വാഷിങ്ടൺ: യമനിലെ ഹൂതി വിമതർക്കെതിരെ നേരിട്ട് സൈനിക ആക്രമണം നടത്തണമെന്ന സൗദി അറേബ്യയുടെ ആവശ്യം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിരസിച്ചതായി പ്രമുഖ മാധ്യമമായ അക്സിയോസ് (Axios) റിപ്പോർട്ട് ചെയ്യുന്നു. ഇതിനായി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ട്രംപിനെ രണ്ടു തവണ ബന്ധപ്പെട്ടെങ്കിലും അദ്ദേഹമത് തള്ളിക്കളഞ്ഞതായാണ് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമമായ ആക്സിയോസ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.
ഹൂതികൾ യമനിലെ തന്ത്രപ്രധാനമായ മൊഖ (Mokha) തുറമുഖ നഗരം പിടിച്ചടക്കുകയും, ആഗോള കപ്പൽ ഗതാഗതത്തിന് നിർണായകമായ ബാബ് അൽ-മന്ദേബ് കടലിടുക്കിലേക്ക് മുന്നേറുകയും ചെയ്ത സാഹചര്യത്തിലാണ് സൗദി അറേബ്യ അമേരിക്കയുടെ നേരിട്ടുള്ള സൈനിക ഇടപെടൽ ആവശ്യപ്പെട്ടത്. ഈ വിഷയവുമായി ബന്ധപ്പെട്ട് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ (MBS) യു.എസ് പ്രസിഡന്റുമായി ഫോണിൽ സംസാരിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഹോർമുസ് പോലെ തന്നെ നിർണായക ചരക്കു പാതയായ ബാബ് അൽ മന്ദേബ് കടലിടുക്കിനുമേൽ ഹൂതികൾ കൂടുതൽ സ്വാധീനമുറപ്പിക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് സൗദി കിരീടാവകാശി ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്.
അതേസമയം, ഇതുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസോ സൗദി സർക്കാരോ ഔദ്യോഗികമായി പ്രതികരണം നടത്തിയിട്ടില്ല. നേരിട്ടുള്ള സൈനിക ഇടപെടൽ നടത്തിയില്ലെങ്കിലും ഹൂതികൾക്കെതിരായ നീക്കത്തിന് യുഎസ് സൗദിക്ക് പിന്തുണനൽകുന്നതായാണ് വിവരം. അടിയന്തര ഏകോപന ചർച്ചകൾക്കായി യുഎസ് സെൻട്രൽ കമാൻഡ് കമാൻഡർ അഡ്‌മിറൽ ബ്രാഡ് കൂപ്പർ വ്യാഴാഴ്‌ച സൗദി അറേബ്യ സന്ദർശിച്ചതായും ആക്സിയോസിൻ്റെ റിപ്പോർട്ടിൽ പറയുന്നു. പശ്ചിമേഷ്യയിൽ ഇറാനെതിരെയുള്ള പ്രതിരോധത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും, മേഖലയിൽ മറ്റൊരു യുദ്ധമുഖം തുറക്കാൻ താൽപ്പര്യമില്ലെന്നുമാണ് അമേരിക്കൻ ഭരണകൂടം അറിയിച്ചിരിക്കുന്നത്.
തന്ത്രപ്രധാന തുറമുഖ നഗരമായ മോഖ ഹൂതികൾ പിടിച്ചെടുത്തു; സൗദിക്ക് തിരിച്ചടി; എണ്ണ വില കുതിക്കുന്നു.

