കരിബ: ആഫ്രിക്കൻ രാജ്യമായ സിംബാബ്‌വെയിലെ കരിബ തടാകത്തിൽ (Lake Kariba) ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ 44 പേർ മരണപ്പെട്ടു. അപകടത്തിൽപ്പെട്ട 77 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. 90 യാത്രക്കാർക്കും നാല് ജീവനക്കാർക്കും സഞ്ചരിക്കാൻ കഴിയുന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് ബോട്ടിൽ 120-ലതികം യാത്രക്കാരുണ്ടായിരുന്നതായാണ് റിപ്പോർട്ട്.
44 പേരുടെ മൃതദേഹങ്ങൾ തടാകത്തിൽനിന്ന് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. സിംബാബ്‍വെ പ്രസിഡന്റ് എമേഴ്സൺ നാംൻഗാഗ്വ കരിബയിലെ ബോട്ടപകടം ദേശീയ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. 90 യാത്രക്കാരെ മാത്രം കയറ്റാൻ ശേഷിയുള്ള ബോട്ടിൽ, കുട്ടികളടക്കം 120-ലധികം ആളുകളെ കയറ്റി അമിതഭാരം കയറ്റിയതും, തടാകത്തിലെ കനത്ത കാറ്റും ശക്തമായ തിരമാലകളുമാണ് ബോട്ട് മറിയാൻ ഇടയാക്കിയത്.
ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമ്മിത തടാകങ്ങളിലൊന്നായ കരിബ തടാകം, സിംബാബ്‌വെയുടെയും സാംബിയയുടെയും അതിർത്തിയിലാണ് സ്ഥിതി ചെയ്യുന്നത്. ഗ്രാമീണ മേഖലയിലുള്ളവർക്ക് പ്രധാന വാണിജ്യ കേന്ദ്രമായ കരിബ ടൗണിലേക്ക് എത്താനുള്ള പ്രധാന ആശ്രയമായിരുന്നു ഈ ബോട്ട് സർവീസ്. പ്രശസ്തമായ സാംബേസി നദിയിൽ (Zambezi River) കരിബ അണക്കെട്ട് (Kariba Dam) നിർമ്മിച്ചതിനെ തുടർന്നാണ് 1958-നും 1963-നും ഇടയിൽ ഈ തടാകം രൂപപ്പെട്ടത്. ഏതാണ്ട് 5,580 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ ഇത് വ്യാപിച്ചുകിടക്കുന്നു. ഇതിന് 223 കിലോമീറ്ററിലധികം നീളവും 40 കിലോമീറ്റർ വരെ വീതിയുമുണ്ട്.
സിംബാബ്‌വെയിലെയും സാംബിയയിലെയും ദശലക്ഷക്കണക്കിന് ആളുകൾക്ക് ആവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കുന്നത് ഈ തടാകത്തിലെ ജലം ഉപയോഗിച്ചുള്ള ഹൈഡ്രോഇലക്ട്രിക് പവർ പ്ലാന്റുകളിൽ നിന്നാണ്. കൂടാതെ, ഇവിടുത്തെ വാണിജ്യ മത്സ്യബന്ധന മേഖല ഇരുരാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥയിൽ വലിയ പങ്കുവഹിക്കുന്നു.

