Wednesday, July 29, 2026
Home » പുലിമറഞ്ഞതൊണ്ടച്ചൻ തെയ്യവും, മുത്തപ്പനും പുത്തൻ ജാതിയും.
പുലിമറഞ്ഞതൊണ്ടച്ചൻ തെയ്യവും, മുത്തപ്പനും പുത്തൻ ജാതിയും.

പുലിമറഞ്ഞതൊണ്ടച്ചൻ തെയ്യവും, മുത്തപ്പനും പുത്തൻ ജാതിയും.

ആസ്വാദനക്കുറിപ്പ്: വിപിൻ കെ ചാലിൽ

by Editor

പുലിമറഞ്ഞ തൊണ്ടച്ചൻ
തെയ്യംതിറ എന്ന് ഓർക്കുമ്പോൾ എന്റെ മനസ്സിൽ വരുന്നത് മഞ്ഞളിന്റെ മണമാണ്. ചെണ്ട എന്ന അസുരവാദ്യത്തിന്റെ താളലഹരിയാണ്. ബലൂണും കളിപ്പാട്ടങ്ങളും വിൽക്കുന്നവരുടെ പ്രാരാബ്ധങ്ങളാണ്. തിറ വടക്കേമലബാറിലെ ഗ്രാമങ്ങളുടെ ഉണർത്തുപാട്ടാണ്‌. പുലിമറഞ്ഞ തൊണ്ടച്ചൻ എന്ന തെയ്യത്തിന്റെ കഥ നാടകരീതിയിൽ ശ്രീ എൻ പ്രഭാകരൻ എഴുതിയതിനു ശേഷം ആ പ്രമേയത്തിൽ തന്നെ ഒരു മലയാള ചലച്ചിത്രവും പിറന്നു വീണു. പ്രഭാകരൻമാഷ് എഴുതിയ കഥയെ അതി ഗംഭീരമായി മെൽബണിൽ അവതരിപ്പിച്ച കലാകാരന്മാരുടെ കൂട്ടായ്മ ആയ KEPTA പ്രവർത്തകരെ അഭിനന്ദിക്കാനാണ് ഈ ചെറു കുറിപ്പ്. കാരി ഗുരുക്കൾ എന്ന ഗുരു പുലിയായി തീർന്ന കഥ തുളുനാടിന്റെയും കോലത്ത്നാടിന്റെയും ഞരമ്പുകളിൽ ഇന്നും പതഞ്ഞു പൊങ്ങുന്ന ഓർമ്മയാണ്. ഞങ്ങൾ തെയ്യമായി ഭക്തിപൂർവ്വം കെട്ടിയാടിക്കുന്ന പുലിമറഞ്ഞ തൊണ്ടച്ചന്റെ കഥ കാഫ്കയുടെ Metamorphosis എന്ന കഥ പോലെ തന്നെ ഒരു രൂപപരിണാമത്തിന്റെ കഥയാണ്.

സ്വപ്നങ്ങളാൽ നൊമ്പരപ്പെട്ട ഒരു നിദ്രയ്ക്ക് ശേഷം ഉണർന്നപ്പോൾ, താൻ ഭീമാകാരനായ ഒരു കീടമായി മാറി എന്ന് ഗ്രെഗർ സാംസ എന്ന യുവാവ് ഞെട്ടലോടെ തിരിച്ചറിഞ്ഞു. ഇങ്ങനെയാണ് ഫ്രൻസ് കാഫ്ക Metamorphosis എന്ന കഥ ആരംഭിക്കുന്നത്. നിങ്ങൾ കൊല്ലന്റെ ആലയിൽ പോയിട്ടുണ്ടോ? അവിടെ കൊല്ലൻ ഇരുമ്പായുധങ്ങൾ ചുട്ടു പഴുപ്പിച്ചു കൂടം കൊണ്ട് തല്ലി പരുവമാക്കി പെട്ടെന്ന് വെള്ളത്തിൽ മുക്കും. അപ്പോൾ ഉണ്ടാകുന്ന ശീൽക്കാരം തീക്ഷ്ണമായ ഒരു അനുഭവമാണ്. കുട്ടി ആയിരുന്ന കാലത്ത് ദേഹത്ത് പൊള്ളൽ അനുഭവിക്കുന്നത് പോലെ ആയിരുന്നു എനിക്ക് ഈ ശീൽക്കാരം. ആദ്യമായി കാഫ്കയുടെ ഈ കഥ വായിച്ചപ്പോൾ അത്തരമൊരു പൊള്ളലാണ് എനിക്ക് അനുഭവപ്പെട്ടത്. ഇങ്ങനെ ഇരുമ്പ് ചുട്ടു പഴുപ്പിച്ചു quenching oil ൽ ഇട്ടാൽ (ഇരുമ്പിനകത്ത് വേണ്ടയളവിൽ കാർബൺ ഉണ്ടെങ്കിൽ) ഇരുമ്പ് hardened ആകും. ഇത് ഞങ്ങൾ toolmaker മാരുടെ തൊഴിലധിഷ്ഠിത ജ്ഞാനവുമാണ്. അങ്ങനെ ചുട്ടുപഴുപ്പിച്ചു വെള്ളത്തിൽ മുക്കി കൊന്നാൽ കിട്ടുന്ന hardness അല്പമെന്നു കൂടിപ്പോയാൽ gas torch ഉപയോഗിച്ച് കൊണ്ട് ചെറുതായി ചൂടാക്കി blue colour ആകുന്നതു വരെ ചൂടാക്കി അന്തരീക്ഷ വായുവിൽ തന്നെ വെച്ച് മെല്ലെ തണുപ്പിക്കുക അപ്പോൾ hardness ൽ കുറവുണ്ടാകും. ഇങ്ങനെ hardness കുറക്കുന്ന രീതിക്ക് Blue tempering എന്നാണ് പറയുക. അങ്ങനെ മലയാള വായനാ സമൂഹത്തെ ഒരു blue tempering നടത്തിയത് പി ഭാസ്കരൻ മാഷ് ആണ്.
“പുലർകാല സുന്ദര സ്വപ്നത്തിൽ
ഞാനൊരു പൂമ്പാറ്റയായിന്നു മാറി”.
എന്ന ഗാനം രചിക്കുക വഴി ഒരു blue tempering treatment ആണ് ഭാസ്കരൻ മാഷ് നടത്തിയത്. കാഫ്ക സൃഷ്‌ടിച്ച അതി തീവ്ര ഭാവത്തെ മയക്കി, മൃദുവാക്കിയെടുക്കുന്ന ജാലവിദ്യ. കാഫ്കയുടെ കഥയിൽ “troubled dreams” എന്ന പ്രയോഗമാണെങ്കിൽ മലയാള ഗാനത്തിൽ സുന്ദരസ്വപ്നം എന്ന് മാറിയിട്ടുണ്ട്. കാഫ്കയുടെ കഥയിലെ monstruous insect മലയാള ഗാനത്തിൽ പൂമ്പാറ്റ ആയി മാറിയിട്ടുണ്ട്. അനുഗ്രഹീത ഗായിക ചിത്ര ആലപിച്ച ഈ ഗാനം എനിക്ക് ഏറെ പ്രിയങ്കരം. വായിച്ചിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞു പോയെങ്കിലും കാഫ്ക ഏൽപ്പിച്ച ആ വൈദ്യുതാഘാതത്തിന്റെ ഞെട്ടലിൽ നിന്നും ഇതുവരെ ഞാൻ മോചിതനായിട്ടില്ല. European Existentialism ത്തിന്റെ നാൾവഴികളിൽ ഒരു നെടുങ്കൻ നാഴികക്കല്ലാണ് കാഫ്കയുടെ ഈ കഥ.

എഴുത്തിലെ മഹാരഥന്മാരായ വിക്ടർ യൂഗോവും ദസ്തെയ്‌വ്സ്കിയും ഒരു കഥാതന്തുവിനെ മെല്ലെ മെല്ലെ ആഖ്യാനരീതിയിൽ ക്ലൈമാക്സിലേക്ക് കൊണ്ടുവരികയാണ് ചെയ്യുന്നത്. എന്നാൽ കാഫ്ക ക്ലൈമാക്സിലാണ് തുടങ്ങുന്നത്. ഇങ്ങനെ ക്ളൈമാക്സിൽ തുടങ്ങി ഗ്രെഗറിന്റെ ദാരുണമായ അന്ത്യം വരെ ചടുലതയോടെ നീങ്ങുന്ന ആഖ്യാന വഴിയിൽ ഗ്രെഗറിന്റെ കുടുംബത്തിലുള്ളവർ ആരും തന്നെ ഈ പ്രാണിയോട് യാതൊരുവിധ അനുതാപവും കാണിക്കുന്നില്ല. കോപാകുലനായ അച്ഛൻ വലിച്ചെറിഞ്ഞ ഒരു ആപ്പിൾ ഈ ഭീമാകാരൻ കീടത്തി(ഗ്രെഗർ)ന്റെ പുറത്ത് വലിയ ഒരു വ്രണം ഉണ്ടാക്കുകയും, ആ പ്രാണിയെ രോഗി ആക്കി മാറ്റുകയും ചെയ്തു. തന്റെ കുടുംബത്തിൽ നിന്നും നേരിടുന്ന അവഗണനയും നീരസവും പ്രാണിക്ക് സഹിക്കാവുന്നതിലുമേറെ ആയിരുന്നു. പ്രാണി ഭക്ഷണമൊന്നും കഴിക്കാതെയായി. ഗ്രെറ്റെ എന്ന തന്റെ പെങ്ങൾക്കെങ്കിലും തന്നോട് എന്തെങ്കിലും അനുതാപം ഉണ്ടാകുമെന്ന് കീടം പ്രതീക്ഷിച്ചു. വിരുന്നുകാരെ പോലെ (paying guests ) സാംസ കുടുംബ-വീട്ടിൽ താമസിച്ചുകൊണ്ടിരുന്നവർക്കായി, ഒരു ദിനം പെങ്ങൾ ഗ്രെറ്റെ വയലിൻ വായിച്ചു കേൾപ്പിക്കവേ, ഈ കൂട്ടുകാർ പ്രാണിയെ ശ്രദ്ധിക്കാൻ ഇടവരുകയും അവർക്ക് അതിനോട് അറപ്പ് തോന്നുകയും , “ഇതിനെ വീട്ടിൽ നിന്ന് വീട്ടിൽ നിന്ന് പുറത്താക്കൂ” എന്ന് ആക്രോശിക്കുകയും ചെയ്യുന്നതോടെ കീടത്തിന് തന്റെ അവസാനത്തെ പ്രത്യാശയും ഒടുങ്ങിപ്പോകുന്നു. അങ്ങനെ സമയം കടന്നു പോകെ ഗ്രിഗർ സാംസ എന്ന കീടം തന്റെ മനസ്സിൽ കുടുംബത്തോടും, ചുറ്റുപാടിനോടും ഉള്ള അതീവപ്രേമം ഉള്ളാലെ ധ്യാനിച്ച് കൊണ്ട് അവസാന ശ്വാസമെടുക്കുന്നു. ഈ കഥ ചിന്തോദ്ധീപകമാകുന്നതും അത് കൊണ്ട് തന്നെയാണ്. ഗ്രെഗറിനെ മരണത്തിലേക്ക് വിട്ട യൂറോപ്യൻ മനഃസാക്ഷിയിൽ നിന്നും വ്യത്യസ്തമാണ് വടക്കേ മലബാറിന്റെ തെയ്യങ്ങൾ സൃഷ്ടിക്കുന്ന അസ്തിത്വ ബോധം.

കാഫ്കയുടെ കഥയിൽ ഗ്രെഗർ സാംസ എന്ന മനുഷ്യൻ സ്വയമേവ കീടമായി പരിണമിക്കുമ്പോൾ മനുഷ്യാവസ്ഥയുടെ കീടതുല്യമായ ( worm-like) നിസ്സഹായത ആണ് പ്രതിരൂപാത്മകമായി തുറന്നു കാട്ടപ്പെടുന്നത്. എന്നാൽ പുലിമറഞ്ഞ തൊണ്ടച്ചൻ എന്ന ഐതിഹ്യകഥയിലൂടെ അക്കാലത്തെ ജാതീയമായ അടിച്ചമർത്തലുകളുടെ നേർകാഴ്ചയാണ് മറനീക്കി വെളിവാകുന്നത്. ജാത്യധികാര ശക്തിയുടെ ചതിപ്രയോഗത്തിലൂടെ പുലിജന്മം സ്വീകരിക്കേണ്ടി വന്ന കാരി ഗുരുക്കളുടെ കഥയാണ് പുലിമറഞ്ഞ തൊണ്ടച്ചൻ എന്ന തെയ്യത്തിന്റെ ഐതിഹ്യം.

ശബരിമലയിലെ വീരപുരുഷനായ – ഇന്ന് വിശ്വാസികൾ ദൈവാംശമായി ആരാധിക്കുന്ന – അയ്യപ്പ സ്വാമിക്കെതിരെ ഗൂഡാലോചന ചെയ്ത് പുലിപ്പാൽ ശേഖരിച്ചു കൊണ്ടുവരാൻ കൽപ്പിച്ച അതേ അധികാര ശക്തി, ഇവിടെ കാരി ഗുരുക്കൾക്ക് നേരെയും തിരിയുന്നു. നാടു വാഴുന്ന തമ്പുരാന് ഭ്രാന്ത് ആണെന്നും, നാടുവാഴിയുടെ ഭ്രാന്ത് മാറാൻ പുലിത്തോലും പുലിച്ചടയും കൊണ്ട് വരണം എന്ന കല്പന വരുന്നതോടെ ഐതിഹ്യ കഥ പിരിമുറുക്കത്തിലേക്ക് (climax ലേക്ക് ) എത്തുന്നു.

ജാതീയമായ അയിത്തം കൊടുമ്പിരി കൊണ്ട ചരിത്ര കാലഘട്ടത്തിൽ ജീവിച്ച കാരി എന്ന പുലയബാലന്‌ കളരിയും മർമ്മവിദ്യയും മോഹമുണ്ടായി. ജാതീയമായ അയിത്തം കൊണ്ട് തന്നെ ആദ്യം തഴയപ്പെട്ട കാരി ഒരു ഘട്ടത്തിൽ കളരി പഠിക്കാനുള്ള അവസരം നേടിയെടുത്തു. പിന്നീട് സർവ്വവിദ്യകളും, മർമ്മ വിദ്യയും, മന്ത്രവിദ്യയും ഒക്കെ പഠിക്കുന്നു. ഗുരുക്കളായി തീരുന്നു. കാരി ഗുരുക്കൾ. അങ്ങനെ മറ്റു മൃഗങ്ങളുടെ രൂപത്തിലേക്ക് സ്വയം പരിണമിച്ചു കൊണ്ട് ജീവിക്കാനുള്ള വിദ്യയും നേടിയെടുക്കുന്നു. ആയിടക്ക് നാട്ടിലെ നാടുവാഴിക്ക് കലശലായ ഭ്രാന്ത് ഉണ്ടാകുന്നു. (ചില പ്രാദേശിക പാഠഭേദങ്ങളിൽ ഭാര്യ ആയ തമ്പുരാട്ടിക്കായിരുന്നു ഭ്രാന്ത് എന്നും). ഈ തക്കം നോക്കി ജാതി മേലാളന്മാർ കാരി ഗുരുക്കൾക്കുള്ള ചതി ഒരുക്കുന്നു. നാടുവാഴിയുടെ ഭ്രാന്ത് മാറാൻ “പുലിത്തോലും നരിച്ചടയും” ( നരിച്ചട – നരിയുടെ ജട ) കൊണ്ടുവരണം. അതിന് കാരി തന്നെ പോകണം. പ്രതിഫലമായി പാതിരാജ്യം തരാമെന്ന വാഗ്ദാനവും. പുലിയായി മാറാനുള്ള മാന്ത്രിക വിദ്യ അറിയാവുന്ന കാരി ഗുരുക്കൾ തന്റെ ഭാര്യ വെള്ളച്ചിയെ വിളിച്ചു പറഞ്ഞു കൊടുക്കുന്നു. “ഞാൻ പുലിവേഷത്തിൽ, കാടും മലയും കടന്നു പോയി പുലിയൂർ മലയിൽ പോയി പുലിത്തോലും നരിച്ചടയും കൊണ്ട് വരും, ഞാൻ പുലി ആയിട്ടാണ് വരുക, അപ്പോൾ നീ കരിക്കാടി വെള്ളം എന്റെ മുഖത്തൊഴിക്കണം, ചാണകം മുക്കിയ ചൂല് കൊണ്ട് മുഖത്തടിക്കണം”. ഇത് തിരിച്ചു മനുഷ്യരൂപത്തിലേക്ക് മാറാനുള്ള മറുമന്ത്രവിദ്യ ആണ്. (ചില പ്രാദേശിക ഭേദങ്ങളിൽ മന്ത്രിച്ചൂതിയ വെള്ളവും തുളസിയും എന്നും) ഇങ്ങനെ പറഞ്ഞു മലയേറിയ പുലി (കാരി ഗുരുക്കൾ) പുലിത്തോലും നരിച്ചടയുമായി തിരിച്ചെത്തുന്നു. വീട്ടു മുറ്റത്ത് (ചാളയിൽ) പുലിയെ കണ്ട വെള്ളച്ചി പേടിച്ചു പോകുന്നു. മറുമന്ത്രവിദ്യ ആയ കരിക്കാടി പ്രയോഗവും ചാണക പ്രയോഗവും ചെയ്യാൻ വെള്ളച്ചക്ക് ആയില്ല. പുലി രൂപത്തിൽ തന്നെ തുടർന്ന കാരി ഗുരുക്കൾ, പുലിയുടെ മൃഗവാസന കൊണ്ട് കാട്ടിലേക്ക് മറയുന്നു.. എന്നാൽ മേലാള വർഗം പാതിരാജ്യം കൊടുക്കാൻ തയ്യാറായില്ല.

ഇതാണ് തൊണ്ടച്ചൻ തെയ്യത്തിന്റെ കഥ. ഗ്രെഗർ സാംസ എന്ന കീടം മരണപ്പെട്ടുവെങ്കിലും പുലിമറഞ്ഞ തൊണ്ടച്ചൻ ഇപ്പോഴും ജനഹൃദയങ്ങളിൽ ജീവിക്കുന്നു. വടക്കേ മലബാറിൽ കുംഭമാസമായാൽ തെയ്യമായി കെട്ടിയാടിക്കപ്പെടുന്നു.

മെൽബണിലെ വിപഞ്ചിക ഗ്രൻഥശാല എന്ന കൂട്ടായ്മയുടെ ദശകം ആഘോഷിക്കുന്ന വേളയിൽ ഉന്നതരായ സാമൂഹ്യപ്രവർത്തകരും, ജനപ്രതിനിധികളും പങ്കെടുത്തു. പ്രഭാകരൻ മാഷ് എഴുതിയ പുലിജന്മം എന്ന നാടകം മെൽബണിലെ ബോക്സ് ഹിൽ ടൌൺ ഹാളിൽ അവതരിക്കപ്പെട്ടത് ഞങ്ങൾ മെൽബൺ മലയാളികൾക്ക് ആസ്വാദനത്തിന്റെ നവ്യാനുഭൂതി ആയി. KEPTA എന്ന സാംസ്കാരിക സംഘടന അവതരിപ്പിച്ച നാടകം വളരെ ഉയർന്ന നിലവാരം പുലർത്തി. സംവിധായകൻ ഗിരീഷ് അവണൂർ ‘ഗുളികൻ തിരുമുടി’ ആയി വേദിയിൽ എത്തി. കാരി ഗുരുക്കളെ അവതരിപ്പിച്ച നടൻ വെണ്മണിയും ഗംഭീരമായ അഭിനയ ചാതുര്യം കാഴ്ച വെച്ചു. മറ്റുള്ള കലാകാരികളെയും കലാകാരന്മാരെയും പേരെടുത്ത് ഇവിടെ എഴുതുന്നില്ല, എങ്കിലും എല്ലാവരും ചേർന്ന് കൊണ്ട് നാടകത്തെ നല്ല ഒരു ദൃശ്യാനുഭവമാക്കി മാറ്റി.

പുത്തൻ ജാതി

പരിപാടികളുടെ ഭാഗമായി മുത്തപ്പൻ തിരുമുടിയുടെ വെള്ളാട്ടം കെട്ടിയാടിക്കുകയും ചെയ്തു. മുത്തപ്പൻ വെള്ളാട്ടം കെട്ടിയാടിച്ചതിനെ വിമർശിച്ചു കൊണ്ടുള്ള പല പത്രക്കുറിപ്പുകളും, സോഷ്യൽ മീഡിയ പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടതായി പല സുഹൃത്തുക്കളും എന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. അതിൽ ജാതി പറഞ്ഞു കൊണ്ട് അധഃപതിക്കുന്ന വിധത്തിലുള്ള പോസ്റ്റുകളും കണ്ടു. പഴയകാല ഫ്യുഡൽ വ്യവസ്ഥയിൽ തെയ്യം കെട്ടാനുള്ള (കോലധാരി ) അധികാരം ഇന്ന ജാതിക്കാർക്ക്, ചെണ്ട കൂട്ടാനുള്ള അധികാരം മറ്റൊരു ജാതിക്കാർക്ക് എന്നൊക്കെ ജാത്യധിഷ്ഠിതമായ വേർതിരിവുകൾ ഉണ്ടായിരുന്നു. അത് ഇപ്പോഴും അതേ പടി പാലിക്കണം എന്ന് പറയുന്നത് ജാതിയിലേക്ക് തിരിച്ചു കൊണ്ട് പോകാനുള്ള മുഴുഭ്രാന്ത് മാത്രമാണ്. പിന്നെ ഇന്ത്യയിൽ നിന്നും ഒരു കോലധാരിയെ വിസയും ടിക്കറ്റും സംഘടിപ്പിച്ചു കൊണ്ട് വരുമ്പോൾ അദ്ദേഹത്തിന്റെ ജാതി എന്താണെന്ന് ചോദിക്കാനൊന്നും സാധ്യമല്ല. പ്രായോഗികമല്ല. മുത്തപ്പന്റെ അനുഷ്ഠാനങ്ങൾ അറിയാവുന്ന ഒരു കോലധാരിയെ കൊണ്ട് വന്നു. അത്രയേ ഉള്ളൂ. പിന്നെ ഞാൻ വ്യക്തിപരമായി ശാക്തേയ വിശ്വാസത്തിൽ ജീവിക്കുന്ന ഹിന്ദു ആണ്. മുത്തപ്പന്റെ ഭക്തനാണ്. ഇവിടെ മുത്തപ്പനെ കെട്ടി ആടിച്ചത് കണ്ടപ്പോൾ മുത്തപ്പൻ തിരുമുടിയെ ആരെങ്കിലും അവഹേളിച്ചു എന്നൊന്നും എനിക്ക് തോന്നിയിട്ടില്ല. എന്റെ സുഹൃത്തുക്കളായ പലരും മുത്തപ്പന്റെ ഭക്തന്മാർ അവർക്കാർക്കും ഒരു വേവലാതിയും ഇല്ല. പിന്നെ എന്തിനാണ് വൃഥാ പഴയ ജാതി ഇവിടെ കൊണ്ട് വരുന്നത് എന്ന് മനസിലാകുന്നില്ല. വിപഞ്ചിക ഗ്രൻഥശാല എന്ന കൂട്ടായ്മക്കും KEPTA പ്രവർത്തകർക്കും എന്റെ അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കുന്നു.

വിപിൻ കെ ചാലിൽ

Send your news and Advertisements

You may also like

error: Content is protected !!