കൊച്ചി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ നിർദേശപ്രകാരം കൊച്ചി ഉൾപ്പെടെ രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. കേന്ദ്ര ഏജൻസികളുടെ സുരക്ഷാ മുന്നറിയിപ്പിനെ തുടർന്ന് ഓഗസ്റ്റ് 20 വരെ സന്ദർശകർക്ക് വിമാനത്താവള ടെർമിനലുകളിൽ പ്രവേശനം അനുവദിക്കില്ല.
സുരക്ഷാ പരിശോധനകൾക്ക് സാധാരണയേക്കാൾ കൂടുതൽ സമയം ആവശ്യമായി വന്നേക്കാം. അതിനാൽ എയർ ഇന്ത്യ (Air India) ഉൾപ്പെടെയുള്ള വിമാനക്കമ്പനികളും കൊച്ചി വിമാനത്താവള അതോറിറ്റിയും (CIAL) യാത്രക്കാരോട് പതിവിലും നേരത്തെ വിമാനത്താവളത്തിൽ എത്താൻ നിർദേശിച്ചിട്ടുണ്ട്. വിമാനത്താവളങ്ങളിലെ സുരക്ഷാ നടപടികളുമായി യാത്രക്കാർ പൂർണ്ണമായും സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
വിമാനത്താവളത്തിനകത്തും പുറത്തുമുള്ള നിരീക്ഷണം കൂടുതൽ കർശനമാക്കും. യാത്രക്കാരുടെയും ബാഗേജുകളുടെയും കാർഗോ ചരക്കുകളുടെയും സുരക്ഷാ പരിശോധനയും ശക്തമാക്കും. പതിവ് പരിശോധനകൾക്ക് പുറമെ വിമാനത്തിൽ കയറുന്നതിന് തൊട്ടുമുമ്പ് ലാഡർ പോയിന്റിൽ യാത്രക്കാർക്ക് അധിക സുരക്ഷാ പരിശോധനയും ഏർപ്പെടുത്തും. സെക്കൻഡറി ലാഡർ പോയിന്റ്റ് ചെക്ക് എന്നറിയപ്പെടുന്ന പരിശോധനയാകും നടത്തുക. വിമാനത്താവള പരിസരത്തെ വാഹന പരിശോധനയും കൂടുതൽ ശക്തമാക്കും.

