ബാഗ്‌ദാദ്: വടക്കൻ ഇറാഖിൽ തകർത്തു വീഴ്ത്തിയ ഇറാന്റെ വൺ-വേ അറ്റാക്ക് ഡ്രോണിലെ പൊട്ടാത്ത സ്ഫോടകവസ്തുക്കൾ നിയന്ത്രിതമായി സ്ഫോടനം നടത്തി നശിപ്പിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ ഒരു അമേരിക്കൻ സൈനികൻ കൂടി കൊല്ലപ്പെട്ടു. ഡ്രോൺ അവശിഷ്ടങ്ങൾ സ്ഫോടനത്തിലൂടെ നശിപ്പിക്കുന്നതിനിടെ തെറിച്ചുവീണ അവശിഷ്ടങ്ങൾ ശക്തമായി പതിച്ചാണ് ഇദ്ദേഹത്തിന് ജീവൻ നഷ്ടമായത്. ഈ സ്ഫോടനത്തിൽ മറ്റൊരു യുഎസ് സൈനികന് നേരിയ പരിക്കേറ്റിട്ടുണ്ട്.
യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ശനിയാഴ്ച (ജൂലൈ 18) ആയിരുന്നു ഈ സംഭവം നടന്നത്. മേഖലയിൽ ഇറാനുമായുള്ള സംഘർഷം ആരംഭിച്ചതിനുശേഷം ഇതുവരെ 17 യുഎസ് സൈനികരാണ് കൊല്ലപ്പെട്ടിട്ടുള്ളത്. ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ രണ്ട് യുഎസ് സൈനികർ കൊല്ലപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്തിരുന്നു. ഇതിന് തിരിച്ചടിയായി ഇറാനിലെ ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സിന്റെ (IRGC) താവളങ്ങൾ ലക്ഷ്യമിട്ട് യുഎസ് ശക്തമായ വ്യോമാക്രമണം തുടരുകയാണ്.
ഇറാന് നേരെ യുഎസ് തുടർച്ചയായി നടത്തുന്ന ആക്രമണങ്ങൾ ഒൻപതാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഒൻപതാം ദിവസത്തെ കടുത്ത യുഎസ് വ്യോമാക്രമണങ്ങളിൽ ദക്ഷിണ-പടിഞ്ഞാറൻ ഇറാനിലെ നിർമ്മാണത്തിലിരിക്കുന്ന ഒരു ആണവനിലയത്തിനും ഇൻഫ്രാസ്ട്രക്ചറുകൾക്കും കനത്ത നാശനഷ്ടമുണ്ടായതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. തെക്കുപടിഞ്ഞാറൻ ഇറാന്റെ അതിർത്തി പ്രദേശമായ ഖുസെസ്താനിൽ നിർമ്മാണത്തിലിരിക്കുന്ന ഡാർഖോവിൻ ആണവനിലയത്തിന് (Darkhovin Power Plant) നേരെ യുഎസ് ബോംബാക്രമണം നടന്നു. എന്നാൽ റേഡിയോ ആക്ടീവ് ചോർച്ചയ്ക്കുള്ള സാധ്യതകൾ നിലവിലില്ലെന്ന് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (IAEA) വ്യക്തമാക്കിയിട്ടുണ്ട്.
ഇറാന്റെ പ്രധാന തുറമുഖ നഗരമായ ബന്ദർ അബ്ബാസിലേക്ക് ബന്ധിപ്പിക്കുന്ന കഹൂറെസ്താൻ പാലം ഉൾപ്പെടെയുള്ള പ്രധാന റോഡ് പാലങ്ങളും ടണലുകളും ബോംബിട്ട് തകർത്തു. കൂടാതെ ഇവിടുത്തെ പ്രധാന റെയിൽവേ സ്റ്റേഷനും തകർക്കപ്പെട്ടിട്ടുണ്ട്. ബന്ദർ അബ്ബാസിലെ കമ്മ്യൂണിക്കേഷൻ ടവർ യുഎസ് തകർത്തതോടെ മേഖലയിലെ കമ്മ്യൂണിക്കേഷൻ സംവിധാനങ്ങളും തകരാറിലായി. തന്ത്രപ്രധാനമായ ഖാർഗ് ദ്വീപിൽ (Kharg Island) ചരക്ക് കയറ്റാൻ എത്തിയ ഇറാന്റെ എണ്ണ ടാങ്കർ കപ്പലിന് നേരെയും യുഎസ് ആക്രമണമുണ്ടായി. ദക്ഷിണ ഇറാനിലെ ജല-വൈദ്യുത വിതരണ ശൃംഖലകൾ തകർന്നതോടെ കടുത്ത ഊർജ്ജ പ്രതിസന്ധിയും വൈദ്യുതി തടസ്സവും ഈ ഭാഗങ്ങളിൽ അനുഭവപ്പെടുന്നുണ്ട്.
വ്യോമപ്രതിരോധ സംവിധാനങ്ങൾ, തീരദേശ നിരീക്ഷണ കേന്ദ്രങ്ങൾ, മിസൈൽ-ഡ്രോൺ സംഭരണശാലകൾ എന്നിവ ലക്ഷ്യമിട്ടാണ് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) പ്രധാനമായും വ്യോമാക്രമണം നടത്തിയത്. സിറിക്, ബന്ദർ അബ്ബാസ്, ബുഷെഹർ, ഖേഷ്ം ദ്വീപ് തുടങ്ങിയ ഭാഗങ്ങളിലെ ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സിന്റെ (IRGC) തന്ത്രപ്രധാനമായ പല സൈനിക കേന്ദ്രങ്ങളും ആക്രമിച്ചു.
അതേസമയം ഗൾഫ് രാജ്യങ്ങളിലുള്ള യുഎസ് താവളങ്ങളെയും സഖ്യകക്ഷികളെയും ലക്ഷ്യമിട്ട് ഇറാൻ വൻതോതിലുള്ള പ്രത്യാക്രമണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇറാഖ് കുർദിസ്ഥാൻ, കുവൈറ്റ്, ജോർദാൻ, ബഹ്‌റൈൻ, സിറിയ എന്നീ രാജ്യങ്ങളിലെ വിവിധ കേന്ദ്രങ്ങൾക്ക് നേരെയാണ് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സ് (IRGC) മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ വ്യാപിപ്പിച്ചിരിക്കുന്നത്.
കുവൈറ്റിലെ പ്രധാന എനർജി ഇൻഫ്രാസ്ട്രക്ചറുകളെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ വൈദ്യുതി-ശുദ്ധജല വിതരണ പ്ലാന്റിന് (Desalination plant) കനത്ത തീപിടുത്തമുണ്ടായി. പ്ലാന്റിലെ പല സൗകര്യങ്ങളും പൂർണ്ണമായി തകർന്നു. തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ നിരവധി കുവൈറ്റ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റിട്ടുണ്ട്. രാജ്യത്തെ സിവിലിയൻമാരെയും തന്ത്രപ്രധാനമായ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടുണ്ടായ ഇറാൻ ആക്രമണത്തിൽ പരുക്കേറ്റ് അൽ അദാൻ ആശുപത്രിയിൽ കഴിയുന്നവരെ കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് സന്ദർശിച്ചു.
സിറിയയിലെ അൽ-തൻഫ് പ്രവിശ്യയിലുള്ള യുഎസ് സ്പെഷ്യൽ ഓപ്പറേഷൻസ് കമാൻഡ് സെന്ററിന് നേരെ ഐആർജിസി (IRGC) ആക്രമണം നടത്തി. ജോർദാനിലെ അഖബ എയർപോർട്ടിന് സമീപം ഇറാന്റെ മിസൈൽ പതിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ഇറാനിൽ നിന്നുള്ള മിസൈൽ-ഡ്രോൺ ഭീഷണിയെ തുടർന്ന് ബഹ്‌റൈനിൽ ഉടനീളം വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി. ഇറാഖിലെ എർബിലിലെ യുഎസ് നയതന്ത്ര കാര്യാലയവും എയർബേസും ലക്ഷ്യമിട്ട് ഇറാൻ അയച്ച അഞ്ചോളം സ്ഫോടകവസ്തുക്കൾ നിറഞ്ഞ ഡ്രോണുകൾ യുഎസ് താവളത്തിലെ C-RAM വ്യോമപ്രതിരോധ സംവിധാനം വെടിവെച്ചിട്ടു.
ജോർദാനിൽ ഇറാൻ നടത്തിയ ആക്രമണങ്ങളിൽ രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു.

