ഹാനോയി: വിയറ്റ്നാമിലെ ഫു ക്വോക്ക് (Phu Quoc) ദ്വീപിന് സമീപം വിനോദസഞ്ചാരികൾ സഞ്ചരിച്ച സ്പീഡ് ബോട്ട് മറിഞ്ഞ് രണ്ട് മലയാളികൾ ഉൾപ്പെടെ 15 സഞ്ചാരികൾ മരണപ്പെട്ടു. കൊട്ടാരക്കര ആവിയോട്ട് ഹൗസിൽ എ.സി തോമസ് (57), ഭാര്യ ലോവേനി തോമസ് (56) എന്നിവരാണ് മരണപ്പെട്ടത്. കൊട്ടാരക്കരയിലെ പ്രമുഖ വ്യവസായ സ്ഥാപനമായ വിക്ടറി ഗ്രൂപ്പ് ഉടമയായ തോമസും ഭാര്യയും മൂന്ന് ദിവസം മുൻപാണ് വിയറ്റ്നാമിലേക്ക് വിനോദയാത്ര പുറപ്പെട്ടത്. മരിച്ചവരിൽ ബാക്കിയുള്ളവർ തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന സ്വദേശികളാണ്.
ബോട്ടിൽ 32 ഇന്ത്യൻ വിനോദസഞ്ചാരികളും 4 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. യാത്ര തുടങ്ങി മിനിറ്റുകൾക്കകം തന്നെ മോശം കാലാവസ്ഥയെത്തുടർന്ന് ബോട്ട് തലകീഴായി മറിയുകയായിരുന്നു. ശക്തമായ കാറ്റും കടൽ പ്രക്ഷുബ്ധമായതുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. നിലവിൽ പ്രദേശത്ത് തിരച്ചിലും രക്ഷാപ്രവർത്തനവും ഊർജ്ജിതമായി പുരോഗമിക്കുകയാണ്.
ദുരന്തത്തിൽ പ്രധാനമന്ത്രി അതീവ ദുഖം രേഖപ്പെടുത്തി. മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഖത്തിൽ പങ്കുചേരുന്നതായി അറിയിച്ച അദ്ദേഹം, വിയറ്റ്നാം അധികൃതരുമായി സഹകരിച്ച് ആവശ്യമായ എല്ലാ സഹായങ്ങളും എത്തിക്കാൻ ഇന്ത്യൻ എംബസിക്കും കോൺസുലേറ്റിനും നിർദേശം നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കി. കേരള സർക്കാരും നോർക്ക (NORKA) വഴി ആവശ്യമായ ക്രമീകരണങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾക്കായി ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. പറഞ്ഞു. അടിയന്തരമായി നടപടിക്രമങ്ങൾ പൂർത്തിയാക്കി എത്രയും വേഗം മൃതദേഹങ്ങൾ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടതായും കൊടിക്കുന്നിൽ പറഞ്ഞു.
ദുരന്തബാധിതരെ സഹായിക്കുന്നതിനും വിവരങ്ങൾ പങ്കുവെക്കുന്നതിനുമായി ഹാനോയിയിലെ എംബസിയിലും ഹോ ചി മിൻ സിറ്റിയിലെ കോൺസുലേറ്റ് ജനറൽ ഓഫിസിലും പ്രത്യേക കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. ഹോ ചി മിൻ സിറ്റിയിലെ കൺട്രോൾ റൂമിലേക്ക് +84 36 281 7930, +84 91 552 37 14, +84 33 452 0414 എന്നി നമ്പറുകളിലും ഹാനോയിയിലെ കൺട്രോൾ റൂമിലേക്ക് +84 91 308 9165 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

