ന്യൂഡൽഹി: 18-ാമത് ബ്രിക്സ് (BRICS) ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിൻ ന്യൂഡൽഹിയിൽ എത്തിച്ചേർന്നു. വെള്ളിയാഴ്ച പുലർച്ചെ ഡൽഹിയിലെ പാലം വ്യോമസേന സ്റ്റേഷനിലിറങ്ങിയ അദ്ദേഹത്തെ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് സ്വീകരിച്ചു. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് അദ്ദേഹം ഇന്ത്യയിലെത്തിയിരിക്കുന്നത്. യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിന് ശേഷം റഷ്യയ്ക്ക് പുറത്ത് നടക്കുന്ന ഒരു ബ്രിക്സ് ഉച്ചകോടിയിൽ വ്‌ളാഡിമിർ പുട്ടിൻ നേരിട്ട് പങ്കെടുക്കുന്നത് ഇതാദ്യമായാണ്.
ഉച്ചകോടിക്ക് മുന്നോടിയായി റഷ്യൻ പ്രസിഡന്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് നിർണായകമായ ഉഭയകക്ഷി ചർച്ചകൾ നടത്തും. പ്രതിരോധം, ഊർജം, വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ സഹകരണം വർദ്ധിപ്പിക്കുന്നതിനാണ് ഈ ചർച്ച. ആഗോള സാമ്പത്തിക വെല്ലുവിളികൾക്ക് പുറമെ മിഡിൽ ഈസ്റ്റ് (പശ്ചിമേഷ്യ), യുക്രെയ്ൻ യുദ്ധങ്ങൾ എന്നിവ ഈ ഉച്ചകോടിയിൽ പ്രധാന ചർച്ചാവിഷയങ്ങളാകും.
ശനി, ഞായർ ദിവസങ്ങളിലായി നടക്കുന്ന ഉച്ചകോടിയിൽ ഇറാന്റെ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ രാമഫോസ ഉൾപ്പെടെ ഇരുപതിലധികം ലോക നേതാക്കളും പ്രമുഖരും പങ്കെടുക്കുന്നുണ്ട്.
സുരക്ഷാകോട്ടയായി ഡൽഹി
ലോകനേതാക്കളുടെ സന്ദർശനത്തിൻ്റെ പശ്ചാത്തലത്തിൽ തലസ്ഥാനത്ത് അഭൂതപൂർവമായ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 500 സിസിടിവി ക്യാമറകൾ, ഏകദേശം 7,000 സുരക്ഷാ ഉദ്യോഗസ്ഥർ തുടങ്ങി കനത്ത സുരക്ഷാ വലയത്തിലാണ് തലസ്ഥാനം. വിദേശ നേതാക്കളുടെ വിമാനങ്ങൾ ഡൽഹിയിൽ എത്തുന്നതിന് മുമ്പേ തന്നെ വിവിധ സുരക്ഷാ ഏജൻസികൾ സംയുക്തമായി സുരക്ഷാ ഗ്രിഡ് ശക്തമാക്കി. നേതാക്കളുടെ സഞ്ചാരപാതകൾ, താമസിക്കുന്ന ഹോട്ടലുകൾ, ഉച്ചകോടി വേദി എന്നിവിടങ്ങളിൽ ബഹുതല സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
പ്രധാന കെട്ടിടങ്ങളുടെ മേൽക്കൂരകളിൽ നൈപ്പർമാരെ വിന്യസിക്കും. AI സഹായത്തോടെയുള്ള നിരീക്ഷണ സംവിധാനങ്ങളിലൂടെ സംശയാസ്‌പദമായ ചലനങ്ങളും പെരുമാറ്റങ്ങളിലുണ്ടാകുന്ന മാറ്റങ്ങളും കണ്ടെത്തുന്നതിനുള്ള സംവിധാനങ്ങളും ഉപയോഗിക്കും. അടിയന്തര സാഹചര്യം ഉണ്ടായാൽ കമാൻഡോകളെ ഹെലികോപ്റ്ററുകളിൽ നിന്ന് കയറുകൾ ഉപയോഗിച്ച് താഴെയിറക്കുന്നതിനുള്ള സംവിധാനങ്ങളും സജ്ജമാണ്. UAV-കൾ ഉപയോഗിച്ച് ആകാശനിരീക്ഷണം ശക്തമാക്കും. ഡ്രോണുകളുടെ സിഗ്നലുകൾ തടസ്സപ്പെടുത്തുന്നതിനും ആവശ്യമായാൽ അവയെ നിർവീര്യമാക്കുന്നതിനുമുള്ള സംവിധാനങ്ങളും വിവിധ സ്ഥലങ്ങളിൽ ഒരുക്കിയിട്ടുണ്ട്.

