കൊച്ചി: കേരളത്തിലെ ലഹരി വ്യാപനത്തിൽ മലയാളികൾക്കും പങ്കുണ്ടെന്നത് ഗൗരവമേറിയ കാര്യമാണെന്നും ഇതിനെതിരെ ജനങ്ങളുടെ പരിപൂർണ്ണ സഹകരണമുണ്ടാകണമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സർക്കാർ ഏറ്റെടുത്തിരിക്കുന്നത് ഏറ്റവും ദുഷ്‌കരമായ ദൗത്യമാണ്. കേവലം പോലീസ് മാത്രം വിചാരിച്ചാൽ ലഹരി നിർമ്മാർജ്ജനം സാധ്യമാകില്ലെന്നും, സമൂഹത്തിലെ മുഴുവൻ ജനങ്ങളുടെയും പിന്തുണ ഇതിന് അത്യാവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സമൂഹത്തിൽ മാന്യന്മാരെന്ന മുഖംമൂടിയണിഞ്ഞ് നടക്കുന്ന പലർക്കും ലഹരി ശൃംഖലയുമായി അടുത്ത ബന്ധമുണ്ടെന്നത് തികച്ചും വിഷമകരമായ യാഥാർത്ഥ്യമാണ്. ഈ മാഫിയയെ വേരോടെ പിഴുതെറിയാൻ സംസ്ഥാന അതിർത്തികൾ കേന്ദ്രീകരിച്ച് ശക്തമായ നിരീക്ഷണവും ലഹരി നിയന്ത്രണ പദ്ധതികളും നടപ്പിലാക്കും. ആവശ്യത്തിന് വാഹനങ്ങളും പോലീസുകാരെയും ഉൾപ്പെടുത്തിക്കൊണ്ട് സംസ്ഥാന പോലീസ് ‘ഓപ്പറേഷൻ തൂഫാൻ‘ കൂടുതൽ ശക്തമായി നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ലഹരി മാഫിയകൾക്ക് തടയിടുന്നതിലൂടെ കേരളത്തിലെ തെരുവുവീഥികളിലൂടെ പെൺകുട്ടികൾക്ക് ഭയമില്ലാതെ സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവകാശമാണ് സർക്കാർ പുനഃസ്ഥാപിക്കുന്നതെന്നും മന്ത്രി ഓർമ്മിപ്പിച്ചു.
ഓപ്പറേഷൻ തൂഫാൻ്റെ പ്രവർത്തനം വ്യാപിപ്പിക്കാൻ സംസ്ഥാന പൊലീസ് മേധാവി നേരിട്ട് നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പെരുമ്പാവൂരിൽ പറഞ്ഞു. ലഹരിവിരുദ്ധ ദൗത്യമായ ‘ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്‘ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി കേരള പൊലീസ് സംഘടിപ്പിച്ച ‘തൂഫാൻ ജാഗരൺ‘ പെരുമ്പാവൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്‌ഥാനത്തുടനീളമുള്ള ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സംസ്‌ഥാനങ്ങൾ കടന്നുള്ള ലഹരി ശൃംഖലകളെ തകർക്കുന്നതിനും ഈ ടാസ്‌ക് ഫോഴ്സസ് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
മയക്കുമരുന്ന് ദുരുപയോഗവും കടത്തും തടയുന്നതിനായി സംസ്ഥാന സർക്കാർ ആരംഭിച്ച മയക്കുമരുന്ന് വിരുദ്ധ കാമ്പയിനായ ‘ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്‘ ഒരു മാസം പിന്നിടുമ്പോൾ ഇതുവരെ പിടിച്ചെടുത്തത് 30 കോടിയിലധികം രൂപയുടെ മയക്കുമരുന്ന്. 5,353 കേസുകൾ രജിസ്റ്റർ ചെയ്യുകയും 5,736 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്‌തതായി ഉദ്യോഗസ്ഥർ പറഞ്ഞു. പിടിച്ചെടുത്തവയിൽ 3,706.743 ഗ്രാം എംഡിഎംഎ, 392.100 കിലോഗ്രാം കഞ്ചാവ്, 3,776.039 ഗ്രാം ഹാഷിഷ് ഓയിൽ, 4.85 ഗ്രാം ഹാഷിഷ്, 657.219 ഗ്രാം ബ്രൗൺ ഷുഗർ, 12.6709 ഗ്രാം മെത്താം ഫെറ്റാമൈൻ, 31.23 ഗ്രാം ഹെറോയിൻ, 428 കഞ്ചാവ് ചെടികൾ, 11 എൽഎസ്‌ഡി സ്റ്റാമ്പുകൾ, 56 ഗ്രാം നൈട്രാസെപാം, 25.23 ഗ്രാം കറുപ്പ്, 1.6 ഗ്രാം ചരസ്, 3,294 കഞ്ചാവ് ബീഡി എന്നിവ ഉൾപ്പെടുന്നുവെന്ന് പൊലീസ് അറിയിച്ചു.
മയക്കുമരുന്ന് കടത്ത് ശൃംഖലകൾ തകർക്കുക, സ്‌കൂൾ, കോളജ് വിദ്യാർത്ഥികൾക്കിടയിൽ മയക്കുമരുന്ന് ഉപയോഗവും വിതരണവും തടയുക, മയക്കുമരുന്ന് ദുരുപയോഗത്തെക്കുറിച്ച് പൊതുജന അവബോധം സൃഷ്ഠിക്കുക, മയക്കുമരുന്നിന് അടിമകളായവരെ കൗൺസിലിംഗിലൂടെയും പുനരധിവാസത്തിലൂടെയും സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സഹായിക്കുക എന്നിവയാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം.
സംസ്ഥാനത്തേക്ക് മയക്കുമരുന്ന് കടത്തുന്നതിൻ്റെ ഉറവിടം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിൽ കേന്ദ്ര ഏജൻസികളുടെ ഒരു യോഗവും വിളിച്ചു ചേർത്തിരുന്നു. ഇതിൽ “T-INT” എന്ന പേരിൽ ഒരു പ്രത്യേക യൂണിറ്റ് രൂപീകരിക്കാനും മയക്കുമരുന്ന് കടത്തിനെതിരെ ഡ്രോൺ അധിഷ്‌ഠിതവും സൈബർ നിരീക്ഷണവും ശക്തിപ്പെടുത്താനും തീരുമാനിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി. ക്യാമ്പെയ്നിന്റെറെ ഭാഗമായി പൊലീസ് സംസ്ഥാനത്തുടനീളം 6,005 ബോധവൽക്കരണ ക്ലാസുകൾ നടത്തി. 279 പേർക്ക് കൗൺസിലിംഗ് നൽകുകയും 15 പേരെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്തു.

