കോഴിക്കോട്: സംസ്ഥാനത്ത് ലഹരിക്കടത്തുമായി ബന്ധപ്പെട്ട് പോലീസ് നടത്തുന്ന ‘ഓപ്പറേഷൻ തൂഫാൻ’ (Operation Toofan) പരിശോധനയിൽ കോഴിക്കോട് വടകരയിൽ രണ്ടാമതൊരു അധ്യാപിക കൂടി അറസ്റ്റിലായി. പേരാമ്പ്ര ബി.ആർ.സി (BRC) സ്കൂളിലെ താത്കാലിക അധ്യാപികയും കൂരാച്ചുണ്ട് ചെറുകാട് സ്വദേശിനിയുമായ കാവ്യ (29) ആണ് പോലീസിന്റെ പിടിയിലായത്. ലഹരിമരുന്ന് വാങ്ങുന്നവരിൽ നിന്നും ലഭിക്കുന്ന പണം കാവ്യയുടെ ബാങ്ക് അക്കൗണ്ടിലേക്ക് വൻതോതിൽ എത്തിയിട്ടുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.
ഇതേ ബി.ആർ.സിയിലെ സ്പെഷ്യലിസ്റ്റ് അധ്യാപികയായ മരുതോങ്കര സ്വദേശിനി കെ.സി. കീർത്തനയെ ഈ മാസം (ജൂലൈ 11-ന്) പോലീസ് ആദ്യം അറസ്റ്റ് ചെയ്തിരുന്നു. ലഹരിമരുന്ന് (MDMA) ആവശ്യമുള്ളവർ ആദ്യം കീർത്തനയുടെ അക്കൗണ്ടിലേക്ക് പണം അയക്കും. പണം ലഭിച്ചാൽ ഫോണിലൂടെ ലൊക്കേഷൻ കൈമാറുകയും, അവിടെ മറ്റൊരു വ്യക്തി എത്തി ലഹരിമരുന്ന് നൽകുകയുമായിരുന്നു പതിവ്. കീർത്തനയുടെ അക്കൗണ്ടിലേക്ക് എത്തുന്ന ഈ ലഹരിപ്പണം പിന്നീട് കാവ്യയുടെ അക്കൗണ്ടിലേക്കാണ് മാറ്റിയിരുന്നത്. പ്രധാന എം.ഡി.എം.എ വിതരണക്കാരുമായി കാവ്യയ്ക്ക് അടുത്ത ബന്ധമുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
അറസ്റ്റിലായ അധ്യാപിക കാവ്യയെ സർവീസിൽ നിന്ന് പുറത്താക്കി. അറസ്റ്റിലായതിനെ തുടർന്ന് കീർത്തനയെ ജോലിയിൽ നിന്നും അധികൃതർ പിരിച്ചുവിട്ടിരുന്നു. ഇതു പോലെ കുടുതൽ സ്ത്രീകൾ ലഹരി വിൽപനയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നുണ്ടെന്ന വിവരത്തിൻ്റെ അടിസ്‌ഥാനത്തിൽ പൊലീസ് അന്വേഷണം വ്യാപകമാക്കി. വടകര സ്വദേശിയായ ഒരു യുവാവിനെ എം.ഡി.എം.എയുമായി പിടികൂടിയ കേസിന്റെ തുടരന്വേഷണമാണ് ഒടുവിൽ സ്കൂൾ അധ്യാപികമാരിലേക്ക് എത്തിയത്. വിദ്യാർത്ഥികൾ ഈ ലഹരിവലയിൽ അകപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
ലഹരി മാഫിയകളെ തുരുത്താൻ കേരള പൊലീസും എക്സൈസ് വകുപ്പും സംയുക്തമായി നടത്തുന്ന ‘ഓപ്പറേഷൻ തൂഫാൻ: ദ നാർക്കോ ഹണ്ട്’ 50 നാൾ പിന്നിടുമ്പോൾ പിടിച്ചെടുത്തത് 729.85 കിലോ മയക്കുമരുന്ന്. ജൂൺ 2-ന് തുടങ്ങിയ വേട്ടയിൽ 6.3 കിലോഗ്രാം എം.ഡി.എം.എ, 719 കിലോഗ്രാം കഞ്ചാവ്, 4.6 കിലോ ഹാഷിഷ് ഓയിൽ എന്നിവയാണ് പിടിച്ചെടുത്തത്. ലഹരി വേട്ടയിൽ 8436 പേരാണ് അറസ്റ്റിലായത്.
തൃശ്ശൂരിൽ വസ്ത്രങ്ങൾ അടങ്ങിയ കൊറിയർ പാഴ്സലുകൾ വഴി ലഹരിമരുന്ന് വിതരണം നടത്തിയിരുന്ന ജിം ഉടമയടക്കമുള്ള സംഘത്തെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു. പാലക്കാട് വടക്കഞ്ചേരി പോലീസ് ബെംഗളൂരുവിലെ മടിവാളയിൽ എത്തി ഊബർ ടാക്സി ഡ്രൈവറായ ലഹരി വിതരണക്കാരനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. ലഹരിസംഘങ്ങൾ ഒളിത്താവളങ്ങളാക്കാൻ സാധ്യതയുള്ളതിനാൽ, വാടകവീടുകളിൽ താമസിക്കുന്നവരുടെ കൃത്യമായ വിവരങ്ങൾ ശേഖരിക്കാൻ പോലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്. റെയ്ഡുകൾക്ക് പുറമെ പൊതുജന പങ്കാളിത്തം ഉറപ്പാക്കാൻ ‘തൂഫാൻ ജാഗരൺ‘ എന്ന പേരിൽ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടികളും വിപുലമായി നടക്കുന്നുണ്ട്.
ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി സ്‌കൂൾ, കോളേജ് എന്നിവിടങ്ങളിൽ സാമൂഹ്യസംഘടനകളുടെ നേതൃത്വത്തിൽ ബോധവത്കരണ പരിപാടികളും സജീവമാണ്. മയക്കുമരുന്നിന് അടിമപ്പെട്ടവരെ അതിൽ നിന്ന് മോചിപ്പിക്കുന്നതിനായി 8711 ബോധവത്കരണ ക്ലാസുകൾ 430 കൗൺസലിംഗും സംഘടിപ്പിച്ചിട്ടുണ്ട്. ലഹരി കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനങ്ങൾക്ക് അറിയിക്കാം. വിവരങ്ങൾ നൽകുന്നവരെക്കുറിച്ച് രഹസ്യമായി സൂക്ഷിക്കുകയും ചെയ്യും.
ഫോൺ : 9497979794, 9497927797
വാട്സാപ്പ്: 9995966666

