Wednesday, July 29, 2026
Home » ‘ഓപ്പറേഷൻ തൂഫാൻ’: പേരാമ്പ്രയിൽ മൂന്നാമത്തെ അധ്യാപികയും അറസ്റ്റിൽ; അന്വേഷണം ഊർജ്ജിതം
'ഓപ്പറേഷൻ തൂഫാൻ': പേരാമ്പ്രയിൽ മൂന്നാമത്തെ അധ്യാപികയും അറസ്റ്റിൽ; അന്വേഷണം ഊർജ്ജിതം

‘ഓപ്പറേഷൻ തൂഫാൻ’: പേരാമ്പ്രയിൽ മൂന്നാമത്തെ അധ്യാപികയും അറസ്റ്റിൽ; അന്വേഷണം ഊർജ്ജിതം

by Editor

കോഴിക്കോട്: വടകര എംഡിഎംഎ കേസിൽ കോഴിക്കോട് പേരാമ്പ്ര ബ്ലോക്ക് റിസോഴ്‌സ് സെന്ററിലെ അധ്യാപികയായ വി.പി. നീഷ്മ (30) അറസ്റ്റിലായി. കേസിൽ ആവള സ്വദേശിനിയായ അധ്യാപിക വി.പി നീഷ്‌മ കൂടി അറസ്റ്റിലായതോടെ പിടിയിലായ ബിആർസി അധ്യാപികമാരുടെ എണ്ണം മൂന്നായി. നേരത്തെ അറസ്റ്റിലായ കെ.സി കീർത്തന, കെ. കാവ്യ എന്നിവരെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നീഷ്‌മയെ പൊലീസ് വലയിലാക്കിയത്.

ഓൺലൈൻ ഭക്ഷണ വിതരണ സ്‌ഥാപനത്തിൽ പ്രവർത്തിക്കുന്ന യുവാവിനെയും ചൊവ്വാഴ്‌ച അന്വേഷണ സംഘം പിടികൂടി. സംഭവത്തിൽ ഇടനിലക്കാരനെന്നു കരുതുന്ന ഇരിട്ടി സ്വദേശി ജിജിൽ കുര്യാക്കോസിന്റെ അറസ്റ്റ് ആണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്. ഇയാളും അധ്യാപികമാരും ഒരു കോടിയോളം രൂപ വിവിധ അക്കൗണ്ടുകളിലൂടെ കൈകാര്യം ചെയ്‌തതായാണ്‌ അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ.

വിദ്യാർഥികൾക്ക് മാതൃകയാകേണ്ട അധ്യാപികമാർ ലഹരി വിൽപനക്കാരായി മാറിയ പേരാമ്പ്ര ബിആർസി ലഹരി കേസിൽ അന്വേഷണം കൂടുതൽ ആളുകളിലേക്ക് വ്യാപിപ്പിക്കുകയാണ്. പേരാമ്പ്ര ബിആർസിയിലെ ഫിസിക്കൽ എജ്യുക്കേഷൻ താൽക്കാലിക അധ്യാപികയായ കെ.സി. കീർത്തനയാണ് ആദ്യമായി അറസ്റ്റിലായത്. ലഹരിവിരുദ്ധ ക്യാമ്പയിനുകളിൽ സജീവമായി പങ്കെടുത്ത വ്യക്തി കൂടിയാണ് കീർത്തന. കൂരാച്ചുണ്ട് ചെറുക്കാട് സ്വദേശിയും ബിആർസിക്ക് കീഴിലെ ഓട്ടിസം സെന്ററിലെ സ്പെഷ്യൽ എജ്യുക്കേറ്ററുമാണ് രണ്ടാമതായി അറസ്റ്റിലായ കെ. കാവ്യ.

ലഹരിക്കെതിരായ ‘ഓപ്പറേഷൻ തൂഫാൻ’ പരിശോധനകളുടെ ഭാഗമായി വടകര പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കീർത്തന ആദ്യം അറസ്‌റ്റിലായത്. കീർത്തനയെ ചോദ്യം ചെയ്‌തതിൽ നിന്നും ലഭിച്ച വിവരത്തെത്തുടർന്ന് കാവ്യ പിടിയിലായി. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ച ശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് നീഷ്‌മയുടെ ബന്ധം കണ്ടെത്തിയത്. ഇത് സംബന്ധിച്ച് ചോദ്യം ചെയ്യുന്നതിനായി വിളിച്ചുവരുത്തിയ ശേഷം നീഷ്‌മയുടെ അറസ്‌റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ഓൺലൈൻ വഴിയുള്ള ഡിജിറ്റൽ ഇടപാടുകളിലൂടെയാണ് ഇവർ ലഹരി വിൽപന നടത്തിയിരുന്നത്. ഇൻസ്റ്റഗ്രാം വഴി ആവശ്യക്കാരെ കണ്ടെത്തുകയും ബാങ്ക് അക്കൗണ്ട് വഴി പണം കൈപ്പറ്റിയ ശേഷം ലഹരി വച്ചിരിക്കുന്ന ലൊക്കേഷൻ മാപ്പ് വഴി അയച്ചു കൊടുക്കുകയുമായിരുന്നു ഇവരുടെ രീതി. കേവലം അധ്യാപന ശമ്പളം കൊണ്ട് മാത്രം സാധ്യമല്ലാത്ത വലിയ തുകകളുടെ സാമ്പത്തിക ഇടപാടുകളാണ് ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ വഴി നടന്നിട്ടുള്ളതെന്ന് പൊലീസ് വ്യക്തമാക്കുന്നു.

നേരത്തെ രണ്ട് ഗ്രാം എംഡിഎംഎയുമായി പിടിയിലായ സഫ്‌വാൻ എന്ന യുവാവിൽ നിന്ന് ലഭിച്ച സൂചനകളാണ് ഈ വലിയ ലഹരി ശൃംഖലയുടെ ചുരുളഴിച്ചത്. മംഗളൂരു ബന്ധം വഴി ആദ്യം സ്വന്തം ആവശ്യത്തിന് ലഹരി ഉപയോഗിച്ച് തുടങ്ങിയ ഇവർ പിന്നീട് വൻ തുക കമ്മീഷൻ ലക്ഷ്യമിട്ട് വിൽപനക്കാരായി മാറുകയായിരുന്നു. സംഭവം ഗുരുതരമായി കണ്ട വിദ്യാഭ്യാസ വകുപ്പ് പിടിയിലായ മൂന്ന് അധ്യാപികമാരെയും ഉടൻ തന്നെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. കേസിൽ കൂടുതൽ ഉന്നതർക്കോ ലഹരി കാർട്ടലുകൾക്കോ പങ്കുണ്ടോ എന്ന് കണ്ടെത്താൻ പ്രത്യേക സംഘം അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

ലഹരി കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനങ്ങൾക്ക് അറിയിക്കാം. വിവരങ്ങൾ നൽകുന്നവരെക്കുറിച്ച് രഹസ്യമായി സൂക്ഷിക്കുകയും ചെയ്യും.
ഫോൺ : 9497979794,​ 9497927797
വാട്സാപ്പ്: 9995966666

ഓപ്പറേഷൻ തൂഫാൻ: ഒരു അധ്യാപിക കൂടി പിടിയിൽ

Send your news and Advertisements

You may also like

error: Content is protected !!