Wednesday, July 29, 2026
Home » ജപ്പാനിൽ  7.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. 13 മരണം, നിരവധി പേരെ കാണാനില്ല
ജപ്പാനിൽ  7.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. 13 മരണം, നിരവധി പേരെ കാണാനില്ല

ജപ്പാനിൽ  7.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. 13 മരണം, നിരവധി പേരെ കാണാനില്ല

by Editor

ടോക്കിയോ: ജപ്പാനിൽ അതിശക്തമായ ഭൂചലനം. ക്യൂഷു ദ്വീപിലെ കുമാമോടോ പ്രവിശ്യയിൽ റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണുണ്ടായത്. പ്രകമ്പനത്തിൽ കെട്ടിടങ്ങളും റോഡുകളും തകരുകയും, ഒരു ഷോപ്പിങ് മാളിന്റെ ഒരു ഭാഗം തകരുകയും ചെയ്തു. ചൊവ്വാഴ്ച വൈകിട്ടുണ്ടായ ഈ ദുരന്തത്തിൽ 13 പേർ മരിക്കുകയും മുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും നിരവധി പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്.

ആദ്യഘട്ടത്തിൽ 5 മരണങ്ങളാണ് സ്ഥിരീകരിച്ചിരുന്നതെങ്കിലും, കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നടത്തിയ തെരച്ചിലിലാണ് കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തത്. കാഷിമ നഗരത്തിലെ ഇയോൺ ഷോപ്പിങ് മാളിന്റെ (Aeon Mall) രണ്ടാം നില തകരുകയും ഭൂചലനത്തിന് പിന്നാലെ ഗ്യാസ് ചോർച്ചയെത്തുടർന്ന് ശക്തമായ സ്ഫോടനമുണ്ടാകുകയും ചെയ്തു. മാളിൽ കുടുങ്ങിക്കിടന്ന രണ്ടുപേർ മരണപ്പെടുകയും പത്തോളം പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്.

യാത്സുഷിരോ (Yatsushiro) നഗരത്തിലെ നിപ്പോൺ പേപ്പർ ഫാക്ടറിയുടെ കൂറ്റൻ ചിമ്മിനി തകർന്നുവീണ് തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി. ഇവിടെ രണ്ടുപേർ മരിക്കുകയും ഒൻപതോളം പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്. ഭൂചലനത്തെത്തുടർന്ന് യാത്സുഷിരോ സ്റ്റേഷന് സമീപം ഒരു ട്രെയിൻ പാളം തെറ്റി. ക്യൂഷു മേഖലയിലെ ഷിൻകാൻസെൻ ബുള്ളറ്റ് ട്രെയിൻ സർവീസുകൾ പൂർണമായും നിർത്തിവെക്കുകയും കുമാമോട്ടോ വിമാനത്താവളത്തിന്റെ റൺവേ അടയ്ക്കുകയും ചെയ്തു.

കടലിനടിയിലെ പത്തു കിലോമീറ്റർ ആഴത്തിലാണ് ചലനത്തിൻ്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോർട്ട്. ഭൂകമ്പത്തിന് പിന്നാലെ തീരപ്രദേശങ്ങളിൽ സുനാമി ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നെങ്കിലും പിന്നീട് അത് പിൻവലിച്ചു. കുമാമോട്ടോയ്ക്ക് പുറമേ നാഗസാക്കി, കഗോഷിമ, ഫുക്കുവോക്ക, സാഗ, ഓയ്‌റ്റ, മിയാസാക്കി എന്നീ ജപ്പാന്റെ തെക്കൻ ക്യൂഷു ദ്വീപിലെ പ്രവിശ്യകളിൽ അടിയന്തര ഭൂചലന ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

പ്രദേശത്ത് കനത്ത നാശനഷ്ടമുണ്ടായതിനെത്തുടർന്ന് രണ്ടര ലക്ഷത്തിലധികം ആളുകളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കാൻ ജപ്പാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ജാപ്പനീസ് സൈന്യത്തെ (Self-Defense Forces) രംഗത്തിറക്കിയിട്ടുണ്ട്. നിലവിൽ മേഖലയിലെ ആണവനിലയങ്ങൾക്ക് മറ്റ് തകരാറുകളോ അസ്വാഭാവികതകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ശക്തമായ ആഫ്റ്റർഷോക്കുകൾക്ക് (തുടർചലനങ്ങൾ) സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി സനായ് ടക്കായ്ച്ചി (Sanae Takaichi) അറിയിച്ചു.

Send your news and Advertisements

You may also like

error: Content is protected !!