ടെഹ്‌റാൻ: ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തതിന് 19 വയസ്സുള്ള ഇരട്ട സഹോദരിമാരായ തരാനെ റഹീമി (Taraneh Rahimi), റോമിന റഹീമി (Romina Rahimi) എന്നിവർക്ക് ഇറാൻ വിപ്ലവ കോടതി അതികഠിനമായ ശിക്ഷകൾ വിധിച്ചു. സഹോദരിമാരിൽ ഒരാളായ തരാനെ റഹീമിക്ക് വധശിക്ഷയും, റോമിന റഹീമിക്ക് 25 വർഷത്തെ കഠിനതടവുമാണ് കോടതി വിധിച്ചിരിക്കുന്നത്.
ജനുവരിയിൽ ഇസ്‌ഫഹാനിൽ (Isfahan) നടന്ന സർക്കാർ വിരുദ്ധ ജനകീയ മാർച്ചിൽ പങ്കെടുത്തതിനാണ് ഹൈസ്കൂൾ വിദ്യാർത്ഥിനികളായ ഇവരെ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) രാത്രിയിൽ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയത്. നാല് മാസത്തോളം ഇവരെക്കുറിച്ച് വീട്ടുകാർക്ക് യാതൊരു വിവരവും ഇല്ലായിരുന്നു. മാതാവ് മർസിയ നോർമൊഹമ്മദി ആശുപത്രികളിലും സർക്കാർ സ്ഥാപനങ്ങളിലും നടത്തിയ തെരച്ചിലിനൊടുവിൽ ഇസ്ഫഹാനിലെ ദൗലതാബാദ് ജയിലിൽ മക്കളെ പാർപ്പിച്ചിരിക്കുന്നതായി കണ്ടെത്തി. ജയിലിൽ വെച്ച് അമ്മ ഇവരെ കാണുമ്പോൾ പീഡനങ്ങൾ മൂലം തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിലായിരുന്നു. ഇരുവരുടെയും കൈമുട്ടുകളും കാൽപാദങ്ങളും തല്ലിയൊടിക്കുകയും തലമുടി പിഴുതെടുക്കുകയും ചെയ്തിരുന്നു.
കുറ്റസമ്മത പത്രത്തിൽ ഒപ്പിട്ടില്ലെങ്കിൽ സഹോദരിയെ ജയിൽ ഉദ്യോഗസ്ഥർ കൂട്ടബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് താൻ വ്യാജ രേഖകളിൽ ഒപ്പിട്ടതെന്ന് തരാനെ കോടതിയിൽ വെളിപ്പെടുത്തിയിരുന്നു. ഇവർ പ്രക്ഷോഭങ്ങളിൽ യാതൊരുവിധ അക്രമങ്ങളിലും ഏർപ്പെട്ടിട്ടില്ലെന്ന് അഭിഭാഷകർ വ്യക്തമാക്കുന്നു. മരണശിക്ഷ വിധിച്ചാൽ അപ്പീൽ നൽകാൻ നിയമപരമായി നൽകേണ്ട 18 ദിവസത്തെ സമയം പോലും ഈ കേസിൽ അനുവദിച്ചിട്ടില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
മറ്റ് പ്രതിഷേധക്കാരെ ഭയപ്പെടുത്താനും പ്രക്ഷോഭത്തിൽ പങ്കെടുത്താൽ ആർക്കും ഈ ഗതി വരുമെന്ന മുന്നറിയിപ്പ് നൽകാനുമാണ് കൗമാരക്കാരിയായ തരാനെക്ക് ഇറാൻ ഭരണകൂടം വധശിക്ഷ വിധിച്ചിരിക്കുന്നതെന്നാണ് മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നത്. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഈ ക്രൂരതയുടെ വിവരങ്ങൾ പുറത്തുവിട്ടത്.

