സന: യമനിലെ സർക്കാരിന് കനത്ത തിരിച്ചടി നൽകികൊണ്ട് അതീവ തന്ത്രപ്രധാനമായ ചെങ്കടൽ തുറമുഖ നഗരമായ മോഖയുടെ (Al Mokha) പൂർണ്ണ നിയന്ത്രണം ഹൂതി വിമതർ പിടിച്ചെടുത്തു. ഇന്നലെയാണ് അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട യെമൻ സർക്കാരിനെ അനുകൂലിക്കുന്ന സഖ്യസേനയെ പരാജയപ്പെടുത്തിക്കൊണ്ട് ഇറാൻ പിന്തുണയുള്ള ഹൂതികൾ ഈ നിർണായക സൈനിക മുന്നേറ്റം നടത്തിയത്. ചെങ്കടലിലെ നിർണായക കപ്പൽപ്പാതയായ ബാബ് അൽ-മന്ദേബ് കടലിടുക്കിന്മേൽ കൂടുതൽ സ്വാധീനമുറപ്പിക്കാൻ സഹായിക്കുന്നതാണ് ഹൂതികളുടെ ഈ പുതിയ നീക്കം.
ചെങ്കടലിനെ ഏദൻ ഉൾക്കടലുമായും ഇന്ത്യൻ മഹാസമുദ്രവുമായും ബന്ധിപ്പിക്കുന്ന ബാബ് അൽ-മന്ദേബ് കടലിടുക്കിൽ നിന്ന് വെറും 80 കിലോമീറ്റർ മാത്രം അകലെയാണ് മോഖ സ്ഥിതി ചെയ്യുന്നത്. നഗരത്തിന്റെ നിയന്ത്രണം കൈക്കലാക്കിയതോടെ ഈ വഴി കടന്നുപോകുന്ന ആഗോള കപ്പൽ ഗതാഗതത്തിനും എണ്ണ വിതരണത്തിനും മേൽ വലിയ ഭീഷണി ഉയർത്താൻ ഹൂതികൾക്ക് കഴിയും. മോഖയ്ക്ക് പുറമേ സ്ട്രാറ്റജിക് പ്രാധാന്യമുള്ള ഹാനിഷ് ദ്വീപുകൾക്ക് നേരെയും ഹൂതികൾ ആക്രമണം ശക്തമാക്കിയതായി യമൻ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സസ് ചെയ്‌തു. ഇറാൻ്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹൂതികൾ നിലവിൽ ഇറാൻ-യു.എസ് യുദ്ധത്തിലും പങ്കാളികളാണ്.
ഹോർമുസ് കടലിടുക്കിലെ തടസങ്ങളെ തുടർന്ന് ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരായ സൗദി അറേബ്യ നിലവിൽ ചെങ്കടൽ പാതയെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. കഴിഞ്ഞ ദിവസം ഹോർമുസിൽ കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായതിനെത്തുടർന്ന് ആഗോളതലത്തിൽ എണ്ണ വില കുതിച്ചുയർന്നിരുന്നു. ഇതിന് പിന്നാലെ സൗദിക്ക് നേരെ ആക്രമണം നടത്തുകയും ബാബ് അൽ-മന്ദേബ് വഴിയുള്ള ഗതാഗതത്തിന് ഭീഷണി ഉയർത്തുകയും ചെയ്‌ത ഹൂതികളുടെ നീക്കം ആഗോള സാമ്പത്തിക മേഖലയെ കൂടുതൽ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
ഹൂതികളുടെ ഈ മുന്നേറ്റത്തെത്തുടർന്ന് ആഗോള വിപണിയിൽ എണ്ണ വിതരണം തടസ്സപ്പെടുമെന്ന ആശങ്ക ശക്തമാകുകയും, ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 105 മുതൽ 108 ഡോളർ വരെയായി ഉയരുകയും ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരായ സൗദി അറേബ്യയുടെ പ്രധാന സമുദ്രപാതയാണ് ചെങ്കടൽ. ഹൂതികൾക്ക് ഇവിടെ മേധാവിത്വം ലഭിക്കുന്നത് സൗദിയിൽ നിന്നുള്ള എണ്ണ വിതരണത്തെ നേരിട്ട് ബാധിക്കും. അറേബ്യൻ ഉപദ്വീപിന്റെ ഇരുവശങ്ങളിലുമുള്ള രണ്ട് പ്രധാന ജലപാതകളായ ഹോർമുസ് കടലിടുക്കും (Strait of Hormuz), ബാബ് അൽ മന്ദേബും (Bab al-Mandeb) ഒരേസമയം ഇറാൻ അനുകൂല ശക്തികളുടെ ഭീഷണിയിലാകുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയെ കടുത്ത പണപ്പെരുപ്പത്തിലേക്ക് നയിക്കുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു
2014 ൽ യമൻ തലസ്ഥാനമായ സന ഹൂതികൾ പിടിച്ചെടുത്തതിനെ തുടർന്നാണ് ഔദ്യോഗിക സർക്കാർ തെക്കൻ നഗരമായ ഏദനിലേക്ക് മാറിയത്. യമൻ സർക്കാരിനെ പുനസ്ഥാപിക്കാൻ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന ശ്രമിക്കുന്നുണ്ടെങ്കിലും മേഖലയിലെ ഹൂതികളുടെ സ്വാധീനം ദിനംപ്രതി വർധിച്ച് വരികയാണ്.
സൗദിക്ക് നേരെയുള്ള ആക്രമണം ഹൂതികൾ തുടർന്നാൽ പാക്കിസ്ഥാൻ ഇടപെടുമെന്ന് പാക് പ്രതിരോധ മന്ത്രി

