ഏറ്റവും കൂടുതൽ ചലച്ചിത്രങ്ങൾ സംവിധാനം ചെയ്ത വനിതയെന്ന് ഗിന്നസ് ബുക്കിൽ സ്ഥാനം. ഒപ്പം മലയാളത്തിലെ ആദ്യ വനിതാ സംവിധായിക എന്ന രീതിയിൽ മലയാള ചലച്ചിത്ര ശാഖയിൽ അടയാളപ്പെടുത്തൽ. വിജയനിർമ്മല എന്ന അഭിനേത്രിയെക്കുറിച്ചാണ് ഈ പറഞ്ഞു വരുന്നത്.
200-ൽപ്പരം ചിത്രങ്ങളിൽ അഭിനയം. 47-ചിത്രങ്ങളുടെ സംവിധാനവും. മലയാളത്തിലെ ആദ്യ വനിതാ സംവിധായിക എന്ന പേര് കൂട്ടിച്ചേർത്തത്, കവിത എന്ന ചിത്രത്തിലൂടെ – 1973 ഏപ്രിൽ 13-ന് റിലീസായ ചിത്രം. പൂവച്ചൽ ഖാദർ, ഗാനരചന നിർവ്വഹിച്ച ആദ്യ ചിത്രവും.
നിരവധി മലയാള ചിത്രങ്ങളിൽ വിജയനിർമ്മല അഭിനയിച്ചെങ്കിലും വിജയ നിർമ്മലയെ ഓർക്കുമ്പോൾ ഭാർഗ്ഗവീനിലയം എന്ന ചിത്രമാണ് ഏവരുടേയും മനസ്സിലേക്കോടിയെത്തുക. വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന കഥ ചലച്ചിത്രമായപ്പോൾ അതിലെ ഭാർഗ്ഗവിക്കുട്ടിയെന്ന കഥാപാത്രം.
കൂടാതെ റോസി, കന്യാകുമാരി, ഉദ്യോഗസ്ഥ, കറുത്ത പൗർണ്ണമി, അന്വേഷിച്ചു കണ്ടെത്തിയില്ല, ആനവളർത്തിയ വാനമ്പാടിയുടെ മകൻ, കാറ്റുവിതച്ചവൻ, ദുർഗ്ഗ, തുടങ്ങിയ ചിത്രങ്ങൾ. വിവിധ ഭാഷകളാലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.
ഏറ്റവും കൂടുതൽ ചിത്രങ്ങൾ സംവിധാനം ചെയ്ത വനിത എന്ന നിലയിൽ 2002-ൽ ഇവർ ഗിന്നസ് ബുക്കിൽ ഇടംപിടിച്ചു. വിവിധ ഭാഷകളിലായി 44 സിനിമകൾ സംവിധാനം ചെയ്തതിനാണ് 2002-ൽ ഇവരെ തേടി ഗിന്നസ് റെക്കോർഡ് എത്തുന്നത്.
മലയാള സിനിമയിലെ ആദ്യ വനിതാ സംവിധായിക മലയാളിയല്ല എന്നുള്ളതും പ്രത്യേകത.
ജനനം, 1946 ഫെബ്രുവരി 20-ന് ഹൈദരാബാദിൽ. പതിനൊന്നാമത്തെ വയസ്സിൽ ബാലനടിയായി തുടക്കം. വിവിധ ഭാഷകളിലായി 200-ൽപ്പരം ചിത്രങ്ങളിൽ അഭിനയിച്ച ഇവർ പതിനഞ്ചോളം ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്തു.
2019 ജൂൺ 27-ന് ഓർമ്മയായി
പിൻകുറിപ്പ്: മലയാളത്തിലെ ആദ്യ വനിതാ സംവിധായകയുടെ, ആ ചിത്രത്തിൻ്റെ സംവിധാനത്തെക്കുറിച്ച് പല അഭിപ്രായങ്ങൾ കണ്ടേക്കാം.
വിജയൻ ന്യൂസ്പ്രിൻ്റ് നഗർ

