കഡൂന: നൈജീരിയയിലെ വടക്കുപടിഞ്ഞാറൻ സംസ്ഥാനമായ കഡൂനയിൽ (Kaduna) സായുധ സംഘം നടത്തിയ ക്രൂരമായ ആക്രമണത്തിൽ കുട്ടികളടക്കം കുറഞ്ഞത് 30 പേർ കൊല്ലപ്പെട്ടു. ജൂലൈ 26 ഞായറാഴ്ച രാത്രി വൈകി കഡൂനയിലെ കൗറ (Kaura) കൗൺസിൽ പരിധിയിലുള്ള നാരിഡോൺ (Naridon) ഗ്രാമത്തിലാണ് ഈ കൂട്ടക്കൊല നടന്നത്. നരിഡോൺ ഗ്രാമത്തിലേക്ക് അർദ്ധരാത്രിയോടെ ഇരച്ചെത്തിയ അക്രമിസംഘം ഉറങ്ങിക്കിടന്ന ഗ്രാമവാസികൾക്കു നേരെ യാതൊരു ദയവുമില്ലാതെ വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പിന് പുറമെ ചിലരെ കഴുത്തറുത്ത് കൊലപ്പെടുത്തിയതായും നാട്ടുകാർ വ്യക്തമാക്കി.
കൊല്ലപ്പെട്ടവരിൽ ഏറെയും സ്ത്രീകളും കുട്ടികളും വയോധികരുമാണ്. ആക്രമണത്തിൽ എട്ട് കുട്ടികൾ തൽക്ഷണം കൊല്ലപ്പെടുകയും നാല് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. വെടിവെപ്പും കൊലപാതകങ്ങളും നടത്തിയ അക്രമികൾ ഗ്രാമത്തിലെ നിരവധി വീടുകൾക്ക് തീയിട്ട ശേഷമാണ് സംഭവസ്ഥലത്തു നിന്നും കടന്നുകളഞ്ഞത്. എന്നാൽ, ഇത്രയും വലിയൊരു അതിക്രമം നടന്ന് മണിക്കൂറുകൾക്കു ശേഷമാണ് സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയതെന്ന് നാട്ടുകാർ കടുത്ത അമർഷത്തോടെ ആരോപിച്ചു.
നൈജീരിയയുടെ വടക്കുപടിഞ്ഞാറൻ, വടക്കുമധ്യ ഭാഗങ്ങളിൽ സായുധ സംഘങ്ങളുടെയും ക്രിമിനൽ ഗ്രൂപ്പുകളുടെയും സമാനമായ ആക്രമണങ്ങൾ വലിയൊരു സുരക്ഷാ ഭീഷണിയാണ് ഉയർത്തിക്കൊണ്ടിരിക്കുന്നത്. ഈ കൂട്ടക്കൊലയുടെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. പ്രാദേശികമായി ‘ബാൻഡിറ്റുകൾ’ (Bandits) എന്നറിയപ്പെടുന്ന സായുധ സംഘങ്ങളാണ് വടക്കുപടിഞ്ഞാറൻ നൈജീരിയയിൽ ഇത്തരം അക്രമങ്ങൾക്കും തട്ടിക്കൊണ്ടുപോകലുകൾക്കും പിന്നിൽ പ്രവർത്തിക്കുന്നത്. വടക്കുകിഴക്കൻ മേഖലയിൽ സജീവമായ ബോക്കോ ഹറാം (Boko Haram) പോലുള്ള ഭീകരസംഘടനകളും രാജ്യത്ത് സമാന്തരമായി വലിയ സുരക്ഷാഭീഷണി ഉയർത്തുന്നുണ്ട്.
നൈജീരിയയിലെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയിൽ ഗ്രാമങ്ങൾ ആക്രമിക്കുക, കർഷകരെ കൂട്ടക്കൊല ചെയ്യുക, വൻതോതിൽ ആളുകളെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടുക എന്നിവ പതിവാണ്. അടുത്തിടെ (2026 ജൂലൈ 23-ന്) സാംഫാരയിലെ ഗ്രാമങ്ങളിൽ മോട്ടോർ സൈക്കിളുകളിലെത്തിയ അക്രമികൾ 24-ലധികം കർഷകരെ വെടിവെച്ചുകൊന്നിരുന്നു. അതേസമയം വടക്കുകിഴക്കൻ പ്രവിശ്യകൾ ബോക്കോ ഹറാം (Boko Haram), ഇസ്ലാമിക് സ്റ്റേറ്റ് പടിഞ്ഞാറൻ ആഫ്രിക്കൻ പ്രവിശ്യ (ISWAP) എന്നീ ആഗോള ഭീകരസംഘടനകളുടെ സ്വാധീനമേഖലയാണ്. വർഷങ്ങളായി തുടരുന്ന ഇസ്ലാമിക തീവ്രവാദ പോരാട്ടം ഇപ്പോഴും ശക്തമാണ്. അടുത്തിടെ ബോർണോയിൽ നിന്ന് 46 വിദ്യാർത്ഥികളെ ഭീകരർ തട്ടിക്കൊണ്ടുപോയത് വലിയ വാർത്തയായിരുന്നു.

