കാശ്മീർ: മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലിലും ജമ്മു കശ്മീരിൽ 11 പേരും വടക്കുകിഴക്കൻ സംസ്ഥാനമായ നാഗാലാൻഡിൽ 8 പേരും മരിച്ചു. മണിക്കൂറുകളുടെ വ്യത്യാസത്തില്‍ പെയ്ത കനത്ത മഴയാണ് ജമ്മു കശ്മീരില്‍ നാശം വിതച്ചത്. കനത്ത മഴയെത്തുടർന്ന് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത് പൂഞ്ച്, രജൗരി ജില്ലകളിലാണ്.
മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍നിന്നും നദീതീരങ്ങളില്‍നിന്നും നൂറുകണക്കിന് പേരെ ഇതുവരെ ഒഴിപ്പിച്ചു. നിരവധി വീടുകള്‍ തകര്‍ന്നു. ദേശീയപാതയിലും സംസ്ഥാനപാതയിലുമടക്കം ഗതാഗതം തടസ്സപ്പെട്ടു. രജൗരിയില്‍ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരം പൂര്‍ണമായും വെള്ളത്തിനടിയില്‍ ആയതോടെ നിരവധി വാഹനങ്ങള്‍ തകര്‍ന്നു. സുരൻകോട്ട് ഒരു കുടുംബത്തിലെ ആറ് പേർ ഉൾപ്പെടെ നിരവധി പേർക്ക് ഇവിടെ ജീവൻ നഷ്ടമായി.
നാഗാലാന്‍ഡിലെ മോണ്‍ പട്ടണത്തില്‍ ശക്തമായ മഴയെ തുടര്‍ന്ന് ഉച്ചയോടെയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. പതിമൂന്ന് വീടുകള്‍ പൂര്‍ണമായും കല്ലുകള്‍ക്കും മണ്ണിനുമടിയിലായി. നാഗാലാൻഡ് മോൺ ജില്ലയിലുണ്ടായ കനത്ത മണ്ണിടിച്ചിലിൽ കുട്ടികളടക്കം 8 പേർ ആണ് മരണപ്പെട്ടത്. കരസേനയും ദുരന്ത നിവാരണസേനയും രക്ഷാപ്രവര്‍ത്തന രംഗത്തുണ്ട്.
ജമ്മു കശ്മീരില്‍ അടുത്ത വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴയെത്തുടര്‍ന്ന് അമര്‍നാഥ് യാത്ര താല്‍ക്കാലികമായി നിര്‍ത്തിവച്ചു. വൈഷ്‌ണോദേവി ക്ഷേത്രത്തിലേക്കുള്ള തീര്‍ടനവും നിര്‍ത്തിവച്ചു. കുടുങ്ങിക്കിടക്കുന്ന ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ സൈന്യവും ദുരന്തനിവാരണ സേനയും രംഗത്തുണ്ട്. മുഖ്യമന്ത്രി ഒമർ അബ്ദുള്ള സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുന്നുണ്ട്.

