Tuesday, July 28, 2026
Home » പൈപ്പ് ഗ്യാസുണ്ടെങ്കിൽ എൽപിജി കണക്ഷൻ ഒഴിവാക്കണം: നിർദേശവുമായി കേന്ദ്ര സർക്കാർ
പൈപ്പ് ഗ്യാസുണ്ടെങ്കിൽ എൽപിജി കണക്ഷൻ ഒഴിവാക്കണം: നിർദേശവുമായി കേന്ദ്ര സർക്കാർ

പൈപ്പ് ഗ്യാസുണ്ടെങ്കിൽ എൽപിജി കണക്ഷൻ ഒഴിവാക്കണം: നിർദേശവുമായി കേന്ദ്ര സർക്കാർ

by Editor

ന്യൂഡൽഹി: വീടുകളിൽ പൈപ്പ് ലൈൻ വഴിയുള്ള പാചകവാതക (PNG) കണക്ഷൻ ഉണ്ടെങ്കിൽ നിലവിലുള്ള എൽപിജി (LPG) സിലിണ്ടർ കണക്ഷൻ നിർബന്ധമായും ഒഴിവാക്കണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം നിർദേശം നൽകി. ഒരു വീട്ടിൽ ഒരേ സമയം എൽ.പി.ജി സിലിണ്ടറും പൈപ്പ് ഗ്യാസും കൈവശം വെക്കുന്നത് കേന്ദ്രസർക്കാർ വിലക്കിയിട്ടുണ്ട്. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ടുള്ള അറിയിപ്പുകൾ പാചകവാതക വിതരണ ഏജൻസികൾ ഉപയോക്താക്കൾക്ക് അയച്ച് തുടങ്ങി.

നിശ്ചിത സമയപരിധിക്കുള്ളിൽ എൽ.പി.ജി കണക്ഷൻ ഒഴിവാക്കിയില്ലെങ്കിൽ അവ സ്വമേധയാ റദ്ദാക്കപ്പെടുമെന്നാണ് ഏജൻസികൾ നൽകുന്ന മുന്നറിയിപ്പ്. ഓരോ പ്രദേശത്തെയും ഉപയോക്താക്കൾക്ക് വ്യത്യസ്ത സമയപരിധിയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. അതേസമയം നിലവിലുള്ള പൈപ്പ് ലൈൻ സർവീസ് ഒഴിവാക്കാനുള്ള അവസരം ഉപയോക്താക്കൾക്ക് ലഭിക്കില്ല. ഇന്ത്യൻ ഓയിൽ-അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് വഴിയാണ് സംസ്ഥാനത്ത് പ്രധാനമായും പൈപ്പ് വഴിയുള്ള പ്രകൃതിവാതകം വിതരണം ചെയ്യുന്നത്.

മുൻപ് പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് ഇന്ധന വിപണിയിലുണ്ടായ ആഘാതങ്ങൾ കണക്കിലെടുത്താണ് എൽ.പി.ജി ഗുണഭോക്താക്കൾ പി.എൻ.ജിയിലേക്ക് മാറണമെന്ന് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയത്. കേന്ദ്രത്തിൻ്റെ പുതിയ തീരുമാനം എൽ.പി.ജി സബ്‌സിഡി ലഭിക്കുന്ന പ്രധാന്മന്ത്രി ഉജ്ജ്വല യോജന ഉപയോക്താക്കൾക്കിടയിലും വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. നിലവിൽ പുതിയ എൽ.പി.ജി കണക്ഷനുകൾ നൽകുന്നതിലും അധിക സിലിണ്ടറുകൾ അനുവദിക്കുന്നതിലും കമ്പനികൾ നിയന്ത്രണം തുടരുകയാണ്. ഇത് പുതിയ വീടുകളിലേക്ക് താമസം മാറ്റുന്നവർ ഉൾപ്പെടെയുള്ളവർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.

നിലവിൽ ഗ്രാമീണ മേഖലകളിൽ 45 ദിവസത്തിന് ശേഷവും നഗര മേഖലകളിൽ 25 ദിവസത്തിന് ശേഷവും മാത്രമേ അടുത്ത സിലിണ്ടറിനായി അപേക്ഷിക്കാൻ സാധിക്കുന്നുള്ളൂ. ഇതിന് പുറമെ എൽ.പി.ജി ഉപയോക്താക്കൾ ബയോമെട്രിക് മസ്റ്ററിങ് നിർബന്ധമായും പൂർത്തിയാക്കണമെന്നും വിതരണക്കാർ അറിയിക്കുന്നുണ്ട്. സമയബന്ധിതമായി മസ്റ്ററിങ് നടത്തിയില്ലെങ്കിൽ ഗ്യാസ് വിതരണം തടസപ്പെടുമെന്ന് സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച് സർക്കാരിൻ്റെ ഭാഗത്ത് നിന്ന് രേഖാമൂലമുള്ള ഔദ്യോഗിക അറിയിപ്പുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഉപയോക്താക്കൾ പരാതിപ്പെടുന്നു.

Send your news and Advertisements

You may also like

error: Content is protected !!