Thursday, July 30, 2026
Home » മിസൈൽ ആക്രമണത്തിന് പിന്നാലെ ഇറാനെതിരെ കടുത്ത മുന്നറിയിപ്പുമായി ട്രംപ്.
ട്രംപ്

മിസൈൽ ആക്രമണത്തിന് പിന്നാലെ ഇറാനെതിരെ കടുത്ത മുന്നറിയിപ്പുമായി ട്രംപ്.

by Editor

വാഷിംഗ്ടൺ: ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാൻ നടത്തിയ അപ്രതീക്ഷിത ബാലിസ്റ്റിക് മിസൈലാക്രമണത്തിന് പിന്നാലെ, ഇറാനെതിരെ കടുത്ത സൈനിക പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ദിവസങ്ങളായി നിലനിന്നിരുന്ന താൽക്കാലിക സമാധാനം തകർത്തുകൊണ്ടാണ് ഇറാന്റെ ഇസ്ലാമിക് റവല്യൂഷനറി ഗാർഡ് കോർപ്സ് (IRGC) ഈ മിസൈൽ ആക്രമണം നടത്തിയത്. ഇറാന് കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും, അവർക്ക് ശക്തമായ പ്രഹരമേൽപ്പിക്കുമെന്നും ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.

“ഞങ്ങൾ അവർക്ക് നേരെ അതിശക്‌തമായ ആക്രമണം അഴിച്ചുവിടാൻ പോവുകയാണ്. കാരണം ഇനി അവരെ തിരിച്ചടിക്കേണ്ടത് ഞങ്ങളുടെ ഊഴമാണ്. ആക്രമണം വരുമെന്ന കാര്യം അവർക്ക് നന്നായി അറിയാം” -ഡോണൾഡ് ട്രംപ് പറഞ്ഞു. ഭാവിയിൽ എന്തെങ്കിലും തരത്തിലുള്ള കരാറുകളിൽ എത്തിച്ചേരാൻ സാധിക്കുമോ എന്ന് കാത്തിരുന്നു കാണാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മിസൈൽ ആക്രമണം നടന്ന് മണിക്കൂറുകൾക്കുള്ളിൽ, ഇറാഖിലെ ഇറാൻ അനുകൂല ഷിയാ മിലിഷ്യ ഗ്രൂപ്പുകളുടെ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കയും സൗദി അറേബ്യയും സംയുക്തമായി കടുത്ത വ്യോമാക്രമണം നടത്തി. ആക്രമണത്തിൽ ഇരുപതോളം ഇറാൻ അനുകൂല പോരാളികൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഈ ഗ്രൂപ്പുകളെ “ലോകത്തിലെ കാൻസർ” എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അമേരിക്ക ഇറാനിലെ നേരിട്ടുള്ള വ്യോമാക്രമണങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയായിരുന്നു. എന്നാൽ ഇതിനിടയിലാണ് ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാൻ പെട്ടെന്ന് മിസൈൽ ആക്രമണം നടത്തിയത്. ഇതേത്തുടർന്ന് മിഡിൽ ഈസ്റ്റിൽ വീണ്ടും യുദ്ധസാഹചര്യം വഷളായിരിക്കുകയാണ്.

ചൊവ്വാഴ്ച അമേരിക്കൻ സമയം വൈകീട്ട് 5.45-ഓടെയാണ് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ജോർദാനിലെ യുഎസ് സൈനികത്താവളത്തിന് നേരേ ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് അപ്രതീക്ഷിത ആക്രമണശ്രമം നടത്തിയത്. മിസൈലുകൾ ലക്ഷ്യസ്ഥാനത്ത് പതിക്കുന്നതിന് തൊട്ടുമുമ്പ് തന്നെ യുഎസ് സൈന്യം അവ പൂർണ്ണമായും തകർത്തു. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിച്ചു. റിയൽ ടൈമിൽ മിസൈലുകളുടെ കോഓർഡിനേറ്റുകൾ കൃത്യമായി പരിശോധിച്ച് ലക്ഷ്യത്തിലെത്തും മുമ്പേ തകർത്തതായും ട്രംപ് വ്യക്തമാക്കി. ഇറാൻ വിഷയത്തിൽ ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തിയതിന് മണിക്കൂറുകൾക്കുള്ളിലാണ് ഈ ആക്രമണമുണ്ടായത്.

ഇറാനിലെ അതിർത്തി പ്രദേശങ്ങളിലും അമേരിക്ക പ്രൊജക്ടൈലുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയതായി ജെറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇറാന്റെ വടക്കുപടിഞ്ഞാറൻ നഗരമായ പിരാൻഷഹറിൽ (Piranshahr) അമേരിക്കൻ പ്രൊജക്ടൈൽ പതിച്ചതായും, ഇറാന്റെ തന്ത്രപ്രധാനമായ അടിസ്ഥാന സൗകര്യങ്ങൾക്കും മുതിർന്ന ഉദ്യോഗസ്ഥർക്കും നേരെ വലിയ രീതിയിലുള്ള സൈനിക ആക്രമണം വ്യാപിപ്പിക്കാൻ ഡൊണാൾഡ് ട്രംപ് തയ്യാറെടുക്കുന്നതായും ജെറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

ജോർദാനിൽ അമേരിക്കൻ സൈനിക താവളത്തിനു നേരെ ഇറാന്റെ മിസൈലാക്രമണം; ഒമാന്റെ നിർദ്ദേശം ഇറാൻ തള്ളി.

Send your news and Advertisements

You may also like

error: Content is protected !!