ഗുരുഗ്രാം: 814 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശിയായ മുൻ പൈലറ്റ് അർഷാദ് അലി (അജ്ജു – 33) ഹരിയാനയിലെ ഗുരുഗ്രാമിൽ വെച്ച് പൊലീസിന്റെ പിടിയിലായി. അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 35 ലക്ഷം രൂപ വിലവരുന്ന രാസലഹരിയാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്.
ഗുരുഗ്രാം സെക്ടർ 39 ക്രൈംബ്രാഞ്ച് സംഘമാണ് ഗുരുഗ്രാമിലെ ദൗലത്താബാദിലുള്ള ലാൻഡ്മാർക്ക് സൊസൈറ്റി അപാർട്ട്മെന്റിൽ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ രാജേന്ദ്ര പാർക്ക് പൊലീസ് സ്റ്റേഷനിൽ എൻഡിപിഎസ് (NDPS) ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഒരു പ്രമുഖ സ്വകാര്യ എയർലൈൻസിൽ പൈലറ്റായി ജോലി ചെയ്തിരുന്ന ഇയാൾക്ക് നിലവിൽ മറ്റ് എയർലൈനുകളിൽ ജോലിയൊന്നുമില്ല. നോയിഡയിലുള്ള ഒരു പങ്കാളിയിൽ നിന്ന് 5 ലക്ഷം രൂപ മുൻകൂർ നൽകിയാണ് ഇയാൾ ഈ ലഹരിമരുന്ന് വാങ്ങിയത്. ബാക്കി തുക വിൽപനയ്ക്ക് ശേഷം നൽകാമെന്നായിരുന്നു കരാർ. ആദ്യഘട്ടത്തിൽ സ്വന്തം ആവശ്യത്തിനായി ലഹരി ഉപയോഗിച്ചിരുന്ന ഇയാൾ, പിന്നീട് ഇതിലെ സാമ്പത്തിക ലാഭം മനസ്സിലാക്കി ലഹരി വിൽപനയിലേക്ക് തിരിയുകയായിരുന്നു എന്നാണ് പ്രാഥമിക ചോദ്യം ചെയ്യലിൽ നിന്ന് വ്യക്തമാകുന്നത് എന്ന് പോലീസ് അറിയിച്ചു. പോലീസ് ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
‘ഓപ്പറേഷൻ തൂഫാൻ’: പേരാമ്പ്രയിൽ മൂന്നാമത്തെ അധ്യാപികയും അറസ്റ്റിൽ; അന്വേഷണം ഊർജ്ജിതം

