തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ പൂർണ്ണ നിയന്ത്രണം തങ്ങൾക്കാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസ് നാവികസേനയുടെ ഉപരോധത്തെ “ഉരുക്കുമതിൽ” (Wall of Steel) എന്ന് വിശേഷിപ്പിച്ച ട്രംപ്, കടലിടുക്ക് ഇപ്പോൾ തങ്ങളുടെ പൂർണ്ണ അധികാരത്തിലാണെന്നും തങ്ങൾ ആഗ്രഹിക്കുന്ന കപ്പലുകളെ മാത്രമേ ഇതിലൂടെ കടത്തിവിടുകയുള്ളൂ എന്നും വ്യക്തമാക്കി. മുമ്പുള്ള ദിവസങ്ങളിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞ അതേ കാര്യം തന്നെ അദ്ദേഹം ബുധനാഴ്ച സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വീണ്ടും ഉറപ്പിച്ചു പറയുകയായിരുന്നു.
ഹോർമുസ് കടലിടുക്കിന്മേൽ അമേരിക്കയ്ക്ക് പൂർണ്ണ നിയന്ത്രണമുണ്ടെന്ന് വ്യക്തമാക്കിയ ട്രംപ്, ഈ നിയന്ത്രണം തങ്ങൾ തുടർന്നും കൈവശം വെക്കുമെന്നും കുറിച്ചു. ഇറാന്റെ സൈനിക ശേഷി പൂർണ്ണമായും തകർന്നതായും അവരുടെ സൈനികർക്ക് ശമ്പളം പോലും ലഭിക്കുന്നില്ലെന്നും ട്രംപ് പരിഹസിച്ചു. ഇറാന്റെ പക്കൽ ഇപ്പോൾ പണമില്ലെന്നും ആ രാജ്യം പൂർണ്ണമായി തകർന്ന നിലയിലാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഇറാന് മേലുള്ള നാവിക ഉപരോധം ‘വളരെ ഫലപ്രദ’മാണെന്ന് ഇസ്രായേൽ ഡിഫെൻസ് ഫോഴ്‌സ് (IDF) തലവനും സ്ഥിരീകരിച്ചിട്ടുണ്ട്. ഓഗസ്റ്റ് 12 ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫ് ലഫ്റ്റനന്റ് ജനറൽ ഇയാൽ സമീർ (Eyal Zamir) ഈ പ്രസ്താവന നടത്തിയത്. അമേരിക്ക ഹോർമുസ് കടലിടുക്കിന്റെ പൂർണ്ണ നിയന്ത്രണം അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഇസ്രായേലിന്റെ ഭാഗത്തുനിന്നും ഈ പ്രതികരണം ഉണ്ടായത്.
ഇറാന് മേൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം ശക്തമായി തുടരുകയാണെന്നും ഇത് കാരണം ഇറാന്റെ സാമ്പത്തിക പ്രതിസന്ധി ദിവസം ചെല്ലുംതോറും കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണെന്നും ഇയാൽ സമീർ മന്ത്രിമാരോട് വ്യക്തമാക്കി. കടലിടുക്കിൽ ഇറാൻ സ്ഥാപിച്ചിരുന്ന സമുദ്ര മൈനുകൾ തങ്ങളുടെ നാവികസേന പൂർണ്ണമായി നീക്കം ചെയ്തതായാണ് ട്രംപ് അവകാശപ്പെടുന്നത്.
അമേരിക്കൻ സെൻട്രൽ കമാൻഡ് (CENTCOM) ഒമാൻ ഉൾക്കടലിലും പേർഷ്യൻ ഗൾഫിലും ഉപരോധം ലംഘിക്കാൻ ശ്രമിക്കുന്ന കപ്പലുകൾക്ക് നേരെ സൈനിക നടപടി സ്വീകരിക്കുന്നുണ്ട്. ഉപരോധം മറികടന്ന് ഇറാന്റെ ഖാർഗ് ദ്വീപിലേക്ക് പോകാൻ ശ്രമിച്ച പാനമ, മൊസാംബിക് പതാകകളുള്ള എണ്ണക്കപ്പലുകൾക്ക് നേരെ യുഎസ് ഹെലികോപ്റ്ററുകൾ ഹെൽഫയർ മിസൈലുകൾ വർഷിച്ച് അവയെ നിർവീര്യമാക്കിയിരുന്നു.
അതേസമയം യുദ്ധവും കടുത്ത നാവിക ഉപരോധവും കാരണം രാജ്യം കടുത്ത പ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും, തങ്ങളുടെ പോരാട്ട വീര്യത്തിൽ തെല്ലും അയവ് വരുത്തില്ലെന്ന കടുത്ത നിലപാടിലാണ് ഇറാൻ ഭരണകൂടം. യുഎസുമായുള്ള സമാധാന ചർച്ചകൾ പൂർണ്ണമായും സ്തംഭിച്ച പശ്ചാത്തലത്തിൽ, ഇറാൻ തങ്ങളുടെ സൈന്യത്തെ കൂടുതൽ ആക്രമണോത്സുകമായ രീതിയിലേക്ക് മാറ്റിപ്രതിഷ്ഠിച്ചിരിക്കുകയാണ്. പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനി തീവ്ര നിലപാടുകാരനായ മൊഹ്സിൻ റെസായെ (Mohsen Rezaei) രാജ്യത്തിന്റെ പുതിയ സുരക്ഷാ മേധാവിയായി നിയമിച്ചു. ചർച്ചകളേക്കാൾ യുദ്ധത്തിന് മുൻഗണന നൽകുന്നവരാണ് ഇപ്പോൾ ഇറാന്റെ സുരക്ഷാ വിഭാഗം കൈകാര്യം ചെയ്യുന്നത്.
അമേരിക്ക തങ്ങളുടെ വ്യോമ-നാവിക സേനകളെ തകർത്തുവെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും, തങ്ങൾ ഉപയോഗിച്ചതിനേക്കാൾ കൂടുതൽ മിസൈലുകളും ഡ്രോണുകളും പുതുതായി നിർമ്മിച്ച് സംഭരിച്ചിട്ടുണ്ടെന്നാണ് ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് (IRGC) വ്യക്തമാക്കുന്നത്. എന്നാൽ യുഎസ് ഉപരോധം കാരണം കപ്പൽ ഗതാഗതം മുടങ്ങിയതോടെ ഇറാന്റെ എണ്ണ വരുമാനം വൻതോതിൽ ഇടിഞ്ഞിട്ടുണ്ട്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.
അമേരിക്കയ്ക്ക് കടലിടുക്കിൽ 100% നിയന്ത്രണമുണ്ടെന്ന ട്രംപിന്റെ വാദത്തെ ഇറാൻ പൂർണ്ണമായും തള്ളുന്നു. യുഎസ് തങ്ങളുടെ വ്യവസ്ഥകൾ അംഗീകരിക്കുന്നതുവരെ ഹോർമുസ് കടലിടുക്ക് അടഞ്ഞുതന്നെ കിടക്കുമെന്ന് ഇറാന്റെ അവകാശപ്പെട്ടു. ട്രംപിന്റെ ഭീഷണികൾക്ക് മുന്നിൽ കീഴടങ്ങില്ലെന്നും, ആവശ്യമെങ്കിൽ ട്രംപിന്റെ കാലാവധി അവസാനിക്കുന്നതുവരെ യുദ്ധം നീട്ടിക്കൊണ്ടുപോകാൻ തങ്ങൾക്ക് മടിയില്ലെന്നും ഇറാന്റെ മുതിർന്ന സൈനിക ഉപദേശകൻ മുഹമ്മദ് റെസ നഖ്ദി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
‘ഗാസ സമാധാന പദ്ധതി’ തള്ളി ഇസ്രയേൽ; ഇറാന് ആണവായുധം അനുവദിക്കില്ല എന്നും നെതന്യാഹു

