ഇസ്ലാമാബാദ്: പാക് ഭീകരസംഘടനയായ ലഷ്കർ-ഇ -തോയ്ബയുടെ വിദ്യാർത്ഥി വിഭാഗം നേതാവും കുഴഞ്ഞുവീണു മരിച്ചു. സോഷ്യൽ മീഡിയ തലവൻ അദീൽ അസ്ലമാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ യഥാർത്ഥ മരണകാരണം പുറത്തുവിട്ടിട്ടില്ല. ലാഹോർ യൂണിവേഴ്സിറ്റി ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയുടെ മറവിൽ പ്രവർത്തിച്ചിരുന്ന ലഷ്കർ-ഇ-തോയ്ബയുടെ വിദ്യാർത്ഥി വിഭാഗമായ ഇസ്‌ലാമി ജമായത്ത് ത്വലബയുടെ മുഖപത്രം ‘അഖ്ബാർ-ഇ-ത്വലബ’യുടെ ഡെപ്യൂട്ടി എഡിറ്ററാണ് അദീൽ അസ്ലം.
ഇന്ത്യക്കെതിരെ വ്യാജ വീഡിയോകൾ നിർമിച്ച് പ്രചരിപ്പിക്കുക, സാമൂഹിക മാധ്യമങ്ങളിലൂടെ ജിഹാദി ആശയങ്ങൾ പ്രചരിപ്പിക്കുക, യുവാക്കളെ തീവ്രവാദ ആശയങ്ങൾ കുത്തിവെക്കുക എന്നിവയാണ് അദീൽ അസ്ലമിൻ്റെ പ്രധാന ജോലി. ഡൽഹിയിൽ അടുത്തിടെ നടന്ന പ്രതിഷേധങ്ങൾക്ക് ഇന്ധനം പകരുന്ന തരത്തിൽ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് പിന്നിലെ അദീൽ അസ്ലമിനും സംഘത്തിനും പങ്കുണ്ടെന്നാണ് റിപ്പോർട്ട്.
പാക്കിസ്ഥാനിൽ കഴിഞ്ഞ കുറച്ചു നാളുകളായി ലഷ്കർ-ഇ-തോയ്ബ ഉൾപ്പെടെയുള്ള നിരോധിത സംഘടനകളുടെ മുതിർന്ന നേതാക്കൾ ദുരൂഹ സാഹചര്യങ്ങളിൽ കൊല്ലപ്പെടുന്ന സംഭവങ്ങൾ തുടരുകയാണ്. ഓഗസ്റ്റ് എട്ടിനാണ് മുതിർന്ന കമാൻഡർ ഖാരി സയീദ് അബ്ദുൾ അസീസ് കൊല്ലപ്പെട്ടത്. ഒരു റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം ഖുബാ പള്ളിയിലെത്തിയ അസീസ് പള്ളിയുടെ പ്രവേശന കവാടത്തിൽവച്ച് കുഴഞ്ഞുവീഴുകയായിരുന്നു. മുംബൈ ഭീകരാക്രമണത്തിന്റെ (26/11) ആസൂത്രണത്തിൽ പങ്കാളിയായിരുന്ന ഇയാൾ, ജമ്മു കശ്മീരിൽ കൊല്ലപ്പെട്ട ഭീകരരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായവും പെൻഷനും എത്തിക്കുന്ന വിഭാഗത്തിന്റെ തലവനായിരുന്നു.
പള്ളിയിലേക്ക് വരുന്നതിന് തൊട്ടുമുമ്പ് അപരിചിതമായ ഒരു റെസ്റ്റോറന്റിൽ നിന്ന് ഇയാൾ ഭക്ഷണം കഴിച്ചിരുന്നതായി വിവരമുണ്ട്. ഇതിനാൽ തന്നെ ഭക്ഷണത്തിൽ വിഷം കലർത്തിയതാണോ എന്നതുൾപ്പെടെയുള്ള സംശയങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ പുറത്തുവന്ന ഒരു വീഡിയോയിൽ, ലഷ്കറിന്റെ മുതിർന്ന ഭീകരൻ റിസ്‌വാൻ ഹനീഫ്, തങ്ങളുടെ മുപ്പതിലധികം സജീവ പ്രവർത്തകരെ ‘അജ്ഞാതർ’ വധിച്ചതായി വെളിപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിൽ ഈ പെട്ടെന്നുള്ള മരണങ്ങൾ ഭീകര സംഘടനകൾക്കിടയിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

