് അപ്പോഴും ശാന്തമായിരുന്നില്ല. അത് ഒരു കടൽ പോലെ ഇരമ്പുകയായിരുന്നു. ​പാതിരാവായിട്ടും ഉറക്കം കൺപോളകളെ തഴുകാൻ മടിച്ചുനിന്നു.

കണ്ണടയ്ക്കുമ്പോൾ തെളിയുന്നത് അമ്മ സുധയുടെ സ്നേഹമൂറുന്ന മുഖം മാത്രമാണ്. അച്ഛൻ എന്നൊരു ഓർമ്മ അവളുടെ ജീവിതത്തിലില്ലായിരുന്നു.

ദൂരെ ലക്ഷ്മി ടാക്കീസിൽ നിന്നും ഒഴുകിവരുന്ന “അബ് തേരാ സിവാ കോയി മേരാ…” എന്ന പഴയ ഹിന്ദി ഗാനത്തിന്റെ നേർത്ത ശീലുകൾ അവളുടെ ഹൃദയത്തിൽ ഗൃഹാതുരത്വത്തിന്റെ നോവായി പടർന്നു. അവൾ അറിയാതെ ആ വരികൾ പിറുപിറുത്തു.

​ഏതോ യാമത്തിൽ അവൾ ഉറക്കത്തിലേക്ക് വഴുതിവീണു. ഇടയ്ക്കിടെയുള്ള അവളുടെ മുക്കലും മൂളലും കേട്ടാണ് സുധ ഉണർന്നത്. മകളുടെ നെറ്റിയിൽ തൊട്ടപ്പോൾ ആ അമ്മ വിറച്ചുപോയി. പനി കനത്തിരിക്കുന്നു. പുതപ്പുകൾ കൊണ്ട് അവളെ മൂടിപ്പൊതിയുമ്പോഴും സുധയുടെ ഉള്ളം മകൾക്കായി തേങ്ങുകയായിരുന്നു.

​സുധയുടെ പരുപരുത്ത കൈകൾ തനുവിന്റെ ഈറനണിഞ്ഞ കണ്ണുകൾ തുടച്ചുമാറ്റി. ആ അമ്മയുടെ മനസ്സ് കാലത്തിന്റെ പടവുകൾ ഇറങ്ങി പുറകോട്ട് സഞ്ചരിച്ചു…

​വെറും പതിനെട്ട് വയസ്സുള്ളപ്പോൾ ദാരിദ്ര്യത്തിന്റെ കനൽച്ചൂളയിലേക്കാണ് സുധ ഇറങ്ങിത്തിരിച്ചത്. രോഗിയായ അമ്മയെയും കുടുംബത്തെയും നോക്കാൻ വറീത് മുതലാളിയുടെ തോട്ടത്തിൽ പണിക്കിറങ്ങിയ നാളുകൾ.

അവിടെവെച്ചാണ് തോട്ടം മാനേജരായ വേണുവിനെ പരിചയപ്പെടുന്നത്. ​വിവാഹത്തോടെ ജീവിതം കരപറ്റുമെന്ന് കരുതിയെങ്കിലും തനുവിന്റെ ജനനം ആ പ്രതീക്ഷകളെ തകർത്തു. ഒരു ആൺകുഞ്ഞിനെ കൊതിച്ചിരുന്ന വേണുവിന് മകളുടെ ജനനം ഉൾക്കൊള്ളാനായില്ല. വീട്ടുകാരുടെ കുറ്റപ്പെടുത്തലുകളും ഭർത്താവിന്റെ മദ്യപാനവും ക്രൂരമായ സംശയങ്ങളും സുധയുടെ ജീവിതം നരകതുല്യമാക്കി.

ഒടുവിൽ മകൾക്ക് രണ്ടു വയസ്സുള്ളപ്പോൾ തോട്ടം തൊഴിലാളിയായ ശാരുവുമായി വേണു ഒളിച്ചോടി. അതോടെ ഭർത്താവിന്റെ വീട്ടുകാർ സുധയേയും കുഞ്ഞിനെയും പടിയടച്ചു പുറത്താക്കി.

​പിന്നീട് അതിജീവനത്തിനായുള്ള കഠിനപോരാട്ടത്തിന്റെ നാളുകളായിരുന്നു. ചായക്കടയിൽ അരിയാട്ടിയും വീട്ടുപണിയെടുത്തും അവൾ മകളെ വളർത്തി. ഇടയ്ക്കൊരിക്കൽ സ്വന്തം അമ്മ വീണു കിടപ്പായപ്പോൾ, തൻ്റെ ഏക സമ്പാദ്യമായ താലിമാല വിറ്റാണ് സുധ അമ്മയുടെ ചികിത്സ നടത്തിയത്.

​ആ ദുരവസ്ഥ കണ്ട ഡോക്ടർ സിസിലി അവൾക്ക് മുന്നിൽ ഒരു വാഗ്ദാനം വെച്ചു. കുഞ്ഞുങ്ങളില്ലാത്ത തങ്ങൾക്ക് തനുവിനെ മകളായി നൽകിയാൽ സുധയ്ക്ക് അവിടെ ഒരു സഹോദരിയെപ്പോലെ സുരക്ഷിതയായി കഴിയാം. മകളുടെ ശോഭനമായ ഭാവി മാത്രം സ്വപ്നം കണ്ട ആ അമ്മ, തൻ്റെ ഹൃദയം പറിച്ചെടുക്കുന്ന വേദനയോടെ അത് സമ്മതിച്ചു.

​പിന്നീട് തനു വളർന്നത് കൊട്ടാരം പോലുള്ള വീട്ടിലാണ്. ഡോക്ടർ സിസിലിയുടെ ലാളനയിൽ വളർന്ന അവൾ വളർത്തമ്മയെ ഒരു ദേവതയെപ്പോലെ ആരാധിച്ചു. പക്ഷേ, ആ ആഢംബരങ്ങൾക്കിടയിൽ ജന്മം നൽകിയ അമ്മയുടെ വിയർപ്പുഗന്ധം അവൾക്ക് അപരിചിതമായി തോന്നിത്തുടങ്ങി.

​ഞാൻ സിസിലി അമ്മയുടെ മോളാണ്, സുധ എനിക്ക് ആരുമല്ല. എന്ന് ഒരിക്കൽ തനു പരുഷമായി പറഞ്ഞപ്പോൾ സുധയുടെ ലോകം തകർന്നുപോയി. താൻ ജീവനുതുല്യം സ്നേഹിച്ച മകൾ തന്നോട് വെറുപ്പ് കാണിക്കുന്നത് കണ്ട് ആ അമ്മ നിശബ്ദയായി സ്വയം ഒഴിഞ്ഞുമാറി.

​കാലം കടന്നുപോയി. സിസിലി മരിച്ചതോടെ തനുവിന്റെ ലോകത്തെ വെളിച്ചം അണഞ്ഞു. വളർത്തച്ഛൻ ജോസ് മറ്റൊരു വിവാഹം കഴിച്ചു. പുതിയ രണ്ടാനമ്മയുടെ ക്രൂരതകൾ തനുവിനെ വീർപ്പുമുട്ടിച്ചു. ഒരു ഗ്ലാസ് വെള്ളം കുടിക്കാൻ പോലും അനുവാദം ചോദിക്കേണ്ടി വന്നപ്പോൾ അവൾ തന്റെ പെറ്റമ്മയുടെ മൺകുടത്തിലെ തണുത്ത വെള്ളവും ആ സ്നേഹത്തിന്റെ സാമീപ്യവും വല്ലാതെ കൊതിച്ചു.

​പി.എസ്.സി റാങ്ക് ലിസ്റ്റിൽ ലക്ചററായി പേര് വന്നിട്ടും ആ വീട്ടിലെ തടവറയിൽ നിന്നും അവൾക്ക് മോചനമുണ്ടായില്ല. നീ എങ്ങും പോകില്ല ഇവിടെ അടിമയെപ്പോലെ കഴിഞ്ഞോളണം എന്ന ചിറ്റമ്മയുടെ വാക്കുകൾ അവളെ തളർത്തി. സ്വന്തം സ്വാർത്ഥതയ്ക്ക് വേണ്ടി പെറ്റമ്മയെ തള്ളിപ്പറഞ്ഞതിന് വിധി നൽകിയ ശിക്ഷയാണിതെന്ന് അവൾ തിരിച്ചറിഞ്ഞു.

​ഒടുവിൽ ഒരു വൈകുന്നേരം, ഒരു യാത്രയയപ്പ് കത്തെഴുതി വെച്ച് അവൾ ആ പടിയിറങ്ങി. സിസിലി നൽകിയ സ്നേഹത്തേക്കാൾ വലുതായിരുന്നു സുധയുടെ ത്യാഗമെന്ന് അവൾ വൈകി തിരിച്ചറിഞ്ഞു. വീടിന്റെ പടിക്കലേക്ക് തളർന്നു നടന്നു വരുന്ന മകളെ കണ്ടപ്പോൾ ആ അമ്മ ഓടിവന്നു.
​അമ്മയുടെ പാദങ്ങളിൽ വീണ് അവൾ പൊട്ടിക്കരഞ്ഞു. “അമ്മേ… എന്നോട് ക്ഷമിക്കണം…”

​വാക്കുകൾ മുറിഞ്ഞുപോയി. ആ നിമിഷം അവർക്കിടയിൽ മൗനം മാത്രമായിരുന്നു ഭാഷ. വർഷങ്ങൾക്കിപ്പുറം ആ വീട്ടുമുറ്റത്ത് സ്നേഹത്തിന്റെ തണൽ വീണ്ടും പൂത്തുലഞ്ഞു.
​ഇന്ന് തനു ഒരു ഗവൺമെന്റ് കോളേജ് ലക്ചററാണ്. ആ കൊച്ചു വീടിനുള്ളിൽ സന്തോഷത്തിന്റെ നിലാവ് എന്നെന്നേക്കുമായി വിരിഞ്ഞുനിൽക്കുന്നു.

ശ്യാമള ഹരിദാസ്

Send your news and Advertisements

You may also like

error: Content is protected !!