കൊച്ചി: ചലച്ചിത്ര സംവിധായകനും ബിഗ് ബോസ് വിജയിയുമായ അഖിൽ മാരാർ ട്വന്റി 20 പാർട്ടിവിട്ടു. പാർട്ടി ചീഫ് കോർഡിനേറ്റർ സാബു എം. ജേക്കബുമായി ഉണ്ടായ കടുത്ത അഭിപ്രായവ്യത്യാസങ്ങളെ തുടർന്നാണ് ഈ തീരുമാനം. പാർട്ടിയിൽ പ്രവർത്തന സ്വാതന്ത്ര്യം ഇല്ലെന്നും മുന്നോട്ട് സഹകരിച്ച് പോകാൻ ആകുന്നില്ലെന്നും ആരോപിച്ചാണ് അഖിലിന്റെ പടിയിറക്കം. ട്വന്റി 20 എന്നത് സാബു എം. ജേക്കബിന്റെ വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടി മാത്രമുള്ള ഒരു പ്രസ്ഥാനമാണെന്ന് അഖിൽ മാരാർ കുറ്റപ്പെടുത്തി.
ആദ്യം കൊട്ടാരക്കര സീറ്റ് ഉറപ്പ് നൽകിയാണ് തന്നെ പാർട്ടിയിലേക്ക് ക്ഷണിച്ചതെന്നും പിന്നീട് തൃപ്പൂണിത്തുറ നൽകാമെന്ന് പറഞ്ഞ് വഞ്ചിച്ച ശേഷമാണ് തൃക്കാക്കര മണ്ഡലത്തിൽ മത്സരിപ്പിച്ചതെന്നും അഖിൽ ആരോപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം സാബു ജേക്കബ് തന്റെ ഫോൺ കോളുകൾ പോലും എടുക്കാൻ തയ്യാറായിട്ടില്ല. പ്രചാരണ സമയത്ത് തൃക്കാക്കരയിൽ പാർട്ടി സംവിധാനം ഉണ്ടായിരുന്നില്ലെന്നും വെറും രണ്ടുപേർ മാത്രമാണ് ഒപ്പമുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആവശ്യമായ പണം കണ്ടെത്തിയത് തന്റെ 20 ലക്ഷം രൂപയുടെ പ്രിയപ്പെട്ട ബൈക്ക് വിറ്റാണെന്നും പാർട്ടിയിൽ നിന്ന് യാതൊരു സാമ്പത്തിക പിന്തുണയും ലഭിച്ചില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.
‘തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം കൊല്ലം ജില്ലാ പ്രസിഡൻ്റാക്കണമെന്ന് ഞാൻ പറഞ്ഞു. രണ്ടര മാസമായി ഒരു മറുപടിയുമില്ല. ജനകീയ വിഷയങ്ങളിൽ ഇടപെടാൻ പറയുമ്പോഴും ഒന്നും മിണ്ടില്ല. സാബു ജേക്കബ് തൃക്കാക്കരയിൽ തിരിഞ്ഞുനോക്കിയിട്ടില്ല. ബിജെപി നൽകിയ പണം പോലും ഉപയോഗിച്ചില്ല’ – അഖിൽ മാരാർ പറഞ്ഞു. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് അഖിൽ മാരാർ എൻഡിഎ ഘടകകക്ഷിയായ ട്വന്റി 20-യിൽ ചേർന്നതും തുടർന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ തൃക്കാക്കരയിൽ നിന്ന് എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ചതും. 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ തൃക്കാക്കര മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായ ഉമാ തോമസ് 50,211 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. ട്വന്റി 20 പാർട്ടിക്ക് 21,424 വോട്ടുകൾ മാത്റമാണ് ലഭിച്ചത്.

