ന്യൂ ഡൽഹി: കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷിയ്ക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല കൂടി നൽകി. നീറ്റ് (NEET-UG) പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി ഉയർന്ന ശക്തമായ വിദ്യാർത്ഥി പ്രതിഷേധങ്ങളെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ച ഒഴിവിലാണ് പ്രൾഹാദ് ജോഷിയുടെ ഈ പുതിയ നിയമനം. നിലവിൽ ഉപഭോക്തൃകാര്യം, ഭക്ഷ്യം, പൊതുവിതരണം, പുതിയതും പുനരുപയോഗിക്കാവുന്നതുമായ ഊർജ്ജം എന്നീ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുന്നതിനൊപ്പമാണ് അദ്ദേഹം വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ചുമതലയും വഹിക്കുക.
കർണാടകയിലെ ധാർവാഡ് മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാംഗമായ പ്രൾഹാദ് ജോഷി, മുൻപ് പാർലമെന്ററി കാര്യം, കൽക്കരി, ഖനനം എന്നീ വകുപ്പുകളുടെ മന്ത്രിയായും മികച്ച രീതിയിൽ സേവനമനുഷ്ഠിച്ചിട്ടുള്ള മുതിർന്ന ബി.ജെ.പി നേതാവാണ്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി പ്രഖ്യാപിച്ചതോടെ ഡൽഹിയിലെ ജന്തർ മന്തറിൽ വിദ്യാർഥികൾ നടത്തി വന്ന ഐതിഹാസിക സമരം അവസാനിപ്പിച്ചു. സമരം നയിച്ച വിദ്യാർഥി സംഘടനകൾ മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങളെല്ലാം കേന്ദ്ര സർക്കാർ അംഗീകരിക്കാൻ തയ്യാറായതോടെയാണ് സമരം പിൻവലിക്കാൻ തീരുമാനമായത്. പരീക്ഷാ ചോർച്ചയുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ ചുമത്തിയ കേസുകൾ പിൻവലിക്കുമെന്നും ഭാവിയിൽ ഇവർക്കെതിരെ നിയമനടപടികൾ ഉണ്ടാകില്ലെന്നും സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്.
ബി.ജെ.പി ദേശീയ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെ.പി നഡ്ഡ ഉൾപ്പെടെയുള്ള നേതാക്കൾ വിദ്യാർഥി പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് നിർണായക തീരുമാനങ്ങളുണ്ടായത്. വിദ്യാർഥികൾക്ക് നൽകിയ ഉറപ്പുകൾ ചൊവ്വാഴ്‌ചയ്ക്കകം സർക്കാർ രേഖാമൂലം നൽകും. കൂടാതെ പരീക്ഷാ അട്ടിമറിയെത്തുടർന്നുണ്ടായ പ്രതിസന്ധികളിൽ ആത്മഹത്യ ചെയ്‌ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് നിയമപരമായി നൽകാൻ കഴിയുന്ന പരമാവധി സാമ്പത്തിക സഹായം നൽകുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്.
ബിജെപി പ്രവർത്തകർക്ക് ഏതൊരു പദവിയേക്കാളും ഉപരിയായി രാജ്യവും യുവാക്കളും വിദ്യാർത്ഥികളുമാണ് പ്രധാനമെന്നും, ധർമ്മേന്ദ്ര പ്രധാന്റെ രാജി ഈ തത്ത്വമാണ് തെളിയിക്കുന്നതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എക്സിൽ കുറിച്ചു. മോദി സർക്കാർ രാജ്യത്തെ യുവാക്കളുടെ വികാരങ്ങളെ മാനിക്കുന്നുണ്ടെന്നും ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ ആവശ്യമായ പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും അമിത് ഷാ പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി എന്ന നിലയിലുള്ള ധർമ്മേന്ദ്ര പ്രധാന്റെ സേവനങ്ങളെയും അമിത് ഷാ പ്രശംസിച്ചു. ദേശീയ വിദ്യാഭ്യാസ നയം കാര്യക്ഷമമായി നടപ്പിലാക്കൽ, മാതൃഭാഷകളിൽ പരീക്ഷകൾ നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ, പിഎം ശ്രീ സ്കൂളുകളുടെ വിപുലീകരണം, ഡിജിറ്റൽ വിദ്യാഭ്യാസം, നൈപുണ്യ വികസനം, വ്യവസായ-അക്കാദമിക് ഏകോപനം എന്നിവ ശക്തിപ്പെടുത്തുന്നതിൽ പ്രധാൻ വലിയ പങ്കുവഹിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജിക്ക് പിന്നാലെ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ, വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ എന്നിവർക്കൊപ്പം അമിത് ഷാ പ്രധാന്റെ വസതി സന്ദർശിച്ച് പിന്തുണ അറിയിച്ചു. പ്രധാൻ മികച്ച രീതിയിലാണ് മന്ത്രാലയം ഭരിച്ചതെന്നും രാജ്യത്തെ വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ അദ്ദേഹത്തിന് സാധിച്ചുവെന്നും ബി ജെ പി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ അഭിപ്രായപ്പെട്ടു. പൊതുജീവിതത്തിലെ ഉന്നത മൂല്യങ്ങളും നിസ്വാർത്ഥ സേവനവുമാണ് അദ്ദേഹത്തിന്റെ രാജിയെന്നും പാർട്ടി പൂർണ്ണമായി പ്രധാനൊപ്പം നിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ധർമ്മേന്ദ്ര പ്രധാന്റെ ദീർഘകാലത്തെ പൊതുപ്രവർത്തനവും സേവനവും മാതൃകാപരമാണെന്നാണ് കേന്ദ്രമന്ത്രി കിരൺ റിജിജു അഭിപ്രായപ്പെട്ടത്. ദശലക്ഷക്കണക്കിന് വരുന്ന വിദ്യാർത്ഥികളുടെ ക്ഷേമത്തിന് മുൻഗണന നൽകിയാണ് അദ്ദേഹം പ്രവർത്തിച്ചതെന്നും കേന്ദ്ര മന്ത്രിസഭയിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും റിജിജു എക്സിൽ കുറിച്ചു. വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ കാട്ടിയ ധൈര്യത്തിനും ആത്മാർത്ഥതയ്ക്കും നന്ദി അറിയിച്ച റിജിജു, പ്രധാന്റെ ഭാവി പ്രവർത്തനങ്ങൾക്ക് ആശംസകളും നേർന്നു.

