Wednesday, July 29, 2026
Home » ജോർദാനിൽ അമേരിക്കൻ സൈനിക താവളത്തിനു നേരെ ഇറാന്റെ മിസൈലാക്രമണം; ഒമാന്റെ നിർദ്ദേശം ഇറാൻ തള്ളി.
ജോർദാനിൽ അമേരിക്കൻ സൈനിക താവളത്തിനു നേരെ ഇറാന്റെ മിസൈലാക്രമണം; ഒമാന്റെ നിർദ്ദേശം ഇറാൻ തള്ളി.

ജോർദാനിൽ അമേരിക്കൻ സൈനിക താവളത്തിനു നേരെ ഇറാന്റെ മിസൈലാക്രമണം; ഒമാന്റെ നിർദ്ദേശം ഇറാൻ തള്ളി.

by Editor

അമ്മാൻ: ജോർദാനിൽ പ്രവർത്തിക്കുന്ന അമേരിക്കൻ സൈനിക താവളത്തിനു നേരെ ഇറാന്റെ മിസൈലാക്രമണം. ഇന്ന് പുലർച്ചെയോടെ നടന്ന ഈ അപ്രതീക്ഷിത ആക്രമണത്തിൽ ഒട്ടേറെ ബാലിസ്‌റ്റിക് മിസൈലുകൾ ഇറാൻ്റെ ഭാഗത്തുനിന്ന് തൊടുത്തതായി അമേരിക്കൻ സെൻട്രൽ കമാൻഡ് (സെൻ്റകോം) സ്‌ഥിരീകരിച്ചു. നയതന്ത്ര ചർച്ചകൾക്കായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെതിരെയുള്ള ആക്രമണങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരുന്ന സാഹചര്യത്തിലാണ് ഈ ആക്രമണം നടന്നത്.

ഇറാൻ്റെ ഇസ്ലാമിക് റവല്യൂഷനറി ഗാർഡ് കോർപ്സ് (IRGC) തൊടുത്തുവിട്ട മിസൈലുകൾ യുഎസിന്റെ പേട്രിയറ്റ് പ്രതിരോധ സംവിധാനങ്ങളും ജോർദാൻ സേനയും ചേർന്ന് അന്തരീക്ഷത്തിൽ വെച്ച് തകർത്തു. ആക്രമണം ഫലപ്രദമായി പ്രതിരോധിച്ചതിനാൽ ആർക്കും പരിക്കേൽക്കുകയോ താവളത്തിന് നാശനഷ്ടങ്ങൾ സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് യുഎസ് അറിയിച്ചു.

ഇറാൻ വിഷയത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തി മണിക്കൂറുകൾക്കുള്ളിലാണ് ഈ ആക്രമണം ഉണ്ടായത്. ജോർദാൻ്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമെന്ന് ചൂണ്ടിക്കാട്ടി യുഎഇ വിദേശകാര്യ മന്ത്രാലയം ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇറാന്റെ ഈ നടപടിയെ കടുത്ത ഭാഷയിൽ അപലപിച്ചു. മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ മുൻനിർത്തി കുവൈത്ത് വിദേശകാര്യ മന്ത്രി സൗദി, ഖത്തർ പ്രതിനിധികളുമായി ഫോൺ വഴി അടിയന്തര ചർച്ച നടത്തി.

ഇതിനിടെ ഹോർമുസ് കടലിടുക്കിലെ ഗതാഗത നിയന്ത്രണവുമായി ബന്ധപ്പെട്ട് ഒമാൻ മുന്നോട്ടുവച്ച സംയുക്‌ത ഭരണ നിർദേശം ഇറാൻ തള്ളി. കടലിടുക്കിലൂടെയുള്ള പ്രവേശന പാതയുടെ പൂർണ നിയന്ത്രണം തങ്ങൾക്ക് വേണമെന്ന നിലപാടിലാണ് ടെഹ്റാൻ. ഇറാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസെം ഗരീബാബാദിയാണ് തങ്ങളുടെ ദേശീയ സുരക്ഷാ ആശങ്കകൾ മുൻനിർത്തി ഈ നിർദേശം നിരസിച്ചതായി ഇറാൻ സ്റ്റേറ്റ് ടെലിവിഷനിലൂടെ വ്യക്തമാക്കിയത്. തെക്കുകിഴക്കൻ ഏഷ്യയിലെ ‘മലാക്ക കടലിടുക്ക്’ ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂർ എന്നീ രാജ്യങ്ങൾ സംയുക്തമായി നിയന്ത്രിക്കുന്ന മാതൃകയിലാണ് ഒമാൻ ഈ പദ്ധതി തയ്യാറാക്കിയത്.

കടലിടുക്കിലെ കപ്പൽ ഗതാഗത പാതകൾ 50 ശതമാനം ഇറാന്റെ പ്രാദേശിക ജലാതിർത്തിയിലും 50 ശതമാനം ഒമാന്റെ ജലാതിർത്തിയിലുമായി വിഭജിക്കുക. പ്രവേശന പാത ഒരു രാജ്യത്തിന്റെ അതിർത്തിയിലൂടെയും പുറത്തേക്കുള്ള പാത അടുത്ത രാജ്യത്തിന്റെ അതിർത്തിയിലൂടെയും ക്രമീകരിക്കുക എന്നതായിരുന്നു നിർദ്ദേശം. ഈ പാതയിലൂടെ കടന്നുപോകുന്ന എണ്ണക്കപ്പലുകളിൽ നിന്നും മറ്റ് വാണിജ്യ കപ്പലുകളിൽ നിന്നും ഈടാക്കുന്ന സ്വമേധയാ ഉള്ള ഫീസ് (Voluntary fees) ഇരുരാജ്യങ്ങളും വീതിച്ചെടുക്കുക എന്നതായിരുന്നു നിർദ്ദേശം. മേഖലയിലെ മറ്റ് ഗൾഫ് (GCC) രാജ്യങ്ങളുടെ പൂർണ്ണ പിന്തുണയോടെയാണ് ഒമാൻ ഈ ഫോർമുല അവതരിപ്പിച്ചത്. എന്നാൽ കടലിടുക്കിലെ നിയന്ത്രണം ഇറാന്റെ പരമാധികാര അവകാശമാണെന്നും മേഖലയിലെ മറ്റ് രാജ്യങ്ങൾക്ക് ഇതിൽ യാതൊരു പങ്കുമില്ലെന്നും ഇറാൻ വ്യക്തമാക്കി.

ഇറാന്റെ പിന്തുണയുള്ള ഇറാഖി സായുധ ഗ്രൂപ്പുകൾക്ക് നേരെ അമേരിക്ക–സൗദി സംയുക്ത ആക്രമണം.

Send your news and Advertisements

You may also like

error: Content is protected !!