Monday, September 7, 2026
Home » ഇസ്രയേലിനെതിരെ സഖ്യകക്ഷികളായ സായുധ ഗ്രൂപ്പുകളെ അണിനിരത്തി പുതിയ ആക്രമണത്തിന് ഇറാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്.

ഇസ്രയേലിനെതിരെ സഖ്യകക്ഷികളായ സായുധ ഗ്രൂപ്പുകളെ അണിനിരത്തി പുതിയ ആക്രമണത്തിന് ഇറാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്.

by Editor

ടെഹ്റാൻ: ഇസ്രയേലിനെതിരെ തങ്ങളുടെ സഖ്യകക്ഷികളായ വിവിധ സായുധ ഗ്രൂപ്പുകളെ ഒന്നിപ്പിച്ചു നിർത്തിക്കൊണ്ട് വലിയൊരു സംയുക്ത ആക്രമണത്തിന് ഇറാൻ പദ്ധതിയിടുന്നതായി ഇന്റലിജൻസ് റിപ്പോർട്ടുകൾ പുറത്തു വന്നു. 2023 ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണത്തിൻ്റെ മാതൃകയിൽ, എന്നാൽ കൂടുതൽ പഴുതടച്ചതും ശക്തവുമായ രീതിയിലാണ് പദ്ധതി തയ്യാറാക്കുന്നതെന്ന് ഇസ്രയേൽ ഇൻ്റലിജൻസ് വിവരങ്ങളെ ഉദ്ധരിച്ച് ദ് ജറുസലം പോസ്റ്റ് വെളിപ്പെടുത്തി.

ഇറാൻ റവല്യൂഷനറി കോറിലെയും ഖുദ്‌സ് സേനയിലെയും ഉന്നത ഉദ്യോഗസ്ഥർ ലബനനിലെ ഹിസ്ബുല്ല, യമനിലെ ഹൂതികൾ, ഹമാസ്, ഇറാഖിലും സിറിയയിലുമുള്ള ഇറാൻ അനുകൂല സംഘടനകൾ എന്നിവരുടെ കമാൻഡർമാരുമായി ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തിയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇസ്രയേലിന്റെ വടക്കൻ, തെക്കൻ അതിർത്തികളിൽ നിന്ന് ഒരേസമയം അതിശക്തമായ ആക്രമണം അഴിച്ചുവിട്ട് രാജ്യത്തെ സമ്മർദത്തിലാക്കുകയാണ് ലക്ഷ്യം. ഇതിനോടകം തന്നെ ഹമാസും ഹിസ്ബുല്ലയും ഇറാന്റെ പിന്തുണയോടെ അതിർത്തികളിൽ തങ്ങളുടെ സാന്നിധ്യവും പ്രവർത്തനങ്ങളും ശക്തമാക്കിയിട്ടുണ്ട്.

യു.എസ്, ഇസ്രയേൽ പ്രതിരോധ നീക്കങ്ങളിൽ കുറവ് വന്ന തങ്ങളുടെ ആയുധ ശേഖരം വേഗത്തിൽ പുനരുജ്ജീവിപ്പിക്കാനും ഇറാൻ ഊർജിത ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി മിസൈൽ, ഡ്രോൺ ഉൽപാദനം വീണ്ടും ത്വരിതപ്പെടുത്തിയിരിക്കുകയാണ്. ഇസ്രയേൽ തിരിച്ചടികളിൽ ഹിസ്ബുല്ലയ്ക്ക് നേരിട്ട കനത്ത നാശനഷ്ടങ്ങളും സിറിയയിൽ അസദ് ഭരണകൂടം താഴെ വീണതും മേഖലയിൽ ഇറാൻ്റെ സ്വാധീനം കുറച്ചു എന്ന വിലയിരുത്തലുകൾക്കിടെയാണ് തങ്ങളുടെ സഖ്യശക്തിയെ തിരിച്ചുപിടിക്കാനുള്ള പുതിയ നീക്കം.

2023 ഒക്ടോബർ ഏഴിലെ ആക്രമണ സമയത്ത് ഹമാസ് മറ്റ് സഖ്യകക്ഷികളെ മുൻകൂട്ടി പങ്കാളികളാക്കിയിരുന്നില്ല. എന്നാൽ ഗാസയിൽ നിന്നും ലഭിച്ച രേഖകൾ പ്രകാരം, ഹിസ്ബുല്ലയെയും ഇറാനെയും ഉൾപ്പെടുത്തി ആക്രമണം വിപുലമാക്കാൻ ഹമാസ് നേതാവ് യഹ്യ സിൻവർ ഉദ്ദേശിച്ചിരുന്നതായി വ്യക്തമായിരുന്നു. അന്ന് സാധിക്കാതെ പോയ ഈ തന്ത്രപരമായ ഏകോപനം ഇത്തവണ കൃത്യമായി നടപ്പാക്കി, ബഹുമുഖ ആക്രമണത്തിലൂടെ ഇസ്രയേലിനെ പൂട്ടിയിടാനാണ് ഇറാൻ്റെ നേതൃത്വത്തിൽ തയാറാകുന്ന പുതിയ പദ്ധതി എന്നാണ് റിപ്പോർട്ടുകൾ.

ഇസ്രയേലിനെതിരെ പുതിയ സംയുക്ത ആക്രമണത്തിന് ഇറാൻ ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകളോട് വളരെ ശക്തമായ ഭാഷയിലാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രതികരിച്ചത്. ഇറാൻ ഇസ്രയേലിനെ ആക്രമിക്കാൻ തുനിഞ്ഞാൽ അത് അവർ ചരിത്രത്തിൽ ചെയ്യുന്ന ഏറ്റവും വലിയ തെറ്റായിരിക്കും. ഞങ്ങളെ ആക്രമിച്ചാൽ അവർക്ക് ഊഹിക്കാൻ പോലും കഴിയാത്ത അത്ര ശക്തമായ തിരിച്ചടി നേരിടേണ്ടി വരും എന്ന് നെതന്യാഹു മുന്നറിയിപ്പ് നൽകി.

ഇറാന്റെ ഇപ്പോഴത്തെ ഭരണകൂടം തകർച്ചയുടെ വക്കിലാണെന്നും, അതിന്റെ അന്ത്യം അടുത്തുകഴിഞ്ഞതായും നെതന്യാഹു അവകാശപ്പെട്ടു. ഇറാൻ ഭരണകൂടത്തെ താഴെയിറക്കുക എന്നത് ഇസ്രയേലിന്റെ പ്രധാന ലക്ഷ്യമാണെന്നും അതിനുള്ള കാര്യങ്ങൾ പൂർത്തിയായി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജൂത പുതുവർഷമായ ‘റോഷ് ഹാഷാന’യോട് അനുബന്ധിച്ച് (Rosh Hashanah) നടത്തിയ മന്ത്രിസഭാ യോഗത്തിലും മറ്റ് പൊതുവേദികളിലും അദ്ദേഹം ഇറാന് കടുത്ത മുന്നറിയിപ്പുകൾ നൽകി.

Send your news and Advertisements

You may also like

error: Content is protected !!