Friday, July 3, 2026
Home » കേരള പി. എസ്. സി ഉദ്യോഗാർഥികളെ നശിപ്പിക്കരുത്
കേരള പി. എസ്. സി ഉദ്യോഗാർഥികളെ നശിപ്പിക്കരുത്

കേരള പി. എസ്. സി ഉദ്യോഗാർഥികളെ നശിപ്പിക്കരുത്

by Editor

ഏത് മനുഷ്യരായാലും അവരുടെ പ്രവർത്തികളിലാണ് മഹത്വം വെളിപ്പെടുന്നത്. അധികാരത്തിൽ വരുന്ന മന്ത്രിയാകട്ടെ, ഉദ്യോഗസ്ഥനാകട്ടെ ആ വ്യക്തിയുടെ ക്രിയാത്‌മകമായ മനുഷ്യ പ്രയത്നവും മാനുഷികതയുടെ ആർദ്രതയും കണ്ടിട്ടാണ് ഒരു ജന സേവകൻ എന്നറിയപ്പെടുന്നത്. കേരളത്തിൽ കണ്ടുകൊണ്ടിരിക്കുന്ന അധികാര സ്വാർത്ഥതാല്‌പര്യങ്ങൾ ആത്യാന്തികമായി, ധർമ്മികമായി ഇന്ത്യൻ ഭരണഘടനയെ വെല്ലുവിളിക്കുന്നതാണ്. അധികാരത്തിൽ വരുന്നവർ ആരോടും പക്ഷപാതം കാണിക്കില്ലെന്നും തുല്യ നീതി പുലർത്തുമെന്നാണ് സത്യ പ്രതിജ്ഞ ചെയ്യുന്നത്. അധികാരത്തിൽ വന്നുകഴിഞ്ഞാൽ ആളെ നോക്കേണ്ട കോള് നോക്കിയാൽ മതി. അല്ലെങ്കിൽ ഞമ്മടെ മതം ഞമ്മടെ പാർട്ടി. തുറന്ന മനസ്സോടെ, കണ്ണുകളോടെ മനുഷ്യരെ കാണാത്ത പെറ്റിബൂർഷ്വാകൾ. വാക്കുകൾകൊണ്ട് കോട്ടകെട്ടാത്ത, പൊടിപ്പും തൊങ്ങലുമില്ലാത്ത ക്രാന്തദർശികളായ ഭരണകർത്താക്കൾ കേരളത്തിലുണ്ടാകുമോ?

കേരളത്തിലെ പിഎസ്‌സി യിൽ ഉദ്യോഗാർഥികൾക്ക് ഒരു വിശ്വാസമുണ്ടായിരുന്നു. ഇന്ന് സംശയത്തിന്റെ കരിനിഴലിലാണ്. ആസൂത്രണ ബോർഡിലെ മൂന്ന് തസ്‌തികകളിലേക്കുള്ള പരീക്ഷയിൽ 228 പേര് പരീക്ഷയെഴുതി. ഒന്നേകാൽ ലക്ഷം രൂപ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്ന തസ്‌തികകളിലാണ് 2023-ൽ പരീക്ഷ നടന്നത്. അതിൽ ഇടതു സർവ്വീസ് സംഘടനയുടെ സജീവ പ്രവർത്തകർ പിൻവാതിൽ നിയമനം നേടി. പരീക്ഷയിൽ 10 ചോദ്യങ്ങൾക്ക് മാർക്ക് ഇടുന്നതിൽ പിഴവ് വരുത്തിയത് മാത്രമല്ല പരിശോ ധകർക്ക് കൊടുത്തതുമില്ല. എഴുതിയ ആർക്കും കൊടുത്തില്ല. വീണ്ടും മൂല്യ നിർണയം നടത്താനും എല്ലാം ഉദ്യോഗാർത്ഥികൾക്കും ഉത്തര കടലാസ് നൽകാനും പി. എസ് സി തീരുമാനിച്ചു. ഈ കള്ളക്കളി പുറത്തായതോടെ മറ്റുള്ളവരുടെ കണ്ണിൽപൊടിയിടാൻ ആഭ്യന്തര വിജിലൻസിനെകൊണ്ട് അന്വേഷിക്കാൻ തീരുമാനമായി. ഇതുപോലുള്ള ക്രൂര കുറ്റകൃത്യങ്ങൾ അല്ലെങ്കിൽ പിഎസ് സി യിൽ നടന്ന അട്ടിമറി തട്ടിപ്പ് അന്വേഷിക്കേണ്ടത് കേരള പോലീസ് ആണോ? കുറെ കാലങ്ങളായി പി എസ് സിയിൽ നടക്കുന്ന അഴിമതി, തട്ടിപ്പ് സമഗ്രമായി അന്വേഷിക്കാൻ കേന്ദ്ര ഏജൻസി തന്നെ വേണം. പി എസ് സി യിൽ നടക്കുന്ന രാഷ്ട്രീയ നിയമനങ്ങൾ നിരോധിച്ചാൽ അഴിമതി കുറയും ഉദ്യോഗാർത്ഥികൾ അനീതിക്കെതിരെ നിയമപോരാട്ടം നടത്താൻ കോടതിയിൽ പോകേണ്ട ആവശ്യവുമില്ല. പി.എസ്.സിയിൽ നടക്കുന്ന പരീക്ഷകൾ, നിയമനങ്ങൾ എന്തുകൊണ്ട് അവരുടെ വെബ് സൈറ്റിൽ പ്രസിദ്ധപ്പെടുത്തുന്നില്ല?

മാർക്ക് ലിസ്റ്റിൽ സംശയം തോന്നിയ ഉദ്യോഗാർത്ഥികൾ ഉത്തരക്കടലാസിൽ പകർപ്പ് ആവശ്യപ്പെട്ടെങ്കിലും പി എസ് സി നൽകിയില്ല. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയും അവർ ചവറ്റുകൊട്ടയിൽ തള്ളി. ഒടുവിലവർ വിവരാവകാശ കമ്മീഷനെ സമീപിക്കുമെന്ന് മനസ്സിലാക്കിയാണ് പാർട്ടിഭക്തരുടെ കൂട്ടു കെട്ട് പൊളിഞ്ഞത്. കേരളത്തിലെ ഉദ്യോഗാർഥികളുടെ ദുരന്തവും ദുരവസ്ഥയുമാണിത്. മാത്രവുമല്ല അവരുടെ ബുദ്ധിപരമായ വികാസത്തെ ചൂഷണം ചെയ്യുകയും പി.എസ്.സിയുടെ പരിപാവനത്വം തകർത്തെറിയുകയും ചെയ്യുന്നു. ഇതെല്ലാം കാണുന്ന കേരളീയർ ചുമട്ടുകഴുതകളോ അതോ കളിപ്പാവകളോ?

മുൻ കാലങ്ങളിൽ ബുദ്ധമതത്തിൽ ചേരുന്ന വിദ്യാർത്ഥികൾക്ക് ആദ്യം സന്ന്യാസം വേണമെന്നതു പോലെ ഇന്ന് അറിവിന് വേണ്ടിയുള്ള വികാസത്തെക്കാൾ, വൈജ്ഞാനിക സാംസ്‌കാരിക പഠനത്തേക്കാൾ വിദ്യാഭ്യാസത്തിന്റെ കടക്കൽ കത്തിവെക്കുന്ന വിദ്യാർത്ഥി സംഘടനകളുണ്ടാക്കി സാമൂഹിക നീതി, വിദ്യാർത്ഥി സംരക്ഷകരെന്ന് പേരിൽ കുട്ടികളിൽ ചേരിതിരിവുണ്ടാക്കി സമരാഭാസങ്ങൾ നടത്തി രാഷ്ട്രീയ അജണ്ടകൾ നടപ്പാക്കി വിദ്യാഭ്യാസത്തെ തകർക്കുന്നു. മാത്രവുമല്ല മയക്ക് മരുന്നും കഞ്ചാവും വിദ്യാലയങ്ങളിൽ സുലഭമായി ലഭിക്കുന്നു. മുൻകാലങ്ങളിൽ വിദ്യാർത്ഥികളെ അധ്യാപകർ പരിശീലിപ്പിച്ചത് രാഷ്ട്ര പൗരന്മാരായിട്ടാണ്. ഇന്നത്തെ നല്ലൊരു പറ്റം അധ്യാപകർ, ഭരണത്തിലുള്ളവർ രാഷ്ട്രീയ സംഘടനകളുണ്ടാക്കി കുട്ടികളെ രാഷ്ട്രീയ പൗരന്മാരാക്കി അവരുടെ ഭാവി തുലയ്ക്കുന്നു. രാഷ്ട്രീയ പാർട്ടികളുടെ ലക്ഷ്യം വിദ്യാർത്ഥികളുടെ, അധ്യാപകരുടെ, പിൻവാതിൽ നിയമനം നേടിയവരുടെ വോട്ടുകൾ വേണം. ഈ വിഷയത്തിൽ മാതാപിതാക്കൾപോലും വേണ്ടുന്ന ജാഗ്രത കാണിക്കുന്നില്ല. മുൻ കാലങ്ങളിൽ ഒരധ്യാപകന് തൻ്റെ കുട്ടികളിൽ ഒരു പ്രതീക്ഷയുണ്ടായിരുന്നു. ഇന്ന് എത്ര അധ്യാപകർക്ക് ആ പ്രതീക്ഷയുണ്ട്?

വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾ വരുത്തിയെന്ന് വീമ്പളക്കുന്നവരോടെ ഞാനൊന്ന് ചോദിക്കട്ടെ. വിദ്യാലയങ്ങളിൽ ഇടിമുറി എന്നുണ്ടായി? ശാലീനവും അന്തസ്സുറ്റതുമായ പെരുമാറ്റമാണോ കുട്ടികളിൽ നിന്ന് ലഭിക്കുന്നത്? ക്ലാസ്സിൽ കയറാതെ നടന്നവന് പരീക്ഷകൾ പാസാക്കാൻ അദ്ധാപക സംഘടനകൾ ഒത്താശ ചെയ്യുന്നു. സർക്കാരാകട്ടെ പോലീസ് വകുപ്പടക്കം പലയിടത്തും രാഷ്ട്രീയ ക്രിമിനലുകളെ പിൻവാതിലുടെ നിയമിക്കുന്നു. ഇതിലൂടെ കഷ്ടപ്പെട്ട് പഠിച്ച വിദ്യാർത്ഥികളുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്നു. പത്തും പന്ത്രണ്ട് ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾ നാട് വിട്ടുപോകാനുള്ള അന്തരീക്ഷം ആരാണുണ്ടാക്കിയത്? ഭരിക്കുന്ന സർക്കാരോ, പി എസ് സി കമ്മീഷനോ? നമ്മുടെ ജ്ഞാനസമ്പാദനമേഖലയെ തകർക്കുന്നത് ആരാണ്? ഈ അധികാരക്കൊതിയന്മാരുടെ ഗൂഢതന്ത്രം കേരളത്തിലെ രക്ഷിതാക്കൾ എന്തുകൊണ്ട് തിരിച്ചറിയുന്നില്ല?

എത്രയോ വർഷങ്ങളായി ഇതെല്ലാം കണ്ട് മനംനൊന്ത് കഴിയുന്ന കുട്ടികൾ, റാങ്ക് കിട്ടിയിട്ടും ഒരു ജോലിക്കായി മുട്ടിലിഴയുന്ന ഉദ്യോഗാർഥികൾ. ഇതിനൊക്കെ ആരാണ് ഉത്തരവാദികൾ? ഉത്തരം ഒന്ന് മാത്രം. രാഷ്ട്രീയ വർഗ്ഗ വാഴ്‌ചയാണ് കേരളത്തിൽ നടക്കുന്നത്. രാഷ്ട്രീയ നിയമനം നടത്തുന്ന പി.എസ്.സി അംഗങ്ങളുടെ വിദ്യാഭ്യാസ യോഗ്യത എന്താണ്? നിയമങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് അവിടെയിരുന്ന് തട്ടിപ്പ് നടത്തുന്നവരെ സംരക്ഷിക്കുന്ന സമീപനങ്ങളാണ് കാണുന്നത്. ഇത് ഇവിടെ മാത്രമല്ല ഭരണത്തിൻ്റെ തലപ്പത്തു് ഇരുന്നുകൊണ്ട് കലാ സാഹിത്യ രംഗമടക്കം എല്ലാം മണ്ഡലങ്ങളിലും മടിശീല വീർപ്പിക്കുക മാത്രമല്ല ജനാധിപത്യവാദികളെന്ന പേരിൽ രാഷ്ട്രീയ അരാജകവാദികളെ തീറ്റിപ്പോറ്റുകയും ചെയ്യുന്നു. മാന്യതയുടെ മൂടുപടവും പുഞ്ചിരിയും കാപട്യമാർന്ന മിതത്വവുമല്ല വേണ്ടത് വിവേകപൂർണ്ണമായ മാറ്റങ്ങൾ വരുത്തി സംശുദ്ധമായ ഒരു നവീകരണം എല്ലാം രംഗത്തും അനിവാര്യമാണ്. ഇല്ലെങ്കിൽ ഈ ഭരണമെന്തിനാണ്? ആർക്ക് വേണ്ടി? കടമെടുത്തും കഷ്ടപ്പെട്ടും പഠിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് മാനസികമായ മുറിവുകൾ നൽകി മരണത്തിലെത്തിച്ചു് അവരുടെ അസ്ഥികൂടങ്ങൾക്ക് മുകളിലിരുന്ന് ദീപം തെളിയിക്കരുത്.

കാരൂർ സോമൻ, (ചാരുംമൂടൻ)

Send your news and Advertisements

You may also like

error: Content is protected !!