Thursday, September 10, 2026
Home » സൗദിക്ക് നേരെയുള്ള ആക്രമണം ഹൂതികൾ തുടർന്നാൽ പാക്കിസ്ഥാൻ ഇടപെടുമെന്ന് പാക് പ്രതിരോധ മന്ത്രി
സൗദിക്ക് നേരെയുള്ള ആക്രമണം ഹൂതികൾ തുടർന്നാൽ പാക്കിസ്ഥാൻ ഇടപെടുമെന്ന് പാക് പ്രതിരോധ മന്ത്രി

സൗദിക്ക് നേരെയുള്ള ആക്രമണം ഹൂതികൾ തുടർന്നാൽ പാക്കിസ്ഥാൻ ഇടപെടുമെന്ന് പാക് പ്രതിരോധ മന്ത്രി

by Editor

റിയാദ്: സൗദി അറേബ്യയ്ക്ക് നേരെ യെമനിലെ ഹൂതി വിമതർ നടത്തിയ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾക്ക് പിന്നാലെ, ഹൂതി കേന്ദ്രങ്ങൾക്കെതിരെ വ്യോമാക്രമണം നടത്താൻ പാക്കിസ്ഥാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. സൗദി അറേബ്യയ്ക്ക് നേരെ ആക്രമണം തുടർന്നാൽ ‘മക്ക സംയുക്ത പ്രതിരോധ കരാർ‘ പ്രകാരമുള്ള ബാധ്യതകൾ പാക്കിസ്ഥാൻ നിറവേറ്റുമെന്നും, സംയുക്ത പ്രതിരോധ വ്യവസ്ഥകൾ സജീവമാക്കുമെന്നും പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് വ്യക്തമാക്കി.

മക്ക സംയുക്ത‌ പ്രതിരോധ കരാറിൻ്റെ അടിസ്‌ഥാനത്തിലാണ് പാക്ക് നീക്കം. സൗദി അറേബ്യ, പാക്കിസ്ഥാൻ, തുർക്കി എന്നീ രാജ്യങ്ങൾ കഴിഞ്ഞ മാസം ഒപ്പുവച്ച ‘മക്ക സംയുക്‌ത പ്രതിരോധ കരാർ‘ പ്രകാരം സഖ്യത്തിലെ ഒരു രാജ്യത്തിനു നേരെയുള്ള ആക്രമണം സ്വന്തം രാജ്യത്തിനു നേരെയുള്ള ആക്രമണമായി കണക്കാക്കി 3 രാജ്യങ്ങളും ഒരുമിച്ചു നേരിടുമെന്നതാണ് ധാരണ.

സൗദിയിലെ എണ്ണശുദ്ധീകരണ ശാലകൾ, ഖമിസ് മുഷായത്തിലെ വ്യോമത്താവളം, വിമാനത്താവളങ്ങൾ എന്നിവ ലക്ഷ്യമിട്ട് ഹൂതികൾ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും വൻ നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നു. 2022-ന് ശേഷം സൗദിയും ഹൂതികളും തമ്മിൽ നിലനിന്നിരുന്ന താൽക്കാലിക സമാധാനം ഇതോടെ പൂർണ്ണമായി തകർന്നു. യെമനിൽ സൗദി അനുകൂല ഗവൺമെന്റ് സൈന്യവും ഹൂതികളും തമ്മിലുള്ള ആഭ്യന്തര യുദ്ധം കടുത്തതോടെ ഇരുഭാഗത്തുമായി ഇതുവരെ 500-ലധികം പേർ കൊല്ലപ്പെടുകയും ഇരുപതിനായിരത്തോളം ആളുകൾ പലായനം ചെയ്യേണ്ടി വരികയും ചെയ്തു.

ഹൂതികൾ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾക്ക് തൊട്ടുപിന്നാലെ സൗദി സഖ്യസേന യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ കനത്ത വ്യോമാക്രമണം ആരംഭിച്ചിരുന്നു. യെമനിലെ മഅ്‌രിബ് (Marib) പ്രവിശ്യയിലെ അൽ-ജൂബ (Al-Jubah) ഡിസ്ട്രിക്റ്റ്, തായിസ് (Taiz), ഹൊദൈദ (Hodeida), അൽ-ജൗഫ് (Al Jawf) തുടങ്ങിയ നിരവധി ഹൂതി നിയന്ത്രിത മേഖലകളിൽ സൗദി സഖ്യസേനയും സൗദി അനുകൂല യെമൻ ഗവൺമെന്റ് സൈന്യവും കനത്ത വ്യോമാക്രമണങ്ങൾ നടത്തിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തങ്ങളുടെ എണ്ണക്കമ്പനികളെയും പൗരന്മാരെയും ആക്രമിച്ച തീവ്രവാദ ശക്തികളെ പ്രതിരോധിക്കാൻ ‘എല്ലാവിധ സൈനിക നടപടികളും’ സ്വീകരിക്കുമെന്ന് സൗദി സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി വ്യക്തമാക്കിയിട്ടുണ്ട്.

സൗദിയുടെ ആവശ്യപ്രകാരം യെമനിലെ ഹൂതി കേന്ദ്രങ്ങൾക്ക് (പ്രത്യേകിച്ച് സാദ മേഖലയിൽ) നേരെ വ്യോമാക്രമണം നടത്താൻ പാക്കിസ്ഥാൻ ആലോചിക്കുന്നതായി ഇന്റർനാഷണൽ മീഡിയകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും, അന്തിമ തീരുമാനം ആയിട്ടില്ല. ഹൂതികൾക്ക് പിന്തുണ നൽകുന്ന ഇറാനോട് അവരെ നിയന്ത്രിക്കാൻ പാക്കിസ്ഥാൻ ആവശ്യപ്പെട്ടിട്ടുണ്ട്. മേഖലയിൽ വലിയൊരു യുദ്ധമുണ്ടാകാതിരിക്കാൻ നയതന്ത്രപരമായ ശ്രമങ്ങളും പാക്കിസ്ഥാൻ നടത്തുന്നുണ്ട്. ഹൂതികളുടെ മേൽ തങ്ങൾക്ക് പൂർണ്ണ നിയന്ത്രണമില്ലെന്നാണ് ഇറാൻ ഔദ്യോഗികമായി വ്യക്തമാക്കുന്നത്. എന്നാൽ ഹൂതികൾക്ക് പിന്നിൽ ഇറാന്റെ കൈകളാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ആരോപിച്ചു.

ഔദ്യോഗികമായി മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ടെങ്കിലും, യെമനിലെ ആഭ്യന്തര യുദ്ധത്തിലേക്ക് പാക് സൈന്യം നേരിട്ട് ബോംബിങ് നടത്താൻ ഇറങ്ങുമോ എന്നതിൽ രാഷ്ട്രീയ നിരീക്ഷകർക്ക് സംശയമുണ്ട്. സ്വന്തം അതിർത്തിയിലെ സുരക്ഷാ പ്രശ്നങ്ങളും ഇറാനുമായുള്ള നയതന്ത്ര ബന്ധത്തെ ബാധിക്കുമെന്ന ആശങ്കയും ഉള്ളതിനാൽ, പാക്കിസ്ഥാന്റെ സഹായം ഒരുപക്ഷേ ലോജിസ്റ്റിക്സ്, പ്രതിരോധ പിന്തുണ എന്നിവയിൽ മാത്രമായി പരിമിതപ്പെടുത്തിയേക്കുമെന്നും വിലയിരുത്തപ്പെടുന്നു

സൗദി അറേബ്യയിലെ ജനവാസ മേഖലകളിൽ ഹൂതി ആക്രമണം; നിരവധി പേർക്ക് പരുക്ക്; തിരിച്ചടിച്ച്‌ സൗദി സഖ്യസേന.

Send your news and Advertisements

You may also like

error: Content is protected !!