റിയാദ്: യെമനിലെ ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതർ ചെങ്കടലിലൂടെയുള്ള സൗദി അറേബ്യൻ കപ്പലുകൾക്ക് നാവിക ഉപരോധം പ്രഖ്യാപിച്ചു. ചെങ്കടലിനെയും ഏദൻ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ ബാബ് അൽ-മന്ദബ് കടലിടുക്ക് വഴി സൗദി അറേബ്യയിലേക്കോ അവിടെ നിന്നോ ഉള്ള ഒരു കപ്പലും കടത്തിവിടില്ലെന്നാണ് ഹൂതി സൈനിക വക്താവ് യഹിയ സാരി അറിയിച്ചിട്ടുള്ളത്. സൗദി തുറമുഖങ്ങളിലേക്ക് പോകുന്ന മറ്റ് രാജ്യങ്ങളിലെ കപ്പലുകൾക്കും ഈ ഭീഷണി ബാധകമാണ്.
അടുത്തിടെ യെമനിലെ സനാ അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ വ്യോമാക്രമണത്തിന് പിന്നിൽ സൗദിയാണെന്ന് ആരോപിച്ചാണ് ഹൂതികളുടെ ഈ നീക്കം. അതേസമയം അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമായി തങ്ങളുടെ കപ്പലുകളെ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ ബാബ് അൽ-മന്ദബിലൂടെയുള്ള കപ്പലുകൾക്ക് സൗദി സൈന്യം സുരക്ഷ ശക്തമാക്കി.
ഹോർമുസ് കടലിടുക്കിലെ തർക്കങ്ങൾ കാരണം സൗദി അറേബ്യ തങ്ങളുടെ ക്രൂഡോയിൽ കയറ്റുമതിയുടെ ഭൂരിഭാഗവും (ഏകദേശം 70% എണ്ണ) പൈപ്പ്‌ലൈൻ വഴി ചെങ്കടൽ തീരത്തെ യാൻബു തുറമുഖത്ത് എത്തിച്ചാണ് നിലവിൽ വിതരണം ചെയ്യുന്നത്. ഈ സാഹചര്യത്തിൽ ബാബ് അൽ-മന്ദബ് കൂടി ഹൂതികൾ തടസ്സപ്പെടുത്തിയാൽ ആഗോള വിപണിയിലെ എണ്ണ വിതരണത്തിൽ 7 ശതമാനത്തോളം കുറവുണ്ടാകാൻ ഇത് കാരണമാകും. മാത്രമല്ല ചരക്കുകപ്പലുകൾക്ക് ചെങ്കടൽ പാത ഉപേക്ഷിച്ച് ദക്ഷിണാഫ്രിക്കയിലെ കേപ്പ് ഓഫ് ഗുഡ് ഹോപ്പ് വഴി ചുറ്റി സഞ്ചരിക്കേണ്ടി വരുന്നത് ആഗോള വ്യാപാരത്തിൽ വലിയ ചെലവുകൾക്കും താമസ്സത്തിനും കാരണമാകും.
അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. തുടർച്ചയായ പത്താം രാത്രിയിലും ഇറാനിലെ തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങൾക്ക് നേരെ യു.എസ് വ്യോമാക്രമണം നടത്തി. ഓരോ തവണ അമേരിക്കൻ സൈനികർ കൊല്ലപ്പെടുമ്പോഴും ഇറാൻ അതിന് ‘പലമടങ്ങ് വലിയ വില’ നൽകേണ്ടിവരുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.
യു.എസ് സെൻട്രൽ കമാൻഡ് (CENTCOM) ഇറാന്റെ സൈനിക കമാൻഡ് സെന്ററുകൾ, തീരദേശ നിരീക്ഷണ കേന്ദ്രങ്ങൾ, വ്യോമപ്രതിരോധ സംവിധാനങ്ങൾ, മിസൈൽ-ഡ്രോൺ സംഭരണശാലകൾ എന്നിവയ്ക്ക് നേരെയാണ് വ്യോമാക്രമണം നടത്തിയത്. ഇറാന്റെ തെക്കൻ പ്രവിശ്യയായ ഹോർമോസ്ഗാനിലെ ബന്ദർ അബ്ബാസ്, ഖെഷ്ം ദ്വീപ്, ബെമാനി എന്നീ തീരദേശ മേഖലകളിലാണ് പ്രധാനമായും യു.എസ് ബോംബിങ് ഉണ്ടായതെന്ന് ഇറാനിയൻ മാധ്യമങ്ങൾ സ്ഥിരീകരിച്ചു.
ആഗോള എണ്ണക്കടത്തിന്റെ കേന്ദ്രമായ ഹോർമൂസ് കടലിടുക്കിലൂടെ നീങ്ങിയ ചരക്കുകപ്പലിന് നേരെ ഇറാൻ പ്രൊജക്റ്റൈൽ ആക്രമണം നടത്തി. കപ്പലിന് തീപിടിച്ചതിനെ തുടർന്ന് അതിലെ ജീവനക്കാർക്ക് കപ്പൽ ഉപേക്ഷിച്ച് ലൈഫ് ബോട്ടുകളിൽ രക്ഷപ്പെടേണ്ടി വന്നു. അമേരിക്കൻ സൈനിക താവളങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന ഗൾഫ് രാജ്യങ്ങളിലേക്ക് ഇറാൻ വ്യാപകമായി മിസൈലുകളും ഡ്രോണുകളും അയച്ചു. കുവൈറ്റും ബഹ്‌റൈനും തങ്ങളുടെ വ്യോമാതിർത്തിയിൽ വെച്ച് നിരവധി ഇറാനിയൻ മിസൈലുകൾ തകർത്തതായി അറിയിച്ചു. ഇറാന്റെ ഭാഗത്തുനിന്ന് ഇസ്രായേൽ ലക്ഷ്യമാക്കി വന്ന മൂന്ന് വൻകിട മിസൈലുകൾ തങ്ങൾ വെടിവെച്ചിട്ടതായി ജോർദാൻ സൈന്യവും വ്യക്തമാക്കി
മേഖലയിൽ യുദ്ധം പൂർണ്ണതോതിൽ വ്യാപിക്കുന്നത് തടയാൻ ഖത്തർ മുഖേന പുതിയൊരു നയതന്ത്ര ചർച്ചയ്ക്ക് ശ്രമം നടക്കുന്നുണ്ട്. പ്രശ്നം തണുപ്പിക്കാൻ ഇരുവിഭാഗത്തിനും 10 ദിവസത്തെ താൽക്കാലിക വെടിനിർത്തൽ നിർദ്ദേശം മധ്യസ്ഥർ മുന്നോട്ടുവെച്ചിട്ടുണ്ട്. അമേരിക്കയും ഇറാനും ചർച്ചകൾക്ക് തയ്യാറാണെന്ന് സൂചന നൽകിയെങ്കിലും ആക്രമണങ്ങൾ തുടരുകയാണ്.
ഇറാക്കിൽ ഒരു അമേരിക്കൻ സൈനികൻ കൂടി കൊല്ലപ്പെട്ടു; ഇറാനിൽ ആക്രമണം കടുപ്പിച്ചു അമേരിക്ക.

