Friday, July 3, 2026
Home » ഉഷ്ണ തരംഗത്തിൽ വെന്തുരുകി യൂറോപ്പ്; മരണസംഖ്യ കൂടുന്നു.

ഉഷ്ണ തരംഗത്തിൽ വെന്തുരുകി യൂറോപ്പ്; മരണസംഖ്യ കൂടുന്നു.

by Editor

യൂറോപ്പിൽ ആഞ്ഞടിക്കുന്ന കഠിനമായ ഉഷ്ണതരംഗത്തിൽ (Heatwave) വിവിധ രാജ്യങ്ങളിലായി ആകെ മരണസംഖ്യ 3,300 കടന്നു. ജൂൺ മാസത്തിലെ അതികഠിനമായ ചൂട് കാരണം ഫ്രാൻസിലും സ്പെയിനിലും മാത്രമായി 2,000-ത്തിലധികം ആളുകൾ മരണപ്പെട്ടതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ആഗോള കാലാവസ്ഥാ വ്യതിയാനം കാരണം ചരിത്രത്തിലാദ്യമായാണ് ഇത്രയും ഉയർന്ന താപനില ജൂൺ മാസത്തിൽ യൂറോപ്പിൽ രേഖപ്പെടുത്തുന്നത്.

ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ഇറ്റലി, സ്പെയിൻ, പോർച്ചുഗൽ, ഹംഗറി, സ്ലൊവാക്യ, ക്രൊയേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ റെക്കോർഡ് താപനിലയാണ് രേഖപ്പെടുത്തുന്നത്. പല പ്രദേശങ്ങളിലും താപനില 40 മുതൽ 46 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നതോടെ കാട്ടുതീയും വ്യാപകമായ ഗതാഗത തടസങ്ങളും പതിവായി. നിരവധി ഗ്രാമങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുകയും അഗ്നിശമന സേനാംഗങ്ങളെ വിന്യസിക്കുകയും ചെയ്‌തു. ചില വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചു.

മരണപ്പെട്ടവരിൽ ഭൂരിഭാഗവും 65 വയസ്സിന് മുകളിലുള്ള പ്രായമായവരും വീട്ടിൽ ഒറ്റപ്പെട്ടുപോയവരുമാണ്. കഠിനമായ ചൂട് കാരണം ഫ്രാൻസിൽ മാത്രം ജലാശയങ്ങളിൽ മുങ്ങിമരിച്ചവരുടെ എണ്ണം ഉയർന്നിട്ടുണ്ട്. ഉഷ്ണ തരംഗത്തെ തുടർന്ന് ഫ്രാൻസിൽ നിരവധി പ്രദേശങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. രാജ്യത്തെ നിരവധി സ്കൂളുകൾ അടച്ചു. അതിശക്തമായ ചൂട് മൂലം വൈദ്യുതി ഉപഭോഗം കുത്തനെ ഉയർന്നതായും അധികൃതർ അറിയിച്ചു. വീടിന് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കാനും ആവശ്യത്തിന് വെള്ളം കുടിക്കാനും സർക്കാർ പൊതുജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ജൂൺ 28-ന് ലോകാരോഗ്യ സംഘടന (WHO) പുറത്തുവിട്ട ആദ്യഘട്ട കണക്കുപ്രകാരം ഫ്രാൻസിൽ മാത്രം 1,300 മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തെ ഏറ്റവും ഉയർന്ന താപനിലയായ 44.3 °C പീസോസിൽ (Pissos) രേഖപ്പെടുത്തി. പാരീസിലും ജൂൺ മാസത്തിലെ എക്കാലത്തെയും ഉയർന്ന ചൂട് (40.9 °C) അനുഭവപ്പെട്ടു.

ജൂലൈ ആദ്യവാരത്തോടെ യൂറോപ്പിലെ മറ്റ് രാജ്യങ്ങളായ സ്പെയിൻ, ജർമ്മനി, ഹോളണ്ട് തുടങ്ങിയ ഇടങ്ങളിലെ ഔദ്യോഗിക വിവരങ്ങൾ കൂടി പുറത്തുവന്നതോടെ ആകെ മരണസംഖ്യ 3,399 കടക്കുകയായിരുന്നു. സ്പെയിനിലെ അന്ദുജാർ, മോണ്ടോറോ തുടങ്ങിയ ഇടങ്ങളിൽ ചൂട് 45.1 °C വരെ എത്തി. ചെക്ക് റിപ്പബ്ലിക് (41.9 °C), പോളണ്ട് (40.5 °C) എന്നീ രാജ്യങ്ങളിലും എക്കാലത്തെയും ഉയർന്ന താപനില രേഖപ്പെടുത്തി. അതിശക്തമായ ചൂടിൽ ജർമ്മനിയിലെയും മറ്റും പ്രധാന ഹൈവേകളിലെ ടാറും കോൺക്രീറ്റും ഉരുകിപ്പൊട്ടിയതിനെ തുടർന്ന് റോഡുകൾ അടച്ചുപൂട്ടേണ്ടി വന്നു.

ജർമനിയിലും ബ്രിട്ടനിലും ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനിലയാണ് അനുഭവപ്പെടുന്നത്. റെയിൽ ഗതാഗതത്തെയും വിമാന സർവീസുകളെയും ചൂട് ബാധിച്ചിട്ടുണ്ട്. ചില റെയിൽ പാതകളിൽ വേഗപരിധി ഏർപ്പെടുത്തിയതോടെ സർവീസുകൾ വൈകാനും കാരണമായി. ഇറ്റലിയിലും പ്രധാന നഗരങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. നിർമാണ, കാർഷിക തൊഴിലുകളിൽ ഏർപ്പെടുന്നവർക്ക് ഉച്ചസമയത്ത് ജോലി നിയന്ത്രണവും ഏർപ്പെടുത്തി. ആശുപത്രികളിൽ ചൂട് മൂലമുള്ള അസുഖങ്ങളുമായി എത്തുന്നവരുടെ എണ്ണം ഗണ്യമായി വർധിച്ചതായി അധികൃതർ അറിയിച്ചു.

ചൂടിനെ നിസാരമായി കാണരുതെന്ന് ലോകാരോഗ്യ സംഘടനയുടെ യൂറോപ്യൻ വിഭാഗം മുന്നറിയിപ്പ് നൽകി. പ്രത്യേകിച്ച് പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഹൃദ്രോഗികളും മറ്റ് ഗുരുതര രോഗങ്ങളുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ആവശ്യത്തിന് വെള്ളം കുടിക്കുക, നേരിട്ടുള്ള സൂര്യപ്രകാശം ഒഴിവാക്കുക, ശരീരാസ്വാസ്ഥ്യം അനുഭവപ്പെട്ടാൽ ഉടൻ ചികിത്സ തേടുക എന്നീ നിർദേശങ്ങളും നൽകിയിട്ടുണ്ട്. അടുത്ത ദിവസങ്ങളിലും പല രാജ്യങ്ങളിലും ഉയർന്ന താപനില തുടരുമെന്നാണ് കാലാവസ്ഥാ വിദഗ്‌ധരുടെ പ്രവചനം.

Send your news and Advertisements

You may also like

error: Content is protected !!