Thursday, July 30, 2026
Home » തുടർച്ചയായി 24 മണിക്കൂറിലധികം പറന്ന് വ്യോമയാന ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് ക്വാന്റാസ് വിമാനം.
തുടർച്ചയായി 24 മണിക്കൂറിലധികം പറന്ന് വ്യോമയാന ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് ക്വാന്റാസ് വിമാനം.

തുടർച്ചയായി 24 മണിക്കൂറിലധികം പറന്ന് വ്യോമയാന ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് ക്വാന്റാസ് വിമാനം.

by Editor

മെൽബൺ: വ്യോമയാന ചരിത്രത്തിൽ പുതിയ ലോക റെക്കോർഡ് സ്ഥാപിച്ച് ഓസ്‌ട്രേലിയൻ എയർലൈനായ ക്വാന്റാസ് (Qantas). ഓസ്‌ട്രേലിയയിലെ മെൽബണിൽ നിന്ന് ഫ്രാൻസിലെ തുലൂസിലേക്ക് 24 മണിക്കൂറും 24 മിനിറ്റും നിർത്താതെ പറന്നാണ് ക്വാന്റാസിന്റെ എയർബസ് A350-1000ULR ((Ultra Long Range)) വിമാനം ഈ അപൂർവ നേട്ടം കൈവരിച്ചത്. ക്വാന്റാസിന്റെ പ്രൊജക്റ്റ് സൺറൈസ് (Project Sunrise) പദ്ധതിയുടെ ഭാഗമായി നടത്തിയ പരീക്ഷണ പറക്കലായിരുന്നു ഇത്

ജൂലൈ 27-ന് പ്രാദേശിക സമയം വൈകുന്നേരം 5.27ന് മെൽബണിൽ നിന്ന് പുറപ്പെട്ട എയർബസ് A350 വിമാനം, പസഫിക് സമുദ്രം, യുഎസ്, കാനഡ, അറ്റ്ലാന്റിക് സമുദ്രം എന്നിവ കടന്ന് 23,075 കിലോമീറ്റർ-14338 മൈൽ ദൂരം പിന്നിട്ട് ജൂലൈ 28-ന് രാവിലെ 9.52-ന് ഫ്രാൻസിലെ തുലൂസിലിറങ്ങി. പ്രത്യേകം രൂപകൽപ്പന ചെയ്ത എയർബസ് A350-1000ULR അൾട്രാ ലോംഗ് റേഞ്ച് വിമാനത്തിൽ അധികമായി 20000 ലിറ്റർ ഇന്ധന ടാങ്ക് സജ്ജീകരിച്ചിട്ടുണ്ട്. എട്ട് എയർബസ് ടെസ്റ്റ് ക്രൂ അംഗങ്ങളും രണ്ട് ക്വാന്റാസ് പൈലറ്റുമാരും രണ്ട് എയർബസ് എഞ്ചിനീയർമാരും അടക്കം 12 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. കാബിൻ ശബ്ദം, വായുസഞ്ചാരം, ഇന്ധനക്ഷമത എന്നിവ പരിശോധിക്കുന്നതിനായാണ് ഈ പരീക്ഷണ പറക്കൽ നടത്തിയത്.

ഓസ്‌ട്രേലിയയുടെ കിഴക്കൻ തീരങ്ങളായ സിഡ്‌നി, മെൽബൺ എന്നിവിടങ്ങളിൽ നിന്ന് ലണ്ടൻ, ന്യൂയോർക്ക് നഗരങ്ങളിലേക്ക് നേരിട്ട് (Non-stop) സർവീസ് നടത്തുക എന്നതാണ് പ്രൊജക്റ്റ് സൺറൈസ് പദ്ധതിയുടെ ലക്ഷ്യം. നിലവിലുള്ള യാത്രാസമയത്തിൽ നിന്ന് ഏകദേശം 4 മണിക്കൂറോളം ലാഭിക്കാൻ ഇത് സഹായിക്കും. 2027 ഒക്ടോബറോടെ സിഡ്‌നിയിൽ നിന്ന് ലണ്ടനിലേക്കുള്ള ആദ്യ വാണിജ്യ സർവീസ് ഔദ്യോഗികമായി ആരംഭിക്കാൻ സാധിക്കുമെന്നാണ് ക്വാന്റാസ് പ്രതീക്ഷിക്കുന്നത്.

2005-ൽ ബോയിങ് 777-200LR വിമാനം സ്ഥാപിച്ച റെക്കോർഡാണ് ക്വാന്റാസ് തകർത്തത്. ഹോങ്കോങ്ങിൽ നിന്ന് ലണ്ടനിലേക്ക് 22 മണിക്കൂറും 42 മിനിറ്റും കൊണ്ട് 21,601 കിലോമീറ്റർ സഞ്ചരിച്ചായിരുന്നു ബോയിങ്ങിന്റെ അന്നത്തെ റെക്കോർഡ്.

Send your news and Advertisements

You may also like

error: Content is protected !!