Thursday, August 13, 2026
Home » നാസയുടെ മൂൺ ബേസ് പദ്ധതിയിൽ പങ്കാളിയാകാൻ ഐഎസ്ആർഒയ്ക്ക് ക്ഷണം.
വീണ്ടും ചന്ദ്രനിലേക്ക്

നാസയുടെ മൂൺ ബേസ് പദ്ധതിയിൽ പങ്കാളിയാകാൻ ഐഎസ്ആർഒയ്ക്ക് ക്ഷണം.

by Editor

ന്യൂഡൽഹി: അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ മൂൺ ബേസ് പദ്ധതിയിൽ പങ്കാളിയാകാൻ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ഐഎസ്ആർഒയ്ക്ക് ക്ഷണം. ഓഗസ്റ്റ് 5, 6 തീയതികളിൽ നടന്ന ഒമ്പതാമത് ഇന്ത്യ-യു.എസ്. സിവിൽ സ്പേസ് ജോയിന്റ് വർക്കിംഗ് ഗ്രൂപ്പ് (CSJWG) യോഗത്തിലാണ് ഈ നിർണായക തീരുമാനം ഉണ്ടായത്. ഇന്ത്യയിലെ യു.എസ് അംബാസഡർ സെർജിയോ ഗോറും യോഗത്തെ അഭിസംബോധന ചെയ്‌തിരുന്നു. യു.എസ്. എംബസിയാണ് ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്.

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ മനുഷ്യന്റെ സ്ഥിരസാന്നിധ്യം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് നാസ നടപ്പിലാക്കുന്ന വലിയൊരു ദൗത്യമാണിത്. ബഹിരാകാശയാത്രികർക്ക് താമസിക്കാനും ഗവേഷണങ്ങൾ നടത്താനുമുള്ള ആദ്യത്തെ താവളം ഒരുക്കുക എന്നതാണ് ലക്‌ഷ്യം. ഈ മൂൺ ബേസ് വഴി ലഭിക്കുന്ന അനുഭവസമ്പത്ത് ഭാവിയിൽ ചൊവ്വയിലേക്കുള്ള മനുഷ്യന്റെ ദൗത്യങ്ങൾക്ക് അടിത്തറയാകും.

2023-ൽ ഇന്ത്യ ഒപ്പുവെച്ച ‘ആർട്ടെമിസ് ഉടമ്പടിക്ക്’ കീഴിലാണ് ഈ സഹകരണം ശക്തമാക്കുന്നത്. ചന്ദ്രൻ അടക്കമുള്ള ബാഹ്യാകാശത്തിൻ്റെ സിവിലിയൻ പര്യവേക്ഷണങ്ങളെ നിയന്ത്രിക്കുന്ന പൊതു തത്ത്വങ്ങൾ വികസിപ്പിക്കാനും പാലിക്കാനും ലക്ഷ്യമിട്ട് അമേരിക്കയുടെ നേതൃത്വത്തിലുള്ള ബഹിരാകാശ കൂട്ടായ്മയായ ആർട്ടിമിസ് കരാറിൽ ഇന്ത്യ പങ്കാളിയാണ്. ആർട്ടിമിസ് കരാറിൽ ഒപ്പുവെക്കുന്ന 27-ാ മത് രാജ്യമായിരുന്നു ഇന്ത്യ. നിലവിൽ ആകെ 70 രാജ്യങ്ങൾ ഈ കരാറിൻ്റെ ഭാഗമാണ്.

ആർട്ടിമിസ് കരാറിന് കീഴിലുള്ള ഇരു രാജ്യങ്ങളുടെയും പങ്കാളിത്തം മുൻനിർത്തിയാണ് മൂൺ ബേസ് പ്രോഗ്രാമിൽ ചേരാൻ നാസ ഐഎസ്ആർഒയെ ക്ഷണിച്ചെന്ന് ഇന്ത്യയിലെ യു.എസ് എംബസി പ്രസ്താവനയിൽ അറിയിച്ചു. കരാറിന് കീഴിൽ ഓപ്പൺ സയൻ്റിഫിക് ഡാറ്റ പങ്കുവെക്കുന്നതിൽ സഹകരിക്കുന്നതിനുള്ള ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാനും ഇരുപക്ഷവും സമ്മതിച്ചതായും പ്രസ്താവനയിൽ പറയുന്നു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇരു രാജ്യങ്ങളിലെയും ബഹിരാകാശ ഏജൻസികൾ തമ്മിൽ മികച്ച രീതിയിൽ സഹകരിച്ചാണ് മുന്നോട്ടു പോകുന്നത്. ഇന്ത്യ ആർട്ടിമിസ് കരാറിൽ ചേർന്ന അതേ വർഷം തന്നെ, മനുഷ്യ ബഹിരാകാശ യാത്രയിലെ സഹകരണത്തിനുള്ള തന്ത്രപരമായ ചട്ടക്കൂട് വികസിപ്പിക്കാൻ ഇരു രാജ്യങ്ങളും സമ്മതിച്ചിരുന്നു. ഇതിന്റെ ഭാഗമായി സ്വകാര്യ മിഷനുകളിലൂടെ ഇന്ത്യൻ ബഹിരാകാശ യാത്രികരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐ.എസ്.എസ്) അയക്കുന്നതിനായി നാസയുടെ കേന്ദ്രങ്ങളിൽ വെച്ച് അവർക്ക് പരിശീലനം നൽകാനും തീരുമാനിച്ചിരുന്നു. 2025 ൽ ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാൻഷു ശുക്ല അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദർശിച്ചത് ഈ കരാറിൻ്റെ ഫലമായാണ്.

ചന്ദ്രയാൻ-3 ദൗത്യത്തിന്റെ വൻ വിജയത്തിന് ശേഷം ആഗോള ബഹിരാകാശ രംഗത്ത് ഇന്ത്യയുടെയും ഐഎസ്ആർഒയുടെയും സ്ഥാനം ഇതോടെ കൂടുതൽ ശക്തമാകും. മനുഷ്യനെ ബഹിരാകാശത്ത് അയക്കുന്നതിനുള്ള അത്യാധുനിക സാങ്കേതികവിദ്യകളും ജീവൻ രക്ഷാ ഉപാധികളും ഇന്ത്യയ്ക്ക് ലഭ്യമാകും. ഇത് ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിനും ഗുണം ചെയ്യും.

Send your news and Advertisements

You may also like

error: Content is protected !!