ടോക്കിയോ: രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം എട്ട് പതിറ്റാണ്ടായി പിന്തുടർന്നുപോന്ന സമാധാന നയങ്ങളിൽ നിന്ന് ജപ്പാൻ നിർണായകമായ മാറ്റത്തിന് ഒരുങ്ങുന്നു. അയൽരാജ്യങ്ങളുടെ ഭീഷണികളും പ്രാദേശിക സുരക്ഷയും മുൻനിർത്തി പ്രതിരോധ ബജറ്റിലും സൈനിക നയത്തിലും ജപ്പാൻ വലിയ പരിഷ്കാരങ്ങളാണ് വരുത്തുന്നത്. അയൽ രാജ്യങ്ങളായ ചൈനയുടെ അതിവേഗത്തിലുള്ള സൈനിക വളർച്ച, റഷ്യയുടെ ഭൗമരാഷ്ട്രീയ ഭീഷണികൾ, വടക്കൻ കൊറിയയുടെ ആണവ പരീക്ഷണങ്ങൾ എന്നിവ മുൻനിർത്തിയാണ് ജപ്പാൻ തങ്ങളുടെ പ്രതിരോധ തന്ത്രങ്ങൾക്ക് പുതിയ രൂപം നൽകുന്നത്.
ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ ജിഡിപിയുടെ ഒരു ശതമാനമായി നിജപ്പെടുത്തിയിരുന്ന പ്രതിരോധ വിഹിതം രണ്ട് ശതമാനമായി ഉയർത്താൻ തീരുമാനമായി. 2027 ഓടെ നിർദ്ദിഷ്ട നയം പൂർണമായി നടപ്പിലാകുന്നതോടെ ലോകത്തിൽ പ്രതിരോധത്തിനായി ഏറ്റവും കൂടുതൽ തുക നീക്കിവെക്കുന്ന മൂന്നാമത്തെ രാജ്യമായി ജപ്പാൻ മാറും. 2026 സാമ്പത്തിക വർഷത്തേക്ക് മാത്രം 58 ബില്യൺ ഡോളറിന്റെ (9.04 ട്രില്യൺ യെൻ) റെക്കോർഡ് തുകയാണ് മാറ്റിവെച്ചിരിക്കുന്നത്.
സൈനിക നയത്തിലെ മാറ്റങ്ങളുടെ ഭാഗമായി ശത്രുരാജ്യങ്ങളിലെ സൈനിക താവളങ്ങളെ നേരിട്ട് ആക്രമിക്കാൻ ശേഷിയുള്ള ദീർഘദൂര കൗണ്ടർ-സ്ട്രൈക്ക് മിസൈലുകൾ സ്വന്തമാക്കാനും നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. മാത്രമല്ല മാരകായുധങ്ങൾ വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നതിനുള്ള ദശാബ്ദങ്ങൾ പഴക്കമുള്ള വിലക്ക് ജപ്പാൻ നീക്കി. ഇതുവഴി ഇന്ത്യ ഉൾപ്പെടെ പ്രതിരോധ കരാറുകളുള്ള 17 രാജ്യങ്ങളിലേക്ക് ഇപ്പോൾ ആയുധങ്ങൾ കയറ്റുമതി ചെയ്യാം. ഇതോടൊപ്പം അമേരിക്കൻ മാതൃകയിൽ രാജ്യത്തിന് മാത്രമായി കേന്ദ്രീകൃത ഇന്റലിജൻസ് ഏജൻസി രൂപീകരിക്കാൻ പ്രധാനമന്ത്രി സനേ തകൈച്ചിയുടെ നേതൃത്വത്തിലുള്ള സർക്കാർ നടപടികൾ സ്വീകരിച്ചതും വലിയ തന്ത്രപരമായ മാറ്റമായി വിലയിരുത്തപ്പെടുന്നു.
ആണവാക്രമണത്തിന് ഇരയായ ഏക രാജ്യമെന്ന നിലയിൽ ആണവായുധങ്ങളോട് ജപ്പാൻ പരമ്പരാഗതമായി വച്ചുപുലർത്തുന്ന വിയോജിപ്പിലും മാറ്റങ്ങൾ പ്രതിഫലിക്കുന്നുണ്ട്. 1967 ൽ മുൻ പ്രധാനമന്ത്രി സാറ്റോ ഈസാക്കു നടപ്പിലാക്കിയ മൂന്ന് നോൺ-ന്യൂക്ലിയർ തത്വങ്ങൾ അനുസരിച്ച് ആണവായുധ നിർമാണം, സൂക്ഷിപ്പ്, വിദേശ ആണവായുധങ്ങളുടെ കടന്നുവരവ് എന്നിവ ജപ്പാനിൽ പൂർണമായി നിരോധിച്ചിരുന്നു. എന്നാൽ മാറുന്ന ഭൗമരാഷ്ട്രീയ സാഹചര്യത്തിൽ ആണവ സുരക്ഷ നയങ്ങൾ പുനപരിശോധിക്കണമെന്ന വികാരം ഭരണകൂടത്തിൽ ശക്തമാണ്.
ജപ്പാന്റെ ഈ സൈനിക നയം മാറ്റത്തിൽ ചൈന ശക്തമായ അമർഷവും ആശങ്കയും രേഖപ്പെടുത്തി. മേഖലയിൽ മറ്റൊരു ശക്തമായ സൈനിക വിന്യാസം വരുന്നത് തങ്ങൾക്ക് ഭീഷണിയാണെന്നും ഇത് ഏഷ്യയിലെ സമാധാനാന്തരീക്ഷം തകർക്കുമെന്നും ബീജിങ് കുറ്റപ്പെടുത്തി. രണ്ടാം ലോകമഹായുദ്ധ കാലത്തെ ഓർമ്മകൾ വീണ്ടും കൊണ്ടുവരാനാണ് അമേരിക്കയുടെ പിന്തുണയോടെയുള്ള ഈ നീക്കമെന്നാണ് ചൈനീസ് നിലപാട്. എന്നാൽ സ്വയം പ്രതിരോധത്തിനും പ്രാദേശിക സുസ്ഥിരതയ്ക്കും ഇത്തരം നവീകരണങ്ങൾ അത്യന്താപേക്ഷിതമാണെന്ന് ജപ്പാൻ വ്യക്തമാക്കുന്നു.

