Wednesday, September 9, 2026
Home » ഭർതൃപിതാവിനെ കൊല്ലാൻ ക്വട്ടേഷൻ നൽകി മരുമകൾ
ഭർതൃപിതാവിനെ കൊല്ലാൻ ക്വട്ടേഷൻ നൽകി മരുമകൾ

ഭർതൃപിതാവിനെ കൊല്ലാൻ ക്വട്ടേഷൻ നൽകി മരുമകൾ

by Editor

കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ മരുന്ന് വ്യാപാരിയായ ഭർതൃപിതാവിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയ മരുമകൾ ഷാലുവിനെയും കൊലപാതകം നടത്തിയ പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു. കാൺപൂർ സ്വദേശിയായ വിനീത് മിനോച്ച (63) എന്ന വ്യാപാരിയാണ് കൊല്ലപ്പെട്ടത്.

സമ്പന്ന കുടുംബമായിരുന്നിട്ടും ബിസിനസ്സിൽ പങ്കാളിത്തം നൽകാതെ ഭർത്താവിന് മാസശമ്പളം മാത്രമാണ് വിനീത് നൽകിയിരുന്നത്. ആവശ്യമായ എല്ലാ കാര്യങ്ങൾക്കും പണത്തിനായി ഭർതൃപിതാവിനെ ആശ്രയിക്കേണ്ടി വന്നതിലുള്ള അമർഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് റിപ്പോർട്ടുകൾ. അതുമാത്രമല്ല ഷാലു രാത്രി വൈകി പാർട്ടികൾക്ക് പോകുന്നതും വൈകി വീട്ടിൽ വരുന്നതും ഭർതൃപിതാവ് എതിർത്തിരുന്നു.

ഭർതൃപിതാവിനെ വകവരുത്താൻ തന്റെ സ്ഥാപനത്തിലെ മുൻ ജീവനക്കാരനായ വിശാലിനാണ് ഷാലു ക്വട്ടേഷൻ നൽകിയത്. 6 ലക്ഷം രൂപയാണ് ഇതിനായി വാഗ്ദാനം ചെയ്തത്, കൂടാതെ ഫ്ലാറ്റിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോൽ നിർമ്മിച്ച് ഷാലു പ്രതികൾക്ക് കൈമാറി. ഷാലുവും ഭർത്താവും മകളും പുറത്തുപോയ സമയത്ത് ഈ താക്കോൽ ഉപയോഗിച്ച് വിശാലും കൂട്ടാളി രാജ് കിഷോറും അകത്തുകയറി. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി ഹൃദയാഘാതമാണെന്ന് വരുത്തിത്തീർക്കാനായിരുന്നു ആദ്യ ലക്ഷ്യമെങ്കിലും, വിനീത് തടയാൻ ശ്രമിച്ചതോടെ കത്തി ഉപയോഗിച്ച് 26-ഓളം തവണ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങളും ഫോൺ കോൾ വിവരങ്ങളും പരിശോധിച്ച പോലീസ് പ്രതികളെ കണ്ടെത്തുകയും, ചോദ്യം ചെയ്യലിൽ മരുമകളുടെ പങ്ക് വെളിപ്പെടുകയുമായിരുന്നു.

Send your news and Advertisements

You may also like

error: Content is protected !!