Tuesday, July 21, 2026
Home » കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യ; മുഖ്യപ്രതി ഡോ.എം.കെ റാം പിടിയിൽ.
കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യ.

കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യ; മുഖ്യപ്രതി ഡോ.എം.കെ റാം പിടിയിൽ.

by Editor

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ മുഖ്യപ്രതിയും അധ്യാപകനുമായ ഡോ. എം.കെ. റാം പൊലീസ് കസ്റ്റഡിയിൽ. മൂന്ന് മാസത്തോളമായി ഒളിവിലായിരുന്ന ഇയാളെ കർണാടകയിലെ കുടകിൽ നിന്നാണ് ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്. അറസ്റ്റിലായ ഡോ.റാമിനെ കണ്ണൂരിലെത്തിച്ചു. അന്വേഷണമാരംഭിച്ച് മൂന്ന് മാസങ്ങൾക്ക് ശേഷമാണ് ഡോ. റാം പിടിയിലാകുന്നത്. ഡോ. റാമിനെ അറസ്റ്റ് ചെയ്‌തതിൽ സന്തോഷമുണ്ടെന്നും കേസിലെ മറ്റ് പ്രതികളെക്കൂടി അറസ്റ്റ് ചെയ്‌ത്‌ ശിക്ഷ വാങ്ങിക്കൊടുത്താൽ മാത്രമേ തൻ്റെ മകന് നീതി ലഭിക്കൂവെന്നും നിതിൻ രാജിൻ്റെ പിതാവ് രാജൻ പ്രതികരിച്ചു.

ഡോ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം സുപ്രീം കോടതി തള്ളിയിരുന്നു. പ്രതിക്കെതിരെ കടുത്ത ഭാഷയിൽ വിമർശനവും കോടതിയുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നു. വിദ്യാർത്ഥികളോട് അധ്യാപകർ ഇങ്ങനെയാണോ പെരുമാറേണ്ടതെന്ന് റാമിൻ്റെ അഭിഭാഷകനോട് കോടതി ചോദിച്ചു. സഹപാഠികൾക്ക് മുന്നിൽ വച്ച് ഇത്തരത്തിൽ അപമാനിക്കപ്പെടുമ്പോൾ വിദ്യാർത്ഥികൾക്ക് ഉണ്ടാകുന്ന മാനസികാവസ്ഥയെപ്പറ്റി ചിന്തിച്ചിട്ടുണ്ടോയെന്നും കോടതി ആരാഞ്ഞു. സംഭവം ക്രൂരവും മനുഷ്യത്വരഹിതവുമാണെന്ന് പറഞ്ഞ കോടതി ഇത്തരം പ്രവൃത്തികൾ ചെയ്യുന്ന അധ്യാപകർ അതിന്റെ പ്രത്യാഘാതം എന്താണെന്ന് മനസിലാക്കണമെന്നും കോടതി പറഞ്ഞു.

എന്നാൽ ജാതി അധിക്ഷേപം നടന്നിട്ടില്ലെന്നും അതിന് തെളിവില്ലെന്നുമായിരുന്നു റാമിന് വേണ്ടി ഹാജരായ അഭിഭാഷകന്റെ വാദം. കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ അന്വേഷണം ക്രൈംബ്രാഞ്ച് സംഘം സജീവമാക്കുകയായിരുന്നു. ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ ഇയാൾ ഒളിവിൽ കഴിയുന്നുണ്ടെന്നായിരുന്നു ആദ്യ സൂചന. എന്നാൽ പിന്നീട് ബംഗളൂരുവിൽ എത്തിയതായും പൊലീസിന് വിവരം ലഭിച്ചു. ഇതേ തുടർന്ന് രണ്ട് ദിവസം മുൻപ് ക്രൈംബ്രാഞ്ച് സംഘം ബംഗളൂരുവിലെത്തിയിരുന്നു. പിന്നാലെ കുടക് കേന്ദ്രീകരിച്ചും നിരീക്ഷണം ശക്തമാക്കിയതോടെയാണ് ഇയാൾ വലയിലായത്.

തിരുവനന്തപുരം സ്വദേശിയായ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥി ആർ.എൽ. നിതിൻ രാജ് കഴിഞ്ഞ ഏപ്രിൽ 10-നാണ് കോളേജ് കെട്ടിടത്തിൽ നിന്നും വീണ് മരിച്ചത്. പരീക്ഷയ്ക്ക് മാർക്ക് കുറയ്ക്കുമെന്ന ഭീഷണി, ക്ലാസ് മുറിയിലെ മാനസിക പീഡനം, ജാതീയമായ അധിക്ഷേപങ്ങൾ, ശാരീരികമായ അധിക്ഷേപം (ബോഡി ഷെയ്മിങ്) എന്നിവ ഡോ. റാമിൽ നിന്ന് നിതിൻ നേരിട്ടിരുന്നതായി കുടുംബവും സഹപാഠികളും ആരോപിച്ചിരുന്നു. കേസിൽ രണ്ടാം പ്രതിയായ അധ്യാപിക ഡോ. സംഗീത നമ്പ്യാർ നേരത്തെ ജാമ്യം നേടിയിരുന്നു. കൂടാതെ, നിതിൻ എടുത്ത ഓൺലൈൻ ലോൺ ആപ്പുമായി ബന്ധപ്പെട്ട് പണം തിരിച്ചടയ്ക്കാൻ ഭീഷണിപ്പെടുത്തിയ നാല് പേരെ ഉത്തർപ്രദേശിൽ നിന്നും ഡൽഹിയിൽ നിന്നും മുൻപ് അറസ്റ്റ് ചെയ്തിരുന്നു.

Send your news and Advertisements

You may also like

error: Content is protected !!