ദുബായ്: പശ്ചിമേഷ്യയിലെ യുഎസ്-ഇറാൻ സംഘർഷങ്ങളെത്തുടർന്ന് വ്യോമപാതകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും പരിശോധനകളും ഗൾഫ് മേഖലയിൽ നിന്നുള്ള വിമാന സർവീസുകളെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അബുദാബിയിലെ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലും നിരവധി വിമാനങ്ങൾ റദ്ദാക്കുകയോ വൈകുകയോ ചെയ്തതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്. അബുദാബിയിൽ നിന്ന് പുറപ്പെടേണ്ട നിരവധി വിമാനങ്ങൾ വൈകിയാണ് സർവീസ് നടത്തുന്നത്. എയർ അറേബ്യയുടെ കുവൈത്ത്, ബഹ്റൈൻ സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. ഇത്തിഹാദ് എയർവേയ്സ് ഇരു റൂട്ടുകളിലും സർവീസ് നടത്തുന്നുണ്ടെങ്കിലും അബുദാബിയിൽ നിന്നുള്ള ചില വിമാനങ്ങൾക്ക് പുറപ്പെടാൻ സമയതാമസം നേരിടുന്നുണ്ട്.
ദുബായിൽ നിന്ന് എമിറേറ്റ്സ് എയർലൈൻ കുവൈത്തിലേക്കും ബഹ്റൈനിലേക്കും തിരഞ്ഞെടുത്ത സർവീസുകൾ മാത്രമാണ് നടത്തുന്നത്. മറ്റ് ചില അന്താരാഷ്ട്ര റൂട്ടുകളിലും വിമാനങ്ങൾ വൈകുന്നുണ്ട്. ഇതിനിടെ, ദുബായിലേക്കും തിരിച്ചുമുള്ള സർവീസുകൾ സെപ്റ്റംബർ 10 വരെ നിർത്തിവെച്ചതായി എയർ ഫ്രാൻസ് അറിയിച്ചു. ഇതോടെ യൂറോപ്പിലേക്കും തിരിച്ചുമുള്ള യാത്രക്കാർക്ക് പ്രതിസന്ധി കൂടുതൽ രൂക്ഷമായി.
ഇറാൻ–അമേരിക്ക സംഘർഷവുമായി ബന്ധപ്പെട്ട ആശങ്കകൾക്കും കടൽ, വ്യോമപാതകളിലെ സുരക്ഷാ ഭീഷണികൾക്കും പിന്നാലെ വിമാനക്കമ്പനികൾ കൂടുതൽ ജാഗ്രതയോടെയാണ് സർവീസുകൾ ക്രമീകരിക്കുന്നത്. വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്തതോടെ നിരവധി യാത്രക്കാർ വിമാനത്താവളങ്ങളിൽ കുടുങ്ങിയിരിക്കുകയാണ്. യാത്രയ്ക്ക് പുറപ്പെടുന്നതിന് മുമ്പ് വിമാനത്തിന്റെ ഏറ്റവും പുതിയ സ്റ്റാറ്റസ് പരിശോധിച്ച ശേഷം മാത്രം വിമാനത്താവളത്തിലേക്ക് തിരിക്കണമെന്നാണ് അധികൃതരുടെ നിർദേശം.
ഇതിനുപുറമേ, ഈ ആഴ്ച യുകെയിലെ എയർ ട്രാഫിക് കൺട്രോളിൽ ഉണ്ടായ തടസ്സങ്ങളും, ഇന്തോനേഷ്യയിലെ അഗ്നിപർവ്വത സ്ഫോടനത്തെത്തുടർന്നുണ്ടായ പുകപടലങ്ങളും കാരണം എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈദുബൈ തുടങ്ങിയ പ്രമുഖ ഗൾഫ് എയർലൈൻസുകളുടെ നിരവധി സർവീസുകൾ ഇന്നും (സെപ്റ്റംബർ 9) റദ്ദാക്കുകയോ വൈകുകയോ ചെയ്തിട്ടുണ്ട്. ഇന്തോനേഷ്യയിലെ അനാക് ക്രാക്കത്തോവ അഗ്നിപർവതത്തിൽ നിന്നുള്ള ചാരമേഘങ്ങളും യുഎഇ–ഇന്തോനേഷ്യ വിമാന സർവീസുകളെ ബാധിക്കുന്നുണ്ട്. അഗ്നിപർവത പ്രവർത്തനത്തെ തുടർന്നുള്ള വ്യോമസുരക്ഷാ ആശങ്കകൾ കാരണം സർവീസുകളിൽ നിയന്ത്രണങ്ങളും മാറ്റങ്ങളും തുടരുകയാണ്.
സൗദി അറേബ്യയിലെ ജനവാസ മേഖലകളിൽ ഹൂതി ആക്രമണം; നിരവധി പേർക്ക് പരുക്ക്; തിരിച്ചടിച്ച് സൗദി സഖ്യസേന.

