തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിൽ അത്ഭുതങ്ങൾ പ്രവർത്തിക്കാൻ കഴിയില്ലെന്നും ജനങ്ങൾ സഹകരിക്കണമെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. സംസ്ഥാനത്ത് വൈദ്യുത നിയന്ത്രണം തുടരുമെന്നും ഈ പ്രതിസന്ധി സ്വിച്ച് ഇട്ട് നിർത്താനോ അത്ഭുതങ്ങൾ പ്രവർത്തിക്കാനോ കഴിയില്ലെന്നും വൈദ്യുതി വകുപ്പ് മന്ത്രി പറഞ്ഞു. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ മനസിലാക്കുന്നുണ്ടെന്നും എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുകയാണെന്നും, വൈദ്യുതി നിയന്ത്രണത്തിൽ ഏകീകൃത സമയക്രമം കൊണ്ടുവരുമെന്നും ഒരാഴ്‌ച ഒരേ സമയത്ത് പവർകട്ട് നടപ്പാക്കാൻ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
മുൻ ഇടതുപക്ഷ (LDF) സർക്കാരിന്റെ തെറ്റായ നയങ്ങളാണ് വൈദ്യുതി മേഖലയെ ഈ അവസ്ഥയിൽ എത്തിച്ചതെന്ന് മന്ത്രി ആരോപിച്ചു. വൈദ്യുതിയുടെ ഉപയോഗം കൂടുകയും ഉൽപാദനം കുറയുകയുമാണ് ചെയ്‌തത്. പെട്ടെന്ന് ഏതെങ്കിലും മാർക്കറ്റിൽ പോയി വാങ്ങാവുന്ന ഒരു കാര്യമല്ല ഇത്. ഇതുമായി ബന്ധപ്പെട്ട് ഒരു കരാറിൽ ഏർപ്പെടണമെങ്കിൽ ടെൻഡർ ക്ഷണിക്കുകയും റെഗുലേറ്ററി കമ്മീഷൻ്റെ ഉൾപ്പെടെ അനുമതി വാങ്ങിയുള്ള ദീർഘകാല പ്രക്രിയയാണ്. പ്രതിസന്ധി പെട്ടെന്ന് പരിഹാരിക്കാനുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ടെന്നും ജനങ്ങൾ സാഹചര്യം മനസിലാക്കണമെന്നും സണ്ണി ജോസഫ് പറഞ്ഞു.
എവിടെ നിന്നും വൈദ്യുതി വാങ്ങാൻ സർക്കാർ തയാറാണ്. അതിനുള്ള സാധ്യതകൾ തേടിക്കൊണ്ടിരിക്കുകയുമാണ്. കഴിഞ്ഞ വർഷം ഇതേ സമയത്തുണ്ടായിരുന്നതിനേക്കാൾ കൂടുതൽ വൈദ്യുതി ഉപഭോഗമാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിൽ ആയിരത്തിലധികം മെഗാവാട്ടിൻ്റെ അധിക ആവശ്യകതയാണ് സംസ്ഥാനത്ത് ഉള്ളത്. ആകെ ആവശ്യകത 4153 മെഗാവാട്ടിൽ എത്തിയിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കൂടുതലായി നിർമ്മിച്ച കെട്ടിടങ്ങളിലെ ഫാനും എസിയും, ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംഗ് എന്നിവ കൂടി വരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നത് രാത്രിയിലാണ്. അതിനാൽ പീക്ക് മണിക്കൂറുകൾ കൂട്ടാനും ഒന്നിലേറെ തവണ വൈദ്യുതി നിയന്ത്രണം നടപ്പിലാക്കുന്നതിനും നിർബന്ധിതരാകുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഉപയോക്താവിൻ്റെ രജിസ്റ്റർ ചെയ്‌ത മൊബൈൽ ഫോണിൽ പവർകട്ടിൻ്റെ സമയത്തിന് ഒന്നര മണിക്കൂർ മുമ്പ് തന്നെ എസ്എംഎസ് സന്ദേശം എത്തുന്ന രീതിയിലാണ് പുതിയ സംവിധാനം ഏർപ്പെടുത്തുന്നത്. ‘വിത്ത് യു’ എന്ന ആപ്പിലൂടെയാണ് ഇത്തരത്തിൽ സന്ദേശം അയക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം കടുക്കുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ ഈ പ്രതികരണം. എന്നാൽ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് പകരം മന്ത്രി ജനങ്ങളെ പരിഹസിക്കുകയാണെന്ന രീതിയിലുള്ള വിമർശനങ്ങളും പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഉയരുന്നുണ്ട്.

