കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ ഭരണസമിതിയിലെ കൂട്ടരാജിക്ക് പിന്നാലെ രൂപീകരിച്ച അഡ്ഹോക് കമ്മിറ്റിക്ക് എറണാകുളം മുൻസിഫ് കോടതിയുടെ വിലക്ക്. ശ്വേതാ മേനോൻ ഔദ്യോഗികമായി രാജിവെച്ചിട്ടില്ലാത്തതിനാൽ നിലവിലുള്ള ഭരണസമിതിക്ക് തന്നെ തുടരാമെന്നും കോടതി നിർദേശിച്ചു. അഡ്ഹോക് കമ്മിറ്റിയുടെ രൂപീകരണത്തിനെതിരെ ശ്വേതാ മേനോൻ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഈ നിർണ്ണായക ഉത്തരവ്.
ഹർജിയിലെ എതിർകക്ഷികളിലാരാളായ നടനും എംഎൽഎയുമായ രമേഷ് പിഷാരടിക്ക് നോട്ടിസ് അയക്കാനും കോടതി ഉത്തരവിട്ടു. കേസ് വീണ്ടും ഈ മാസം 13-ന് പരിഗണിക്കും. കോടതി ഉത്തരവിനു പിന്നാലെ അഡ്‌ഹോക് കമ്മിറ്റിയുടെ കൺവീനർ സ്ഥഥാനത്തുനിന്ന് രമേഷ് പിഷാരടി രാജിവച്ചു. സംഘടനയെ കോടതി കയറ്റാൻ ആഗ്രഹിക്കുന്നില്ലെന്നും കോടതി വിധിയെ മാനിക്കുന്നുവെന്നും പിഷാരടി പറഞ്ഞു.
താൻ ഔദ്യോഗികമായി രാജിവെച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി അഡ്ഹോക് കമ്മിറ്റിയംഗമായ കെ.ബി. ഗണേഷ് കുമാർ കഴിഞ്ഞ ദിവസം ശ്വേതാ മേനോനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ അഡ്ഹോക് കമ്മിറ്റിയെ തള്ളി ശ്വേതയും രംഗത്തെത്തുകയും നിയമപോരാട്ടത്തിലേക്ക് കടക്കുകയുമായിരുന്നു.
അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ വച്ച് രാജി പ്രഖ്യാപിച്ചെങ്കിലും സ്ഥാനത്തുനിന്ന് പടിയിറങ്ങില്ലെന്ന് ശ്വേത മേനോൻ പിന്നീട് വ്യക്തമാക്കിയിരുന്നു. തന്നെ ചിലർ വ്യക്‌തിപരമായി ലക്ഷ്യമിടുകയാണെന്നും നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ലെന്നുമാണ് നടി സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തമാക്കിയത്. ഭാരവാഹികൾ രാജിവയ്ക്കണമെന്ന കൃത്യമായ അജൻഡയോടെയാണ് ചിലർ യോഗത്തിനെത്തിയതെന്നും സംഘടനയെ തകർക്കാനും ഹൈജാക്ക് ചെയ്യാനും ചില നിക്ഷിപ്ത താല്പര്യക്കാർ ശ്രമിക്കുന്നുണ്ടെന്നും ശ്വേത ആരോപിച്ചു.
കഴിഞ്ഞ ജൂൺ 21-ന് കൊച്ചിയിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് സംഘടനയിൽ കടുത്ത തർക്കങ്ങൾ ഉടലെടുത്തതും ശ്വേതാ മേനോൻ രാജി പ്രഖ്യാപിച്ചതും. ജനറൽ സെക്രട്ടറി അവതരിപ്പിച്ച വാർഷിക റിപ്പോർട്ടിലെ വരവുചെലവ് കണക്കുകളിൽ വ്യക്തതയില്ലെന്ന് കാണിച്ച് ചില അംഗങ്ങൾ അവിശ്വാസപ്രമേയത്തിന് ശ്രമിച്ചതാണ് തർക്കങ്ങൾക്ക് കാരണമായത്. ഇതിനിടെ, പ്രസിഡൻ്റ് സ്ഥാനത്തിരുന്ന് ബിജെപിക്ക് സ്ഥാനാർത്ഥികളെ നൽകാൻ ശ്വേത ശ്രമിച്ചുവെന്ന് നടൻ ബാബുരാജ് ആരോപണം ഉന്നയിച്ചതോടെ, ശ്വേതാ മേനോൻ സംഘടനയുടെ അംഗത്വം തന്നെ ഒഴിയുകയാണെന്ന് പ്രഖ്യാപിച്ച് വേദിവിട്ടിരുന്നു.
ശ്വേതയുടെ രാജി പ്രഖ്യാപനത്തെ തുടർന്ന് ഭരണനിർവഹണത്തിനായി രമേഷ് പിഷാരടി എംഎൽഎയുടെ നേതൃത്വത്തിലുള്ള താൽക്കാലിക അഡ്ഹോക് കമ്മിറ്റിയെ ജനറൽ ബോഡി ചുമതലപ്പെടുത്തിയിരുന്നു. നാലുമാസത്തിനുള്ളിൽ പുതിയ തിരഞ്ഞെടുപ്പ് നടത്താനായിരുന്നു തീരുമാനം. എന്നാൽ, അഡ്ഹോക് കമ്മിറ്റി അമ്മ ഓഫീസിലെത്തി ചുമതലയേൽക്കാൻ ശ്രമിച്ചപ്പോഴാണ് ശ്വേത ഉൾപ്പെടെയുള്ളവർ ഔദ്യോഗികമായി രാജിക്കത്ത് കൈമാറിയിട്ടില്ലെന്ന വിവരം പുറത്തുവന്നത്.
അൻസിബ ഹസൻ നേരത്തെ രാജിവെച്ചതോടെയാണ് സംഘടനയിലെ ഭിന്നതകൾ പരസ്യമായത്. പിന്നാലെ ഓഫീസ് ജീവനക്കാരിയുടെ ആരോപണങ്ങളെ തുടർന്ന് ട്രഷറർ ഉണ്ണി ശിവപാലിനെ മാറ്റിനിർത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കൈലാഷ്, ജോയ് മാത്യു, ജയൻ ചേർത്തല എന്നിവരും രാജി സമർപ്പിച്ചതോടെ ശ്വേതാ മേനോൻ നയിച്ച സമിതി പൂർണ്ണമായും പ്രതിസന്ധിയിലായിരുന്നു. എന്നാൽ കോടതി ഉത്തരവോടെ ശ്വേതാ മേനോൻ സമിതിക്ക് വീണ്ടും താൽക്കാലിക ആശ്വാസം ലഭിച്ചിരിക്കുകയാണ്.

