പവിത്രൻസാറിന്റെ മകന്റെ കല്യാണം രാവിലെ ഒമ്പതിനും പത്തിനുമിടയിൽ മയൂരാ കൺവെൻഷൻ സെന്ററിൽവച്ചായിരുന്നു. സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനായ ശിവദാസിന് സംഘടനാപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പവിത്രൻ സാറുമായി നല്ല സൗഹൃദമാണ്. ആ സൗഹൃദമാണ് സാറിനൊപ്പം വർക്കുചെയ്യുന്ന ഹിമയെ പരിചയപ്പെടാനും വിവാഹം കഴിക്കാനും നിമിത്തമാവുന്നത്.
നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ ശിവദാസിന് രാവിലെ കല്യാണം കൂടാൻ കഴിയുമായിരുന്നില്ല.
വൈകുന്നേരം റിസപ്ഷന് രണ്ടാൾക്കുംകൂടി പോകാമെന്ന തീരുമാനത്തിൽ ഭാര്യയെ മയൂരയ്ക്കു മുന്നിൽ ഡ്രോപ്പുചെയ്തിട്ടാണ് ശിവദാസ് ഓഫീസിലേക്കു പോരുന്നത്.
നിയമസഭയിലെ “ചോദ്യോത്തരവേള”യിൽ, പ്രതിപക്ഷം എയ്തുവിട്ടേക്കാവുന്ന ചോദ്യശരങ്ങൾക്കുള്ള മറുപടി തയ്യാറാക്കിക്കൊടുത്തുകൊണ്ടിരിക്കണം.. ഫോൺ സയലന്റ് മോഡിലിട്ടു കഴിഞ്ഞാൽ ഇടയ്ക്കൊന്നു നോക്കാൻപോലും സാവകാശം കിട്ടാത്തത്ര തിരക്ക്..!
ഹിമയുടെ നാലഞ്ചു മിസ്ട് കാളെങ്കിലും വന്നുകിടപ്പുണ്ടാവും.. സാഹചര്യങ്ങൾ അറിയാമെങ്കിലും അവളു ചറുപറാ മെസ്സേജിട്ടു കളിച്ചുകൊണ്ടിരിക്കും.
വൈകുന്നേരത്തെ റിസപ്ഷന്റെ കാര്യം ഓർമ്മിപ്പിച്ചുള്ള മെസേജ് ഓഫീസിൽനിന്നിറങ്ങാൻ നേരമാണ് കണ്ടത്. വീടെത്തുമ്പോൾ ഏഴുമണി… ഹിമ കിടന്നുകൊണ്ട് ഏതോ ചാനൽ വാർത്ത കേട്ടുകൊണ്ടിരിക്കുന്നു..
“കല്യാണം എങ്ങനെയുണ്ടായിരുന്നു..? സദ്യ ഉണ്ണാൻ കഴിഞ്ഞോ നിനക്ക്.?”
മൂന്നുമാസം ഗർഭിണിയായ ഹിമയ്ക്ക് കുറേശ്ശെയായി മനംപുരട്ടലും ചർദ്ദിയുമക്കെയുണ്ട്. കുറച്ചെന്തെങ്കിലും
കഴിക്കുന്നതുതന്നെ ചിക്കൻ വിഭവങ്ങളുമാത്രമാണ്. പ്രത്യേകിച്ച് ഡ്രൈഡ് ചില്ലിച്ചിക്കൻ.
ഇടയ്ക്ക് ഹോട്ടലിൽപോയി കഴിക്കുകയോ, അല്ലെങ്കിൽ പാഴ്സലു വാങ്ങിക്കൊണ്ടുവരികയോ ചെയ്യുമെങ്കിൽ
കഴിക്കുമെന്നല്ലാതെ, സ്വന്തമായി മാംസാഹാരം കുക്കുചെയ്താൽ ഹിമയ്ക്ക് കഴിക്കാൻ പറ്റുമായിരുന്നില്ല.
“മാര്യേജ് റിസപ്ഷനു പോകേണ്ടേ..? ഞാൻ വിചാരിച്ചു നീ റെഡിയായി നിൽക്കുമെന്ന്. വേഗം റഡിയാവ്…..”
“ഇത്രയും ലേറ്റായിട്ട് ഇനി പോണോ..?”
“പിന്നെ പോവാതെ..?…
ഇല്ലേൽ അങ്ങേരു കാണുന്നിടത്തുവച്ചു തെറിവിളിക്കും..”
മാര്യേജ് റിസപ്ഷൻ മസ്ക്കറ്റ് ഹോട്ടലിൽ വളരെ ഗ്രാന്റായിട്ടു നടക്കുകയാണ്.
വേദിയിൽ ആട്ടവും പാട്ടും തകൃതി..
സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നുമുള്ളവർ..
ആളുകൾ എത്തിക്കൊണ്ടിരിക്കുന്നതേയുള്ളൂ..
സഹപ്രവർത്തകർ മിക്കവരും കുടുംബമായിട്ടാണ് വന്നിരിക്കുന്നത്..
പ്രീതിയും, പോലീസുകാരനായ ഭർത്താവ് ലാലു ജോസഫും..
“എവിടേലുമൊരു കല്യാണമെന്നു കേട്ടാമതി, അതിന്റെ മൈലാഞ്ചിയീടിലുതൊട്ട്, കാല്യാണം, റിസപ്ഷൻ, നല്ല വിരുന്ന് എന്നൊക്കെപ്പറഞ്ഞ് ഒരു മൂന്നാലുദിവസം, പിള്ളേരും പിറുങ്ങിണിയുമൊക്കെ ആവുന്നിടം വരെമാത്രം ഈ സ്വാതന്ത്ര്യം..”
“അതിനിനി ആറേഴുമാസം അവരു കാത്താൽമതി അച്ചായാ..”
“Congratulations.. രണ്ടുപേർക്കും..”
കല്യാണത്തിനു കൂടാൻ സൗകര്യപ്പെടാതിരുന്ന സഹപ്രവർത്തകരിൽ ചിലരും റിസപ്ഷന് എത്തിയിട്ടുണ്ട്. Food court-ൽനിന്നും വെജ്ജും നോൺവെജ്ജും വിഭവങ്ങളുടെ കൊതിപ്പിക്കുന്ന രുചി ഗന്ധങ്ങൾ..!
തലപ്പാവും കോട്ടും സ്യൂട്ടുമിട്ട വിളമ്പുകാർ..
നല്ല തിരക്കുണ്ട്..
കല്യാണത്തിനുണ്ടായിരുന്ന മുഴുവൻപേരും റിസപ്ഷനും എത്തിയിട്ടുണ്ടോ..?
അപ്പൂപ്പന്താടിപോലെ ഊതിയാൽ പറന്നേക്കാവുന്ന അപ്പം! കൂട്ടിന് ചിക്കൻ, മട്ടൻ, ബീഫ് കുറുമകൾ..
അപ്പത്തിന്റെ ഭംഗികണ്ട് ഒരെണ്ണംമാത്രം പ്ളെയിറ്റിൽ വാങ്ങുമ്പോഴും ഹിമയുടെ കണ്ണുകൾ റൈസും ചില്ലിച്ചിക്കനും എവിടെയെന്നു തിരയുകയായിരുന്നു.
നല്ല വിശപ്പുണ്ട്. രാവിലെ കല്യാണസദ്യ, പേപ്പർ ഗ്ളാസിൽ രണ്ടുവട്ടം വാങ്ങിയ അടപ്രഥമൻ മാത്രമായിരുന്നു.
അല്പം റൈസ് എടുത്തുകഴിഞ്ഞ് ചില്ലിച്ചിക്കനു നേരെ പ്ളെയ്റ്റ് നീട്ടി.
കുറച്ചു ഗ്രേവിയും രണ്ടുമൂന്നു കുഞ്ഞൻ ചിക്കൻ കഷണങ്ങളുംമാത്രം..
വീണ്ടും ചോദിക്കാമല്ലോ..
ഹിമ സമാധാനിച്ചു..
ചിറക്, കഴുത്ത്, കരൾ തുടങ്ങിയ കോഴിയുടെ ഭാഗങ്ങൾ കറികളിൽ കാണുന്നതുതന്നു ഹിമയ്ക്ക് അറപ്പും വെറുപ്പുമാണ്.
ഹിമ ചിക്കൻകഷണങ്ങൾ പരിശോധിച്ചു..
കോഴിയുടെ കഴുത്തിന്റെ ഭാഗംതന്നെ..
ഹിമ റൈസു മാത്രം കഴിച്ചുതുടങ്ങി..
കൗണ്ടറിനു വെളിയിൽ ഓരോരുത്തരുടെ സീറ്റിന്നരികിലേക്കുംചെന്ന് ചില്ലിച്ചിക്കൻ സെർവുചെയ്യുന്നുണ്ട്.
“ഇവിടെ”
ഹിമ കൈകാണിച്ചു..
ഒന്നുരണ്ടു കഷണങ്ങളും അല്പം ഗ്രേവിയും…
തീറ്റഭാഗ്യം എന്നൊന്ന് തനിക്ക് ഇല്ലാതെപോയോ..?
ഹിമ വ്യാകുലപ്പെട്ടു..
“നീയെന്താ ചില്ലിച്ചിക്കൻ കഴിക്കാത്തത്..? “
“ദാ നോക്കിയേ…ഇതും കഴുത്തിന്റെ ഭാഗം തന്നെയാണ്…”
പാവം..ഹിമ..
ശിവദാസ് വിളമ്പുകാരനെ അടുത്തേയ്ക്കു വിളിച്ചു..
“എടേ.. ചില്ലിച്ചിക്കനുണ്ടാക്കാൻ തിരഞ്ഞെടുത്ത കോഴികൾക്ക് കഴുത്തല്ലാതെ മറ്റു പാർട്ട്സുകളൊന്നും ഇല്ലായിരുന്നോ..?
നേരത്തെ ഒരാൾ വിളമ്പിയതും, കഴുത്തിന്റെ ഭാഗം….”
“സോറി സർ.. മന:പ്പൂർവ്വമല്ല സാർ”
അയാൾ ചില്ലിച്ചിക്കൻ പാത്രത്തിൽ കഴുത്തല്ലാത്ത നല്ല പീസുകൾ തിരയുകയാണ്.
ഒടുവിൽ തപ്പിയെടുത്ത ഏതാനു പീസുകൾ ഹിമയുടെ പ്ളെയ്റ്റിൽ വിളമ്പിയിട്ടു ചിരിച്ചു..
വീണ്ടും ഒരുവട്ടംകൂടി കഴുത്തോ, കരളോ മറ്റോ ആണ് തനിക്കു കിട്ടിയിരുന്നതെങ്കിൽ.
ഹിമയ്ക്ക് സങ്കടവും ദേഷ്യവും ഒപ്പമുണ്ടായേനെ…!
എന്തായാലും ആ നാണക്കേട് ദൈവം കാത്തു…
ഓർമ്മകൾക്ക് ഒരിക്കലുമൊരു പഞ്ഞമില്ല. എത്രയെത്ര കാര്യങ്ങൾ..! അന്ന് ചില്ലിച്ചിക്കൻ തിന്നാൻ കൊതിച്ചവൾ ഇന്ന് സമ്പൂർണ്ണ സസ്യാഹാരി.. പച്ചക്കറികൾ മാത്രം കഴിച്ച് ആരോഗ്യം സംരക്ഷിക്കുന്ന പ്രായം മതിക്കാത്ത മെലിഞ്ഞ സുന്ദരി.
അന്ന് ഹിമയുടെ അടിവയറ്റിൽ തുടിച്ചുതുടങ്ങിയ മൂന്നുമാസം വളർച്ചയെത്തിയ മകളിന്ന് വിവാഹപ്രായമെത്തിനില്ക്കുന്നു. അമ്മയുടെ പല വ്യാക്കൂൺകാല കഥകളും പൊടിപ്പും തൊങ്ങലുംവച്ച് മകളോടു പറഞ്ഞിട്ടുണ്ടെങ്കിലും “ഒരു ചില്ലിച്ചിക്കൻ അപാരത” വേറിട്ടൊരു തമാശക്കഥയായി ഇന്നും. പുതുമയോടെ..
രമണി അമ്മാൾ

