ന്യൂഡൽഹി: 2047-ഓടെ ഇന്ത്യയെ ഒരു വികസിത രാജ്യമാക്കി മാറ്റുക (വികസിത് ഭാരത്) എന്നത് തന്നെയാണ് രാജ്യത്തിന്റെ പ്രധാന ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ പ്രഖ്യാപിച്ചു. ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തിയ ശേഷം ചെങ്കോട്ടയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി ദേശീയപതാക ഉയർത്തിയതോടെയാണ് രാജ്യത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കമായത്. പതാക ഉയർത്തലിന് മുന്നോടിയായി ചെങ്കോട്ടയിൽ വന്ദേമാതരവും തുടർന്ന് ദേശീയഗാനവും ആലപിച്ചു. സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായി ചെങ്കോട്ടയിൽ വന്ദേമാതരം മുഴങ്ങിയത് ഒരു ചരിത്ര നിമിഷമാണെന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ദേശീയഗീതമായ വന്ദേമാതരത്തിന്റെ 150-ാം വാർഷികവും യുവശക്തിയും പ്രമേയമാക്കിയാണ് ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്.
വിദ്യാർഥി പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ യുവജനങ്ങളെ സന്ദേശത്തിൽ ഉൾപ്പെടുത്തുമോ എന്ന് രാജ്യം ഉറ്റുനോക്കിയ നിമിഷത്തിൽ കൂടിയാണ് പ്രധാനമന്ത്രി ചെങ്കോട്ടയിൽ നിന്ന് സംസാരിച്ചത്. 2047-ൽ രാജ്യം നൂറാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ ഇന്ത്യയെ ഒരു വികസിത രാജ്യമാക്കി മാറ്റണമെന്ന വലിയ ലക്ഷ്യം അദ്ദേഹം ജനങ്ങൾക്ക് മുന്നിൽ വച്ചു. വലിയ സ്വപ്‌നങ്ങൾ കാണാനും അത് നിറവേറ്റാനുമാണ് നാം ശ്രമിക്കേണ്ടതെന്ന് പ്രധാനമന്ത്രി ഓർമിപ്പിച്ചു. സ്വപ്‌നങ്ങൾ വലുതാകുമ്പോൾ നമ്മുടെ ചിന്തകൾ വിശാലമാകുകയും അതിലൂടെ കഴിവുകൾ വർധിക്കുകയും ചെയ്യും. ലക്ഷ്യങ്ങൾ ദൃഢമാകുമ്പോൾ വെല്ലുവിളികളെ അതിജീവിച്ച് മുന്നോട്ടുപോകാനുള്ള ധൈര്യം താനേ വന്നുചേരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
രാജ്യത്തിന്റെ പുരോഗതിക്കായി 7 പ്രധാന മേഖലകളിൽ (‘സപ്തധാര’) ഊന്നിയുള്ള വികസനരേഖ പ്രധാനമന്ത്രി പങ്കുവെച്ചു.
- നിർമ്മാണം (Manufacturing): ആഗോള വിതരണ ശൃംഖലയുടെ കേന്ദ്രമായി ഇന്ത്യയെ മാറ്റുക.
- കാർഷിക മേഖല (Agriculture): ഇന്ത്യൻ കാർഷിക ഉൽപ്പന്നങ്ങളെ ആഗോള ബ്രാൻഡുകളാക്കുക.
- സാങ്കേതികവിദ്യ (Technology): നിർമ്മിത ബുദ്ധി (AI), ഡാറ്റാ സെന്ററുകൾ, ‘മേഡ് ഇൻ ഇന്ത്യ’ 6G സാങ്കേതികവിദ്യ എന്നിവ നടപ്പിലാക്കുക.
- ഗതിശക്തി (Gatishakti): അതിവേഗ റെയിലുകളും എക്സ്പ്രസ് വേകളും വഴി മികച്ച കണക്റ്റിവിറ്റി ഉറപ്പാക്കുക.
- പ്രതിരോധ ശക്തി (Defence): പ്രതിരോധ ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത നേടി ആഗോളതലത്തിൽ ആയുധങ്ങൾ കയറ്റുമതി ചെയ്യുന്ന രാജ്യമാകുക.
- ഗ്രീൻ & ബ്ലൂ ഇക്കോണമി (Green & Blue Economy): ഹരിത ഊർജ്ജത്തിലും സമുദ്രവിഭവങ്ങളുടെ വിനിയോഗത്തിലും മുൻപന്തിയിലെത്തുക.
- സോഫ്റ്റ് പവർ (Soft Power): യോഗ, സിനിമ, ഡിജിറ്റൽ കണ്ടെന്റുകൾ എന്നിവയിലൂടെ ഇന്ത്യയുടെ സാംസ്കാരിക സ്വാധീനം വർദ്ധിപ്പിക്കുക
കഴിഞ്ഞ 10-12 വർഷത്തിനിടയിൽ രാജ്യം കൈവരിച്ച നേട്ടങ്ങളെക്കുറിച്ചും പ്രധാനമന്ത്രി എടുത്ത് പറഞ്ഞു. ഈ കാലയളവിൽ നടപ്പാക്കിയ മികച്ച പദ്ധതികൾ വഴി 25 കോടിയോളം ഇന്ത്യക്കാരാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ ദാരിദ്ര്യത്തിൽ നിന്ന് മുക്തരായത്. കോവിഡ് മഹാമാരിയുടെ സമയത്ത് വ്യാജ പ്രചാരണങ്ങളിലൂടെ ആളുകളെ ഭയപ്പെടുത്താൻ ചിലർ ശ്രമിച്ചെങ്കിലും ഇന്ത്യ തങ്ങളുടെ പദ്ധതികളുടെ ഫലപ്രാപ്തി തെളിയിച്ചു കാട്ടി. രാജ്യത്ത് ആദ്യമായി ഹൈഡ്രജൻ ട്രെയിൻ അവതരിപ്പിക്കാൻ കഴിഞ്ഞതും സാങ്കേതികമായി ഇന്ത്യ മുന്നേറിയതും ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. ഇന്ന് ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ വലിയ ബഹുമാനമാണ് ഇന്ത്യയ്ക്കുള്ളത്.
രാജ്യത്തെ സ്ഥിരതയുള്ള സർക്കാർ കാരണം 2014 മുതൽ ഒട്ടേറെ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറുകളിൽ ഒപ്പിടാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിൻ്റെ ഹർ ഘർ തിരംഗ പ്രചാരണത്തിന്റെ ഭാഗമായി രാജ്യത്തുടനീളം പാതകളും കെട്ടിടങ്ങളും വാഹനങ്ങളും ത്രിവർണ പതാകകളാൽ അലങ്കരിക്കപ്പെട്ടിരിക്കുകയാണ്. വിദ്യാർഥികളും യുവജനങ്ങളും രാജ്യത്തിൻ്റെ മാറ്റങ്ങൾക്ക് നേതൃത്വം നൽകുന്ന ഈ വേളയിൽ, കൂടുതൽ വലിയ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള ആഹ്വാനത്തോടെയാണ് ചെങ്കോട്ടയിലെ ചരിത്ര പ്രധാനമായ പ്രസംഗം അവസാനിച്ചത്.

