വിഖ്യാത ഗായിക എസ്. ജാനകി, 88-ാം വയസ്സിൽ അന്തരിച്ചു. മൈസൂരുവിലായിരുന്നു അന്ത്യം. “ജാനകിയമ്മ” എന്നു ഏവരും ബഹുമാനത്തോടെ വിളിച്ചിരുന്ന ഇവർ ഇന്ത്യയിലെ ഏറ്റവും മികച്ച പിന്നണി ഗായികമാരിൽ ഒരാളാണ്. എസ്. ജാനകിയുടെ നാദമാധുര്യത്തിലൂടെ മലയാളികളുടെ മനസിൽ ‘തളിരിട്ട കിനാക്കൾ‘ ഒരിക്കലും വാടിക്കരിഞ്ഞിട്ടില്ല….
ഇക്കഴിഞ്ഞ ഏപ്രിൽ 23-നായിരുന്നു ജാനകിയമ്മയുടെ 88-ാം ജന്മദിനം.
‘എസ്. ജാനകി’ എന്ന പേര് ഒരു മുഖവുരയോടു കൂടി പരിചയപ്പെടുത്തേണ്ടതില്ല. തന്‍റെ സവിശേഷമായ ശബ്ദമാധുരിയാല്‍ ആസ്വാദക ഹൃദയങ്ങളില്‍ മധുമഴ പെയ്യിച്ച എസ്. ജാനകി ഇന്ത്യന്‍ പിന്നണിഗാന രംഗത്തെ ഇതിഹാസങ്ങളില്‍ ഒരാളായിരുന്നുവല്ലോ: നമ്മുടെ എല്ലാവരുടേയും ജാനകിയമ്മ. തൻ്റെ സവിശേഷമായ ശബ്ദമാധുരിയാല്‍ മനസ്സിൽ, സ്വന്തമിടം ജാനകിയമ്മ എന്നേ നേടിയിരിക്കുന്നു.
അഞ്ചു പതിറ്റാണ്ടുകളിലേറെ ഇന്ത്യന്‍ ഭാഷകളിലും വിദേശ ഭാഷകളിലും ഒക്കെയായി ഇരുപതിനായിരത്തിലധികം ഗാനങ്ങള്‍, ദേശീയ പുരസ്കാരങ്ങള്‍ നാല്, സംസ്ഥാന പുരസ്കാരങ്ങള്‍ മുപ്പത്തിഒന്ന് (അതിൽ 14 തവണയും മലയാളഗാനാലാപനത്തിന്.) അക്ഷരലക്ഷങ്ങള്‍ എന്നതുപോലെ എത്രയെത്ര സുമനസ്സുകളുടെ സ്നേഹം. ഓരോതവണ ടെലിവിഷനിലൂടെയോ മറ്റ് വിഷ്വൽ മീഡിയിലൂടെയോ കാണുമ്പോളും, സ്വാഭാവികമായ ആ വിനയം കൂടിവരുന്നതായേ തോന്നിയിട്ടുള്ളൂ. കതിര്‍ക്കുലയുടെ സഹജമായതാഴ്മ പോലെ.
ആന്ധ്രയിലെ ഗുണ്ടൂർ ജില്ലയില്‍ 1938 ഏപ്രിൽ 23-ന് ജനനം. മൂന്നാം വയസ്സില്‍ പാട്ടുപാടിത്തുടങ്ങി. നാദസ്വരവിദ്വാനായിരുന്ന പൈദിസ്വാമിയില്‍ നിന്നും സംഗീതവേദത്തിൻ്റെ ആദ്യപാഠങ്ങള്‍ പഠിച്ചു. ജാനകിയുടെ സംഗീത വാസന വളർത്തുന്നതിൽ അമ്മാവൻ ഡോ. ചന്ദ്രശേഖർ നിർണായക പങ്കു വഹിച്ചു. അദ്ദേഹത്തിൻറെ നിർദ്ദേശപ്രകാരം സംഗീത പഠനത്തിനായി പിൽക്കാലത്ത് മദ്രാസിലെത്തി. ആകാശവാണി ദേശീയ തലത്തിൽ സംഘടിപ്പിച്ച ഗാന മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയതോടെയാണ് ജാനകി ശ്രദ്ധേയയായത്. വൈകാതെ മദ്രാസിലെ എ.വി.എം. സ്റ്റുഡിയോയിൽ ജോലി ലഭിച്ചു.
ആ കാലഘട്ടത്തിനും, പിന്നീട് ‘വിധിയിന്‍ വിളയാട്ട്’ എന്ന തമിഴ് പടത്തിനു വേണ്ടി പാടി തുടങ്ങിയ സംഗീത ജീവിതം ആറു പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. ചലപതിറാവു ആയിരുന്നു ഈ ചിത്രത്തിനു വേണ്ടി വരികള്‍ സ്വരപ്പെടുത്തിയത്. എന്നാല്‍ പല ഗായകരുടേയും കാര്യത്തിലെന്നപോലെ, ജാനകിയമ്മയുടേയും ആദ്യചിത്രം വെളിച്ചം കണ്ടില്ല. ‘എം.എല്‍.എ‘ എന്ന തെലുങ്ക് ചിത്രത്തിനുവേണ്ടി ഘണ്ടശാല വെങ്കിടേശ്വര റാവുവിനൊത്ത് പാടിയ പാട്ടായിരുന്നു, ജാനകിയമ്മയുടെ സ്വരമാധുരിയില്‍ പുറത്തുവന്ന ആദ്യഗാനം.
ഒരു ഗാനറെക്കോഡിങ്ങിനിടയിൽ നടന്ന ഒരു സംഭവം ജാനകിയമ്മ വിവരിച്ചതോര്‍ക്കുന്നു. അന്ന് ഓർഗട്രേഷനും വേക്കലും ഒരുമിച്ച് റെക്കാർഡു ചെയ്യുന്ന കാലം. ഈ പാട്ടിനു വേണ്ടി ഷെഹണായ് വായിക്കുന്നത് സാക്ഷാല്‍ ബിസ്മില്ലാഖാന്‍. ജാനകിയമ്മയുടെ ആലാപനം കേട്ട്, ആ ഷെഹണായ് ചക്രവര്‍ത്തി “വാഹ്! വാഹ്!” എന്നു പറഞ്ഞു പോകുന്നു . ഒടുവില്‍ ഷെഹണായ് വായിക്കേണ്ട കാര്യം, അദ്ദേഹത്തെ സംഗീത സംവിധായകന്‍ ഓര്‍മ്മിപ്പിക്കേക്കേണ്ടതായി വന്നുവെത്രേ!
അതു പോലെ മറക്കാനാവാത്ത ഒരു ഓർമ്മ: ഉഷാഖന്നയുടെ സംഗീത സംവിധാനത്തിൽ ‘മൂടല്‍മഞ്ഞി’നുവേണ്ടി പാടുന്നത് ശാരീരികാ സ്വാസ്ഥ്യങ്ങളുടെ കൊടുമുടിയില്‍ നിന്നു കൊണ്ടാണ്,. അതേ, “മാനസ മണിവേണുവില്‍“, “ഉണരൂ വേഗം നീ” തുടങ്ങിയ എക്കാലത്തേയും ഹിറ്റുകള്‍ അങ്ങനെ “നൊന്തുപിറന്നവ“യാണ്. താൻ പാടിയതിൽ ഏറ്റവും പ്രയാസമേറിയ ഗാനമെന്നു എസ്. ജാനകി വിശേഷിപ്പിച്ച ഗാനമാണ് കന്നഡ ചലച്ചിത്രമായ ഹേമാവതിയിലെ “ശിവ ശിവ എന്നദ നാളിഗെ ഏക്കെ…” എന്ന ഗാനം. ഈ ഗാനത്തിൽ സ്വരങ്ങൾ അതിവേഗം പാടേണ്ടിവരുന്ന ഭാഗം ശാസ്ത്രീയ സംഗീതം പഠിച്ചിട്ടില്ലാത്ത തന്നെ കുഴപ്പിച്ചു എന്ന് അവർ പറഞ്ഞിട്ടുണ്ട്. തോഡി, ആഭോഗി എന്നീ രണ്ടു രാഗങ്ങളിൽ എൽ. വൈദ്യനാഥൻ ചിട്ടപ്പെടുത്തിയ ഗാനമാണ് ഇത്.
എല്ലാ ദക്ഷിണേന്ത്യൻ ഭാഷാ ചിത്രങ്ങളിലും പാടിയിട്ടുള്ള ജാനകി ഹിന്ദി, സിംഹള, ബംഗാളി, ഒറിയ, ഇംഗ്ലീഷ്, സംസ്‌കൃതം, കൊങ്ങിണി, തുളു, സൗരാഷ്‌ട്ര ബഡുഗ, ഭാഷകളിലും സ്വരസാന്നിധ്യമറിയിച്ചിട്ടുണ്ട്. 1200-ൽപരം മലയാള സിനിമാ ഗാനങ്ങൾക്ക് ജാനകി ശബ്ദം പകർന്നിട്ടുണ്ട്. ഇന്ത്യയിലെ മിക്കഭാഷകളിലും മാത്രമല്ല, ഇംഗ്ളിഷ്, ജാപ്പനീസ്, ജര്‍മ്മന്‍ എന്നീ വിദേശഭാഷകളിലും ഈ ഗായിക തന്റെ കഴിവുതെളിയിച്ചു. ഏതു ഭാഷയിലായാലും വരികള്‍ക്ക് ഭാവം നല്‍കിത്തന്നെയാണ് ജാനകിയമ്മ പാടുന്നത്.
ഇതിൽ സുപ്രസിദ്ധമായ നിരവധി ഗാനങ്ങളുൾപ്പെടുന്നു. സംഗീതസംവിധായകൻ എം.എസ്. ബാബുരാജാണ് ജാനകിയുടെ തരളിതമായ ശബ്ദം തിരിച്ചറിഞ്ഞു് അവരെ മലയാളത്തിലേക്കെത്തിച്ചത്. കുട്ടികളുടെ സ്വരത്തിൽ പാടുന്നതിനുള്ള സവിശേഷമായ കഴിവും ഈ ഗായികക്കുണ്ട്. മലയാളത്തിൽ ഇത്തരം ചില ഗാനങ്ങളും ആലപിച്ചിട്ടുണ്ട്. 2017-ൽ (ഒക്ടോബർ 28-ന്) മൈസൂർ മാനസ ഗംഗോത്രിയിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ ആയിരങ്ങളെ സാക്ഷിയാക്കി, സിനിമയിലും പൊതുവേദിയിലും പാടുന്നത് ജാനകിയമ്മ അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചു.
മികച്ച ഗായികയ്‌ക്കുള്ള ദേശീയ അവാർഡ് നാലു തവണയാണ് എസ്.ജാനകിക്ക് ലഭിച്ചത്. 1976-ൽ `പതിനാറു വയതിനിലേ‘ എന്ന തമിഴ് ചിത്രത്തിലെ “സിന്ദൂര പൂവേ…” എന്നു തുടങ്ങുന്ന ഗാനത്തിനാണ് ആദ്യമായി ദേശീയ പുരസ്‌കാരം ലഭിച്ചത്. 1980-ൽ ‘ഓപ്പോൾ‘ എന്ന മലയാളചിത്രത്തിലെ ഏറ്റുമാനൂർ അമ്പലത്തിൽ... എന്ന ഗാനത്തിനും 1984-ൽ തെലുഗു ചിത്രമായ `സിതാര‘യിൽ വെന്നല്ലോ “ഗോദാരി ആനന്ദം…” എന്നു തുടങ്ങുന്ന ഗാനത്തിനും 1992-ൽ തമിഴ് ചിത്രമായ “തേവർമകനിൽ ഇഞ്ചി ഇടുപ്പഴകാ…” എന്നു തുടങ്ങുന്ന ഗാനത്തിനുമാണ് ദേശീയ അവാർഡുകൾ ലഭിച്ചത്.
മികച്ച പിന്നണി ഗായികയ്‌ക്കുള്ള കേരള സംസ്ഥാന അവാർഡ് 14 തവണയും തമിഴ്‌നാട് സർക്കാരിൻറെ അവാർഡ് ഏഴു തവണയും ആന്ധ്രപ്രദേശ് സർക്കാരിൻറെ അവാർഡ് പത്തു തവണയും ഈ ഗായിക സ്വന്തമാക്കി. തമിഴ്‌നാട് സർക്കാരിൻറെ ‘കലൈമാമണി‘ പുരസ്‌ക്കാരം 1986-ലും ‘സുർ സിംഗർ‘ അവാർഡ് 1987-ലും കേരളത്തിൽ നിന്നും സിനിമാ ആർക്കൈവ് അവാർഡ് 2002-ലും സ്‌പെഷൽ ജൂറി സ്വരലയ യേശുദാസ് അവാർഡ് 2005-ലും ലഭിച്ചു.
2013-ൽ പത്മഭൂഷൻ ലഭിച്ചു; എന്നാൽ ജാനകി ഇത് നിരസിക്കുകയുണ്ടായി!
വി രാമപ്രസദുമായി ജാനകി വിവാഹിതയാകുന്നത് 1959-ല്‍ ആണ്. ജാനകിയുടെ കരിയറിന് വലിയ പിന്തുണ നല്‍കിയ അദ്ദേഹം 1997-ല്‍ മരണമടഞ്ഞു… സദാ വലിയ പൊട്ടുകുത്തിയിരുന്ന ജാനകിയമ്മ, ഭർത്താവ് മരിച്ചതിനു ശേഷമാണു് നെറ്റിയിൽ ഭസ്മക്കുറി ഇടാൻ തുടങ്ങിയത് ….
നമ്മുടെ പ്രിയ ഗായികയ്ക്ക് കൈ കൂപ്പി വിട പറയാം.
ആർ. ഗോപാലകൃഷ്ണൻ

