Tuesday, July 21, 2026
Home » നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരക്ക് വധശിക്ഷ
നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരക്ക് വധശിക്ഷ

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരക്ക് വധശിക്ഷ

by Editor

പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് (61) പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി വധശിക്ഷ വിധിച്ചു. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് വിലയിരുത്തിയ ജഡ്‌ജി കെന്നത്ത് ജോർജ് പ്രതിക്ക് മാനസാന്തരത്തിന് സാധ്യതയില്ലെന്നും നിരീക്ഷിച്ചു.
ചെന്താമരയ്ക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന സൈക്കാട്രി, സൈക്കോളജി റിപ്പോർട്ടുകൾ കോടതി ശരിവച്ചു. താൻ ഗാന്ധിജിയല്ല, ആരെയും വെറുതേ വിടില്ല എന്ന ചെന്താമരയുടെ പരാമർശം കോടതി എടുത്തു പറഞ്ഞു. പ്രതിക്ക് യാതൊരുവിധ മാനസാന്തരത്തിനും സാധ്യതയില്ലെന്നും, ഇയാൾ സമൂഹത്തിന് ഇപ്പോഴും വലിയ ഭീഷണിയാണെന്നും കോടതി വിലയിരുത്തി.

കൊലപാതകം നടന്ന് ഒന്നരവർഷത്തിനു ശേഷമാണ് കേസിൽ വിധി വരുന്നത്. ബിഎൻഎസ് വകുപ്പ് 103(1), 126 (2) എന്നീ വകുപ്പുകൾ പ്രകാരമാണ് ചെന്താമര കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. മറ്റ് സംസ്ഥാനങ്ങളിലെ ഹൈക്കോടതി വിധിയും കോടതി ചൂണ്ടിക്കാട്ടി. എല്ലാ കുറ്റവാളികൾക്കും ഭാവിയുണ്ടെന്നും എല്ലാ വിശുദ്ധർക്കും ഭൂതമുണ്ടെന്നും പറഞ്ഞ കോടതി പ്രതി ഭാഗത്തിൻ്റെ വാദങ്ങളെല്ലാം തള്ളിക്കളഞ്ഞു. കേസിൽ ചെന്താമര കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.

2025 ജനുവരി 27-ന് പോത്തുണ്ടി ബോയൻ നഗർ സ്വദേശി സുധാകരനെയും അമ്മ ലക്ഷ്‌മിയെയും കൊലപ്പെടുത്തിയ കേസിലാണ് കോടതി ശിക്ഷാവിധി പ്രസ്‌താവിച്ചത്. 2019 ഓഗസ്റ്റ് 31 ന് സുധാകരൻ്റെ ഭാര്യ സജിതയെയും ചെന്താമര കൊലപ്പെടുത്തിയിരുന്നു. ഈ കേസിൽ ചെന്താമരയ്ക്ക് കോടതി ഇരട്ട ജീവപര്യന്തവും പിഴയും വിധിച്ചിരുന്നു. സജിതയെ കൊന്ന കേസിന്റെ വിചാരണയ്ക്കിടെ പരോളിനിറങ്ങിയ സമയത്തായിരുന്നു ഇയാൾ സുധാകരനെയും ലക്ഷ്‌മിയെയും കൊലപ്പെടുത്തിയത്. ചെന്താമരയുടെ ഭാര്യ പിണങ്ങിപ്പോകാൻ കാരണം സജിതയാണെന്ന് പറഞ്ഞാണ് വെട്ടിക്കൊന്നത്.

ഇരട്ടക്കൊല കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കോടതിയിലെത്തിച്ചപ്പോൾ പ്രതി ചെന്താമര വെല്ലുവിളിയും ഭീഷണിയും ഉയർത്തിയിരുന്നു. വേണ്ടി വന്നാൽ താൻ മറ്റുള്ളവരേയും കൊല്ലുമെന്നാണ് പ്രതി അന്ന് കോടതിയിൽ പറഞ്ഞത്. ഒരു ചെകിടത്ത് അടിച്ചാൽ മറ്റേ ചെകിടും കാണിക്കാൻ താൻ ഗാന്ധിജിയല്ലെന്നും എഴുതാൻ പറ്റുന്നതെല്ലാം എഴുതിക്കോയെന്നും ജഡ്‌ജിയോട് ചെന്താമര പറഞ്ഞു. തടസം നിന്നാൽ ഇങ്ങനെ ആയിരിക്കും തൻ്റെ പെരുമാറ്റമെന്നും ചെന്താമര ഭീഷണിപ്പെടുത്തിയിരുന്നു. ചെന്താമരയ്ക്ക് മാനസിക പ്രശ്നം ഇല്ലെന്ന് ജില്ലാ സൈക്കോളജിസ്റ്റ് റിപ്പോർട്ട് ചെയ്‌തതായി കോടതി പറഞ്ഞപ്പോൾ തനിക്ക് പ്രശ്‍നം ഉണ്ടെന്ന് ആരാണ് പറഞ്ഞത് എന്നായിരുന്നു ചെന്താമരയുടെ മറുപടി. വിധി പ്രഖ്യാപിക്കും മുമ്പ് എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ചോദിച്ചപ്പോൾ തൂക്കി കൊന്നോളൂവെന്നായിരുന്നു ചെന്താമരയുടെ പ്രതികരണം.

Send your news and Advertisements

You may also like

error: Content is protected !!