ഹോർമുസ് കടലിടുക്കിൽ വെച്ച് അമേരിക്കയുടെ ആളില്ലാ മുങ്ങിക്കപ്പൽ (ഡ്രോൺ സബ്മറൈൻ) ഇറാൻ സൈന്യം പിടിച്ചെടുത്തു. സമുദ്രത്തിൽ അയ്യായിരത്തിലധികം മീറ്റർ ആഴത്തിൽ തുടർച്ചയായി പത്തുദിവസത്തോളം ദൗത്യം നടത്താൻ ശേഷിയുള്ള, 2025-ൽ യു.എസ് സൈന്യത്തിന് ലഭിച്ച ഏറ്റവും ആധുനികവും സ്മാർട്ടുമായ മുങ്ങിക്കപ്പലാണ് തങ്ങൾ പിടിച്ചെടുത്തതെന്നാണ് ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് (IRGC) അവകാശപ്പെടുന്നത്.
എന്നാൽ ഇത് അത്യാധുനിക മുങ്ങിക്കപ്പലാണെന്ന ഇറാന്റെ അവകാശവാദം അമേരിക്കൻ പ്രതിരോധ മന്ത്രാലയം (CENTCOM) തള്ളിക്കളഞ്ഞു. ഇറാൻ പിടിച്ചെടുത്തത് തകരാറിലായ ഒരു പഴയ മോഡൽ ഡ്രോൺ സബ്മറൈൻ മാത്രമാണെന്ന് യു എസ് സെൻട്രൽ കമാൻഡ്. ഇതിൽ യാതൊരുവിധ രഹസ്യ വിവരങ്ങളോ ആധുനിക റഡാർ, സോണാർ സംവിധാനങ്ങളോ ഇല്ലെന്നും യു.എസ് വക്താവ് അറിയിച്ചു.
അതിനിടെ, ഇറാന് മേലുള്ള സാമ്പത്തിക സമ്മർദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇറാനുമായി ബന്ധമുള്ള 36 സ്ഥാപനങ്ങൾക്കെതിരെ അമേരിക്ക പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തി. ഉപരോധം നിലനിൽക്കെത്തന്നെ ഇറാന്റെ പ്രമുഖ എണ്ണ കയറ്റുമതി കേന്ദ്രമായ ഖർഗ് ദ്വീപിലും ജസകിലും ശക്തമായ സ്ഫോടനങ്ങൾ നടന്നതായും റിപ്പോർട്ടുകളുണ്ട്.
മറുപടിയായി ജോർദാനിലെ യു.എസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാന്റെ ശക്തമായ മിസൈൽ ആക്രമണം ഉണ്ടായി. ജോർദാനിൽ അമേരിക്കൻ സൈന്യം ഉപയോഗിക്കുന്ന അൽ അസ്രഖിലെ മുവഫഖ് സാൽതി എയർ ബേസ് (Muwaffaq Salti Air Base) ലക്ഷ്യമിട്ടാണ് ഇറാൻ വലിയ തോതിൽ ബാലിസ്റ്റിക് മിസൈലുകൾ വർഷിച്ചത്. തങ്ങളുടെ യുദ്ധവിമാനങ്ങൾ സൂക്ഷിക്കുന്ന ഹാങ്ങറുകൾ തകർത്തതായും നിരവധി യു.എസ് സൈനികർക്ക് പരിക്കേറ്റതായും ഇറാന്റെ റവല്യൂഷണറി ഗാർഡ്സ് (IRGC) അവകാശപ്പെടുന്നു.
അതേസമയം ഇറാന്റെ ഭാഗത്തുനിന്നുണ്ടായ 20 ബാലിസ്റ്റിക് മിസൈലുകളിൽ 18 എണ്ണവും അന്തരീക്ഷത്തിൽ വെച്ച് തന്നെ തകർത്തതായി ജോർദാൻ സായുധ സേന അറിയിച്ചു. ബാക്കി രണ്ട് മിസൈലുകൾ ആളൊഴിഞ്ഞ പ്രദേശങ്ങളിലാണ് പതിച്ചത്. ആക്രമണത്തിൽ ആർക്കും ജീവഹാനി റിപ്പോർട്ട് ചെയ്തിട്ടില്ല. ജോർദാനിലെ താവളങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിന് “ശക്തമായ പ്രഹരത്തിലൂടെ” കൃത്യമായ മറുപടി നൽകുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഹോർമുസ് കടലിടുക്കിൽ യു.എസും ഇറാനും തമ്മിലുള്ള സംഘർഷം മൂർച്ഛിക്കുന്നു; കപ്പലുകൾ ആക്രമിച്ചു

