കൽപ്പറ്റ: വയനാട് കള്ളാടിയിൽ തുരങ്കപാത നിർമ്മാണ മേഖലയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ അവസാനത്തെ ആളുടെ മൃതദേഹവും കണ്ടെത്തി. നിർമാണ കമ്പനിയുടെ കൺസ്ട്രക്ഷൻ മാനേജരായ വിക്രം റാണയുടെ മൃതദേഹമാണ് ഞായറാഴ്ച പുഴയോട് ചേർന്നുള്ള ഏലത്തോട്ടത്തിലെ കുളത്തിൽ നിന്ന് കണ്ടെത്തിയത്. ഇതോടെ ദുരന്തത്തിലെ മരണസംഖ്യ എട്ടായി.
വയനാട് കള്ളാടിയിൽ ജൂലായ് 8നാണ് അപകടമുണ്ടായത്. രാവിലെ പതിനൊന്നരയോടെയാണ് കള്ളാടിയിൽ തുരങ്കപാത നിർമ്മാണ മേഖലയോട് ചേർന്ന് മീനാക്ഷി പാലത്തിന് സമീപം മണ്ണിടിച്ചിലുണ്ടായത്. തുരങ്ക പാത പദ്ധതി പ്രദേശത്തെ ജോലികളിൽ ഏർപ്പെട്ടിരുന്നവർ, സുരക്ഷാ ജീവനക്കാർ, മേൽനോട്ട ചുമതലയിലുള്ള ജീവനക്കാർ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. അതിഥി തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്.
ദുരന്തത്തെ തുടർന്ന് സമീപപ്രദേശങ്ങളിലെ താമസക്കാരെ സുരക്ഷിതമായി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരുന്നു. മേപ്പാടിയിൽ നിന്ന് ചൂരൽമലയിലേക്കുള്ള പ്രധാന പാതയിലുണ്ടായ അപകടം പ്രദേശത്തെ ഗതാഗതത്തെയും ബാധിച്ചു. ദുരന്തത്തിൻ്റെ യഥാർഥ കാരണം കണ്ടെത്താൻ സംസ്ഥാന സർക്കാർ അഞ്ചംഗ അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ട്. കരാറുകാർ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചോയെന്ന് പരിശോധിക്കുന്നതിനൊപ്പം കേന്ദ്ര-സംസ്ഥാന പരിസ്ഥിതി അനുമതികളടക്കമുള്ള വിഷയങ്ങളും സമിതി പരിശോധിക്കും. അന്വേഷണം പൂർത്തിയായ ശേഷമേ ദുരന്തത്തിന് പിന്നിലെ യഥാർഥ കാരണത്തിൽ വ്യക്തതയുണ്ടാകൂ.
ചൂരൽമലയ്ക്കു പിന്നാലെ കള്ളാടിയും; മൂന്നുപേർ മരിച്ചു, 5 പേരെ കാണാതായി.

